spot_img
Monday, June 29, 2026
Home Blog Page 466

കാറിലെ ഏസി നമ്മളറിയാതെ കൊടുംവില്ലനാകുന്നത് ഇങ്ങനെ…!

0

നടൻ വിനോദ് തോമസിന്റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് മലയാളികള്‍. വിനോദ് തോമസിനെ ഇന്നലെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ മരണകാരണം പുറത്തുവന്നിരിക്കുന്നു. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് നടന്‍റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. മരണത്തെ തുടർന്ന് പൊലീസ് വിനോദിന്റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. നിർത്തിയിട്ട കാറിലെ ഏസി എങ്ങിനെയാണ് വില്ലനാകുന്നത്? അത്തരം അപകടസാധ്യതകൾ ഒഴിവാക്കാൻ എന്തുചെയ്യണം? ഇതാ അറിയേണ്ടതെല്ലാം

നമ്മളില്‍ പലർക്കും കാര്‍ ഒരു വാഹനം മാത്രമല്ല. അത് ഒരു മൊബൈൽ‌ ബെഡ് പോലെയാണ് നമ്മളില്‍ പലരും പലപ്പോഴും കാര്‍ ഉപയോഗിക്കുന്നത്. പ്രൊഫഷണൽ ഡ്രൈവർമാരടക്കം കാറില്‍ കിടന്ന് മയങ്ങുന്നവര്‍ ധാരാളമുണ്ട്. കാറില്‍ കിടന്നുറങ്ങുമ്പോള്‍ കൂടുതല്‍ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഡോര്‍ ഗ്ലാസ്സ് എല്ലാം ഉയര്‍ത്തിയിട്ട് എയർ കണ്ടീഷനിങ്ങ് (എസി) പ്രവര്‍ത്തിപ്പിക്കാന്‍ പലരും ഇഷ്ടപ്പെടുന്നു. അടുത്തകാലത്ത് ഇത്തരം അപകടങ്ങള്‍ കൂടുകയാണ്. നോയിഡയില്‍ അടുത്തിടെ ഒരു യുവാവിന് ഇത്തരത്തില്‍ ജീവൻ നഷ്‍ചടമായിരുന്നു. 2019-ൽ ചെന്നൈയിലെ ഒരു കാര്‍ ഡ്രൈവർ വണ്ടിക്കുള്ളില്‍ ശ്വാസംമുട്ടി മരിച്ചു, എസി ഓണാക്കി ഉറങ്ങുകയും ജനാലകൾ അടയ്ക്കുകയും ചെയ്തിരുന്നു. കാർ പരിശോധിച്ച പൊലീസ് എസി വഴി കാറിലേക്ക് ചോർന്ന കാർബൺ മോണോക്സൈഡ് ആണ് മരണകാരണം എന്ന് കണ്ടെത്തി. 

വിവിധ റിപ്പോർട്ടുകൾ പ്രകാരം, കാറിന്‍റെ എഞ്ചിനിൽ നിന്ന് പുറത്തിറങ്ങിയ വിഷവാതകങ്ങൾ – പ്രധാനമായും കാർബൺ മോണോക്സൈഡ് ശ്വസിച്ച് ശ്വാസംമുട്ടി മരികക്കുകയാണ് ഉണ്ടായത്. ഈ വാതകം വാഹനത്തിന്‍റെ ക്യാബിനിലേക്ക് എസി വെന്റ് വലിച്ചെടുക്കുകയും ഉള്ളിലുള്ളവരെ ഉറക്കത്തിൽ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
ഒരു എഞ്ചിന്‍റെ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളിലെ പ്രധാന ഘടകം കാർബൺ മോണോക്സൈഡും മറ്റ് വിഷവാതകങ്ങളുമാണ്. കാർബൺ മോണോക്സൈഡ്, അടഞ്ഞ സ്ഥലങ്ങളിൽ വലിയ അളവിൽ കടന്നെത്തിയാല്‍ മാരകമായിത്തീരും. അടിസ്ഥാനപരമായി, കാർബൺ മോണോക്സൈഡ് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറച്ചുകൊണ്ടുവന്ന് മരണത്തിലേക്ക് നയിക്കുന്നു.

ഒരാള്‍ വലിയ അളവിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുമ്പോൾ അത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു, കാരണം രക്തകോശങ്ങൾ പെട്ടെന്ന് ഓക്സിജൻ പുറന്തള്ളുന്നു. ശരീരത്തിലെ ഓരോ കോശത്തിനും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്. കാർബൺ മോണോക്സൈഡുമായി സമ്പർക്കം പുലർത്തുമ്പോൾ ഹീമോഗ്ലോബിനിലെ ഓക്സിജനെ കാർബോക്സിഹെമോഗ്ലോബിൻ ആക്കി മാറ്റുന്നു, ഇത് കോശങ്ങളെ നശിപ്പിക്കുകയും കോശകലകളുടെ പ്രവർത്തനം തടയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഹൈപ്പോക്സിയ എന്ന് വിളിക്കുന്നു, ഇത് ആളുകളില്‍ കടുത്ത തലവേദന, തലകറക്കം, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകുന്നു. ആള്‍ ഉണർന്നിരിക്കുന്നുവെങ്കിലോ  ബോധമുണ്ടെങ്കിലോ കാറിനുപുറത്തിറങ്ങി രക്ഷപ്പെടാം. പക്ഷേ, അവർ മയക്കത്തിലോ മദ്യലഹരിയിലോ ആണെങ്കില്‍ വിഷവാതകം അകത്തുചെല്ലുന്നത് അവര്‍ അറിയാതെ പോകും. അതൊരു നിശബ്ദ മരണത്തിലേക്ക് നയിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. 

നിർഭാഗ്യവശാൽ, എക്‌സ്‌ഹോസ്റ്റ് പുകകൾക്ക് തിരിച്ചറിയാൻ കഴിയുന്ന ദുർഗന്ധം ഉണ്ടെങ്കിലും, കാർബൺ മോണോക്സൈഡ് ദുർഗന്ധമില്ലാത്ത വാതകമാണ്. അതുകൊണ്ട് അടഞ്ഞ സ്ഥലത്ത് ഇത് എത്രമാത്രം ശ്വസിക്കുന്നുവെന്ന് മനസിലാക്കാൻ പ്രയാസമാകും. ഗാരേജുകളിലായാലും ബേസ്മെന്‍റുകളിലായാലും, എഞ്ചിൻ കൂടുതൽ നേരം പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് നമ്മള്‍ എല്ലായ്പ്പോഴും ജാഗ്രത പാലിക്കണം.

എ സി-യ്ക്ക് തകരാറുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാമെന്നും വിദഗ്ധർ പറയുന്നു. എ സി പഴയതോ കേടുവന്നതോ ആണെങ്കില്‍, വായുസഞ്ചാരസംവിധാനം തകരാറിലാകുകയും ഉള്ളില്‍ ശുദ്ധ വായു വേണ്ടത്ര നിറയുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. ഇതോടെ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങള്‍ നിറയുന്നു. 

പൂർണ്ണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ്ണമായ ജ്വലനം നടക്കുമ്പോൾ, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്സിജന്റെ അഭാവത്തിൽ  ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാദ്ധ്യത ഉണ്ട്. ഇങ്ങനെ  ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ഏകദേശം  30,000 parts per million (ppm)  കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം ഉണ്ടാകും. 

ഇത് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ’ എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാർബർ ഡൈ ഓക്സൈഡ് ആക്കി മറ്റും. സാധാരണ ഗതിയിൽ  കാറുകളിൽ ഇത് യാതൊരു പ്രശനവും ഉണ്ടാക്കാറില്ല. എന്നിരുന്നാലും, തുരുമ്പിച്ചോ, മറ്റു  കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ  ‘ക്യാറ്റലിറ്റിക്ക് കോൺവെർട്ടറിൽ’ എത്തുന്നതിനും മുൻപേ കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം പുറത്തേക്കു വരാം. (ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം).

എസി ഓൺ സ്റ്റാറ്റസ് ഉള്ള നിങ്ങളുടെ കാറിന്റെ ഒരു മണിക്കൂറോളം നിഷ്ക്രിയാവസ്ഥ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കും. വാതകം ഉള്ളിൽ കെട്ടിക്കിടന്ന് നിങ്ങളെ കൊന്നേക്കാം. കാർബൺ മോണോക്സൈഡ് വാതകം കാറിനുള്ളിൽ പ്രചരിക്കുന്നു, തൽഫലമായി, നിങ്ങൾ വളരെയധികം ശ്വാസം മുട്ടിക്കാൻ തുടങ്ങും. കുറച്ച് മിനിറ്റിനുള്ളിൽ ഇത് സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ ബോധം നഷ്ടപ്പെടുകയും ശ്വാസതടസ്സം മൂലം കാറിനുള്ളിൽ മരിക്കുകയും ചെയ്യാം.

കാർബൺ മോണോക്സൈഡ് വാതകത്തിന്റെ പ്രധാന പ്രശ്നം, തുടർച്ചയായി ശ്വസിച്ചാൽ ഒരു വ്യക്തിക്ക് സ്വയം തിരിച്ചറിയാൻ കഴിയില്ല എന്നതാണ്. തൽഫലമായി, കാറിനുള്ളിലെ വ്യക്തികൾക്ക് കാറിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്.

ഏസി പരിപാലനം പ്രധാനമാണ്
നിങ്ങളുടെ കാറിന്‍റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എല്ലാ വർഷവും പരിശോധിക്കുക. ദീർഘദൂര യാത്രയ്‌ക്കായി കാർ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ എസി സിസ്റ്റം പരിശോധിച്ച് കേടുപാടുകൾ, തടസ്സങ്ങൾ അല്ലെങ്കിൽ അടഞ്ഞ ഫിൽട്ടറുകൾ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണികൾ നടത്തുക.

യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ കാറിൽ ഉറങ്ങുകയോ അല്ലെങ്കിൽ കൂടുതൽ നേരം അകത്തിരിക്കുകയോ ചെയ്താൽ, കുറച്ചു സമയം വാഹനത്തിൽ നിന്ന് ഇറങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക, ചെറിയ ഇടവേളകൾ എടുക്കുന്നുവെന്ന് ഉറപ്പാക്കുക.

നിര്‍ത്തിയിട്ട കാറില്‍ എസി ഓണാക്കി കിടന്നുറങ്ങുമ്പോൾ, കുറച്ച് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കാൻ വിൻഡോ ഭാഗികമായി തുറന്നുവെക്കുക. കാറിനുള്ളിൽ ഉറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

കാറിനുള്ളിൽ സ്ഥിരമായി ഉറങ്ങുന്ന വ്യക്തികളോടും മുകളിൽ പറഞ്ഞ വിവരങ്ങൾ നിങ്ങൾക്ക് വിശദീകരിക്കാം. നിങ്ങളുടെ വിശദീകരണം ഒരു ആത്മാവിനെ അപകടത്തിൽ നിന്ന് രക്ഷിച്ചേക്കാം!

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0

കോമോറിൻ മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ നിന്ന് ശക്തമായ വടക്ക് – കിഴക്കൻ കാറ്റ് തെക്കേ കിഴക്കൻ ഇന്ത്യയിലേക്ക് വീശുകയാണ്. നവംബർ 22 മുതൽ 24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.

വരും ദിവസങ്ങളിൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലേർട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു.

നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ 5 ജില്ലകളിലാണ് അലേർട്ട്. 22ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. 23ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‘ജാഗ്രത പാലിച്ചാൽ കാശ് കൈയിലിരിക്കും, അല്ലെങ്കിൽ അവർ കൊണ്ടുപോകും’; എടിഎം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

0

സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്. ജാഗ്രത പാലിച്ചാല്‍ മാത്രമേ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍ 1930ല്‍ വിളിക്കുക. ആദ്യ ഒരു മണിക്കൂറിനുള്ളില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു. 

എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ആവശ്യമായ പിന്‍ നമ്പര്‍ എവിടെയും എഴുതി സൂക്ഷിക്കാന്‍ പാടില്ല. പിന്‍ നമ്പര്‍ ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം. നിശ്ചിത ഇടവേളകളില്‍ പിന്‍ നമ്പര്‍ മാറ്റണം. നമ്പര്‍ മറ്റാരെങ്കിലും മനസിലാക്കി എന്ന് സംശയം തോന്നിയാലും പിന്‍ നമ്പര്‍ മാറ്റുക. പെട്ടെന്ന് ഓര്‍ത്തിരിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതുമായ നമ്പറുകള്‍ പിന്‍ നമ്പറാക്കരുത്. വാഹനത്തിന്റെ നമ്പര്‍, ജനനത്തീയതി എന്നിവയും പിന്‍ നമ്പര്‍ ആക്കരുത്. കടകളിലും എടിഎം കൗണ്ടറുകളിലും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അപരിചിതരുടെ സഹായം തേടാന്‍ പാടില്ല. എടിഎം കൗണ്ടറില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അല്ലാതെ മറ്റാരും ഉണ്ടാകുന്നത് ഉചിതമല്ല, മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. എടിഎം പിന്‍ നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ, കാര്‍ഡ് വെരിഫിക്കേഷന്‍ കോഡ്, കാര്‍ഡ് വെരിഫിക്കേഷന്‍ ഡിജിറ്റ്, ഒടിപി മുതലായവ ഒരു കാരണവശാലും ആരുമായി പങ്കുവയ്ക്കരുത്. ബാങ്ക് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടില്ലെന്ന് മനസിലാക്കണം. കാലാവധി കഴിഞ്ഞാല്‍ എടിഎം കാര്‍ഡ് മുറിച്ച് നശിപ്പിക്കണം. എടിഎം ഇടപാടുകളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കിനെയോ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടുക. 

പി-ഹണ്ട്: പത്തുപേര്‍ പിടിയില്‍

സൈബര്‍ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാള്‍ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേര്‍ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്

0

രണ്ടാം ദിവസവും സർവീസുമായി മുന്നോട്ട് പോകാൻ റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത്‌ വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്.അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓ‍ടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.അതേസമയം, തമിഴ്നാട്ടിലേക്ക് കയറിയ റോബിൻ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയിൽ പിഴയ്ക്കൊപ്പം ടാക്സ് കൂടെയാണ് ഈടാക്കിയത്. ടാക്സിനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിൻ മോട്ടോഴ്സ് അടച്ചത്

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

0

ചലച്ചിത്രതാരം വിനോദ് തോമസിനെ കോട്ടയം പാമ്പാടിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വൈകുന്നേരം അഞ്ചരയോടെയാണ് വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. ഇന്നലെ രാവിലെ 11 മണി മുതൽ ഇവിടെ ഉണ്ടായിരുന്ന വിനോദ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ഉള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചു. വാതിൽ തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകർത്താണ് വാതിൽ തുറന്നത്.തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം പോസ്റ്റ്മോർട്ടത്തിലൂടെമാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പാമ്പാടി പൊലീസ് അറിയിച്ചു. അയ്യപ്പനും കോശിയും, ജൂൺ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.കോട്ടയം മീനടം സ്വദേശിയാണ്.

ക്രൂ­ര­ത­യ്­ക്ക് തൂ­ക്കു­ക­യര്‍

0

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആ­ല­ത്തി­ന് വ­ധ­ശി­ക്ഷ. എറണാകുളം പോക്‌­സോ കോടതിയാ­ണ് കേ­സില്‍ ശി­ക്ഷ വി­ധി­ച്ചത്.കൊ­ല­പാ­ത­ക­കു­റ്റ­ത്തി­നാ­ണ് പ്ര­തി­ക്ക് വ­ധ­ശി­ക്ഷ വി­ധി­ച്ച­ത്. സ­മാ­ന­ത­ക­ളില്ലാ­ത്ത ക്രൂ­ര­ത­യ്­ക്ക് പ­രാ­മവ­ധി ശി­ക്ഷ വി­ധി­ക്ക­ണ­മെ­ന്ന പ്രോ­സി­ക്യൂ­ഷന്‍ ആ­വശ്യം കോട­തി അം­ഗീ­ക­രി­ക്കു­ക­യാ­യി­രു­ന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്ര­തി ഒ­രു ദ­യയും അര്‍­ഹി­ക്കു­ന്നി­ല്ലെന്നും കോട­തി പ­റഞ്ഞു.തെ­ളി­വ് ന­ശി­പ്പി­ച്ചതിന് അ­ഞ്ച് വര്‍­ഷം ത­ടവും കു­ട്ടി­ക്ക് ല­ഹ­രി­പ­ദാര്‍­ഥം നല്‍­കി­യ­തി­ന് മൂ­ന്ന് വര്‍­ഷം ത­ട­വുമാണ് വിധിച്ചത്. മൂന്ന് പോക്സോ വകുപ്പുകളിൽ അടക്കം അഞ്ച് ജീ­വ­പ­ര്യ­ന്തവും കോട­തി വി­ധിച്ചു.

അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍ സംഭവം നടന്ന് 110­-ാം ദിവസമാണു ശിക്ഷ വിധിക്കു­ന്നത്. കഴിഞ്ഞ ജൂലൈ 28നാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാഖ് ആലം വീടിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ആലുവ മാര്‍ക്കറ്റിനു പിന്‍വശത്ത് ഉപേക്ഷിച്ചത്.കേസില്‍ പ്രതിക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു

സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിനിമ പ്രദർശനം: ജീവനക്കാരന് സസ്പെൻഷൻ

0

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിപ്പായിലെ ഡ്രൈവർ കം കണ്ടക്ടരായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ്. വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാൽ അവർക്കെതിരെയും നടപടിയുണ്ടാകും.

നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു

0

പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് (61) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. നാളെ രാവിലെ 11 മണിയോടെ മട്ടാഞ്ചേരിയില്‍ ഖബറടക്കം നടക്കും. മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്. ഈ പറക്കും തളിക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മണവാളനായി എത്തിയ ഹനീഫിന്‍റെ കഥാപാത്രം ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ്. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടിട്ടുണ്ട്. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. നൂറിലധികം ടെലിസീരിയലുകളിലും ഹനീഫ് അഭിനയിച്ചിട്ടുണ്ട്. മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ്. സ്കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ താരമായ ഹനീഷ് പിന്നീട് നാടത്തിൽ സജീവമായി. അവിടെ നിന്നുമായിരുന്നു കലാഭവനിലേക്ക് എത്തിയത്. പിന്നീട് ഒട്ടനവധി വേദികളിൽ അദ്ദേഹം മിമിക്രിയും സ്കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്, എന്നിങ്ങനെ രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്. 2022 ഡിസംബറില്‍ ആയിരുന്നു മൂത്തമകൻ ഷാറൂഖിന്റെ വിവാഹം

പ്രിയ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം ഇപ്പോൾ. നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്ത് എത്തുന്നത്. “എന്‍റെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങൾ. അകാലത്തിലുള്ള ഈ ഈ യാത്ര വേണ്ടായിരുന്നു എൻറെ പൊന്നു സഹോദരാ.. വേദനയോടെ ഈ പട്ടാളക്കാരൻ്റെ സല്യൂട്ട് സ്വീകരിച്ചാലും.. പ്രണാമം”, എന്നാണ് മേജര്‍ രവി കുറിച്ചത്. “ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട” എന്നാണ് ദിലീപ് കുറിച്ചത്

പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ

0

സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളില്‍ 273 ജീവന്‍ നഷ്ടപ്പെട്ടു. എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്.

അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണ നിരക്കിൽ ഇനിയും വ്യത്യാസം വരാം. ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-23,296, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 25,633, മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബർ മാസം കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഇക്കാലയളവില്‍ 13 MP-MLA വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്.

എ.ഐ. ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണങ്ങള്‍ കുറഞ്ഞതിനാൽ വാഹന ഇൻഷുറൻസ് പോളിസി തുക കുറയ്ക്കുവാനും തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് അധിക തുക ചുമത്തുവാനും ഇൻഷുറൻസ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാനും ഇൻഷുറൻസ് കമ്പനി മേധാവികളുമായി നവംബർ 15-ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. ബോംബെയില്‍ വച്ച് കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരിക്കും യോഗം.നവംബർ ഒന്നു മുതൽ ഹെവി വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഡ്രൈവർമാർക്കും മുൻനിരയിലെ സഹയാത്രികർക്കും സീറ്റ് ബെൽറ്റും വാഹനത്തിനുള്ളിലും പുറത്തും ക്യാമറകളും നിർബന്ധമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. എം-പരിവാഹൻ എന്ന മൊബൈൽ ആപ്പിലൂടെ വാഹനങ്ങൾക്ക് പിഴയുണ്ടോ എന്ന് അറിയുവാൻ കഴിയും. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ ഓൺലൈനായി ഇ-ചെല്ലാൻ വെബ്സൈറ്റിൽ തന്നെ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തത് മൂലം വിചാരണ നടപടികള്‍ക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളില്‍ പിഴ അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരിട്ട് പിഴ അടയ്ക്കാവുന്നതാണ്.അവലോകന യോഗത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് IPS, കെല്‍ട്രോണ്‍ സി.എം.ഡി. നാരായണ മൂര്‍ത്തി. എൻ.ഐ.സി.യിലെയും ഗതാഗത വകുപ്പിലെയും കെൽട്രോണിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു…

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത ക‌ർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റന്നാൾ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.