spot_img
Sunday, June 28, 2026
Home Blog Page 477

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ

0

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ.

ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ :

🚫 വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.

🚫 മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.

🚫 തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

🚫 അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

🚫രാത്രികാലങ്ങളിൽ GPS സിഗ്‌നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.

🚫 സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

🚫 സിഗ്‌നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

🚫 മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് വച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.

🚫 ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.

🚫 വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.

🚫 ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്‌ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്‌ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

അത്യാവശ്യം വന്നാൽ 112 എന്ന പോലീസ് കൺട്രോൾ റൂമിൽ വിളിക്കാൻ മറക്കേണ്ട.

ശുഭയാത്ര.. സുരക്ഷിതയാത്ര.

#keralapolice

പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

0

തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കൺട്രോൾ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ പിറകിലെ സീറ്റിലായിരുന്നു അജയകുമാർ. ഇടിയുടെ ആഘാതത്തിൽ മുന്നിലോട്ട് വീണ് പോസ്റ്റിൽ വന്നിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 5.50നാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലെ നൈറ്റ് പട്രോളിങ് കഴിഞ്ഞ് വാഹനം ഇന്ധനം നിറക്കാനായി പോവുകയായിരുന്നു. വാഹനത്തിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ അഖിൽ,എസ്ഐ വിജയകുമാർ, പിറകിലെ സീറ്റിൽ അജയകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ച വിജയകുമാർ അമരവിള സ്വദേശിയാണ്. എകെജി സെന്റർ കഴിഞ്ഞുള്ള വളവിലെ ഡിവൈഡറിലുള്ള ഹൈമാസ് ലൈറ്റിന്റെ മുകളിൽ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിൻ്റെ ചില്ല് തകർന്ന് അജയകുമാർ മുന്നോട്ട് തെറിച്ചുവീണ് പോസ്റ്റിലിടിക്കുകയായിരുന്നു. അജയകുമാറിന്റെ നെഞ്ചിനും തലക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് അജയകുമാർ ഉറങ്ങുകയായിരുന്നു

നിപ്പ പോസിറ്റീവ് ആയിരുന്ന നാലു പേരെയും ഡിസ്ചാർജ് ചെയ്തു: മന്ത്രി വീണാ ജോർജ്

0

കോഴിക്കോട് ജില്ലയിൽ നിപ്പ പോസിറ്റീവ് ആയിരുന്ന ഒമ്പത് വയസ്സുള്ള കുഞ്ഞുൾപ്പെടെ നാലു പേരെയും അഞ്ച് ദിവസത്തെ ഇടവേളയിൽ രണ്ടുപ്രാവശ്യം പരിശോധന നടത്തിയത് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് ഗസ്റ്റ് ഹൌസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിപ്പ പ്രോട്ടോകോൾ പ്രകാരം തൊണ്ടയിലെ സ്രവം, രക്തം, മൂത്രം എന്നീ മൂന്ന് സാമ്പിളുകളാണ് പരിശോധിച്ചത്.

ഈ മൂന്ന് സാമ്പിളും നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച നാലു പേരെയും ഡിസ്ചാർജ് ചെയ്തത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒരാളും ഇഖ്റ ഹോസ്പിറ്റൽ ഒരാളും മിംസ് ആശുപത്രിയിൽ കുഞ്ഞ് അടക്കം രണ്ടുപേരുമാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. ഇഖ്‌റയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകൻ നേരത്തെ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചത്. ഇദ്ദേഹം പ്രത്യേക സംവിധാനത്തിൽ ഐസൊലേഷൻ തുടരും. മറ്റുള്ളവർ വീടുകളിലേക്ക് മടങ്ങി.ഈ നാലുപേരും രോഗവിമുക്തരാണ്. പക്ഷേ നിപ്പ പ്രോട്ടോകോൾ പ്രകാരം അടുത്ത 14 ദിവസം ഇവർ ഐസോലേഷനിൽ കഴിയേണ്ടതുണ്ട്. ഐസൊലേഷനിൽ കഴിയുന്നത് പൂർണ്ണ ആരോഗ്യത്തോടെ അവർക്ക് ജീവചര്യകളിലേക്ക് തിരിച്ചു വരുന്നതിനും മറ്റുള്ളവരിൽ നിന്ന് അവർക്ക് അണുബാധ ലഭിക്കാതിരിക്കുന്നതിനും വേണ്ടിയാണ്. ഇവരെ വീട്ടിലേക്ക് വിടുന്നതിനു മുമ്പ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ അവരുടെ വീടുകളിൽ പോയി പൊതുശുചിത്വം ഉൾപ്പെടെയുള്ളവ പരിശോധിച്ചു. രോഗികളുമായി വീഡിയോ കോൾ വഴി സംസാരിച്ചതായി മന്ത്രി പറഞ്ഞു.

നിപ്പാ രോഗബാധയുടെ ആദ്യത്തെ കേസ് നമുക്ക് കണ്ടെത്താൻ കഴിഞ്ഞത് നേട്ടമായി. രോഗം നിപ്പയാണെന്ന് വളരെ വേഗം തിരിച്ചറിയാൻ കഴിഞ്ഞു. ഇതുമൂലം ആദ്യ കേസിൽ നിന്ന് രോഗം പകർന്നവരിൽ നിന്ന് മറ്റുള്ളവർക്ക് പകരാതെ രണ്ടാം തരംഗം ഉണ്ടാവാതെ സൂക്ഷിക്കാൻ കഴിഞ്ഞു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നിപ്പ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള 568 പേർ ഐസൊലേഷനിൽ ഉണ്ട്. ഇവരുടെ ഐസൊലേഷൻ ഒക്ടോബർ അഞ്ചിന് അവസാനിക്കും. സമ്പർക്ക പട്ടികയിലുള്ള 81 പേരെ വെള്ളിയാഴ്ച ഐസൊലേഷനിൽനിന്ന് ഒഴിവാക്കി. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 26 വരെ ഉണ്ടാവും. ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും അണുബാധ ആർക്കെങ്കിലും ഉണ്ടാവുന്നുണ്ടോ എന്നതിനുള്ള സർവൈലൻസ് ഉണ്ടാവും.രോഗം കണ്ടെത്തിക്കഴിഞ്ഞ് ഒരാളുടെ പോലും ജീവൻ നഷ്ടമായില്ല എന്നത് പ്രധാനമാണ്. ഇവിടെ മരണനിരക്ക് 33 ശതമാനം ആണ്. സാധാരണ നിപ്പയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിൽ ആണ്. നിപ്പയാണെന്ന് കണ്ടെത്തി അവർക്ക് ആന്റി വൈറൽ മരുന്നുകൾ കൊടുത്തത് കൊണ്ടാവാം അവർ സാധാരണ നിലയിലേക്ക് വന്നത്. കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളുടെ കമ്മ്യൂണിറ്റി സർവൈലൻസ് തുടരും. ഏകാരോഗ്യത്തിന്റെ ഭാഗമായി അതിന്റെ ജില്ലയിലെ അധ്യക്ഷയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. മൃഗങ്ങൾ അസാധാരണമായി ചത്തുപോകുന്ന സാഹചര്യം ഉൾപ്പെടെ ഇതിലൂടെ പഠനവിധേയമാക്കാൻ കഴിയും. ജില്ലക്ക് പ്രത്യേകമായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.എൻ ഐ വി പൂനെയുടെ മൊബൈൽ ലാബ് ഇവിടെ പ്രവർത്തിക്കുന്നതായും അവർ പരിശീലനം നൽകുന്നതായും പറഞ്ഞു. ഒക്ടോബർ ഏഴു വരെ അവർ ഇവിടെ തുടരുകയും ചെയ്യും.ട്രൂ നാറ്റ് പരിശോധന സംവിധാനം തുടരുമെന്നും മന്ത്രി പറഞ്ഞു. കൺട്രോൾ റൂമിൽ നടന്ന നിപ്പ അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു.–

ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

0

സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും   ‌‌കാമറ സ്ഥാപിക്കാൻ നേരത്തെ നൽകിയ സമയപരിധി  ശനി വരെയായിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു.

രണ്ടായിരം രൂപ നോട്ട് ഇപ്പോഴും കയ്യിലുണ്ടോ? തിരികെ കൊടുക്കാനുള്ള സമയപരിധി എപ്പോൾ? നോട്ടുകൾ എങ്ങനെ മാറാം?

0

രണ്ടായിരം രൂപ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മെയ് 19 ന് ആണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബർ ഒന്നു വരെയുള്ള കണക്ക്. നോട്ടു നിരോധനത്തെ തുടർന്ന് ആണ് 2000 രൂപ നോട്ട് റിസർവ്ബാങ്ക് ലഭ്യമാക്കിയത്. 2018 -19 സാമ്പത്തിക വർഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. അതേസമയം നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടിയേക്കുമെന്ന സൂചനകളും നിലവിലുണ്ട്. 

2023 മെയ് 19-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്

എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. ബാങ്ക് അക്കൗണ്ട് ഉള്ള ആളുകൾക്ക് അവരുടെ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് റിക്വിസിഷൻ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആർബിഐ മാർഗനിർദേശങ്ങൾ പറയുന്നു.

അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകൾ മാറ്റാമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, 2000 രൂപയുടെ നോട്ടുകൾ മാറ്റുന്നതിന് പരിധിയുണ്ട്. ഒരു വ്യക്തിക്ക് ഒരു സമയം പത്ത്‌ 2000 രൂപ നോട്ടുകൾ വരെ മാറ്റാം. 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്.

2000 രൂപ നോട്ട് എങ്ങനെ ബാങ്കിൽ മാറ്റാം?
2023 മെയ് 23 മുതൽ ഏതൊരു വ്യക്തിക്കും 2000 രൂപ നോട്ടുകൾ അടുത്തുള്ള ഏത് ബാങ്ക് ശാഖയിലും മാറ്റാം.

2000 നോട്ടുകളുടെ നിക്ഷേപ പരിധി
ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകൾക്ക് നിക്ഷേപ പരിധിയില്ലെന്ന് ആർബിഐ  വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, പൊതുവായ കെ‌വൈ‌സിയും മറ്റ് ക്യാഷ് ഡെപ്പോസിറ്റ് നിയമാനുസൃത മാനദണ്ഡങ്ങളും ബാധകമാകും. 

പ്ലസ് ടു വിദ്യാർഥിനിയെ രണ്ടുവർഷമായി പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ

0

കോഴിക്കോട്: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത സഹോദരിയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ താമരശ്ശേരിയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെയാണ് സഹോദരന്‍ പീഡിപ്പിച്ചത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ രണ്ടുവർഷമായി വീട്ടില്‍വെച്ച്‌ സഹോദരന്‍ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. സഹോദരൻ പീഡിപ്പിക്കുന്ന വിവരം അടുത്ത കൂട്ടുകാരിയോടാണ് പെൺകുട്ടി പറഞ്ഞത്.

ഇതേത്തുടർന്ന് കൂട്ടുകാരി സ്‌കൂളിലെ ഒരു അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപിക പെൺകുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് രണ്ടുവർഷമായി പീഡിപ്പിക്കപ്പെടുന്ന കാര്യം തുറന്നു പറഞ്ഞത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു.

ചൈല്‍ഡ് ലൈനാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സഹോദരൻ കസ്റ്റഡിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. താമരശേരി കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സ്വകാര്യ ഓർഡിനറി ബസ്സുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു; മന്ത്രി ആന്റണി രാജു

0

സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ചു വിഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്. കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടുവർഷം വർദ്ധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

സുരക്ഷിതമാക്കാം മഴക്കാല യാത്രകള്‍; ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങള്‍

0

മഴക്കാല യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്. മഴക്കാലത്ത് കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമം. എന്നാല്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാന്‍ സഹായിക്കുമെന്ന് എംവിഡി അറിയിച്ചു. റോഡിലെ വെള്ളക്കെട്ടിന് മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അപകടകരമായ ജലപാളി പ്രവര്‍ത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. 

മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീന്‍ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകും. മാത്രമല്ല, ഈര്‍പ്പം മൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ നമ്മുടെ വാഹനം നില്‍ക്കണമെന്നില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇങ്ങനെ: 
1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.
2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹാസാര്‍ഡസ് വാണിംഗ് ലാംപ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.
3. മഴക്കാലത്ത് സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കും.
4. മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. 
5. വെള്ളക്കെട്ടിലൂടെ പോകേണ്ടി വരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം. 
6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക.
8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും, വേഗത കൂട്ടാതെ സമയം കണക്കാക്കി മുന്‍കൂട്ടി യാത്രതിരിക്കുക.
9. പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക.
10. മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
11. വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

കൈകാണിച്ചിട്ട് നിർത്തിയില്ല; പിന്തുടർന്ന് പിടികൂടിയത് ന്യൂ ജൻ മയക്ക് മരുന്ന്: മൂന്നുപേർ പിടിയിൽ

0

കോഴിക്കോട്: ഫറോക്ക് ഭാഗത്തേക്ക് വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാം ന്യൂ ജൻ മയക്ക്മരുന്നുമായി മൂന്നുപേർ പിടിയിൽ. ഫറോക്ക് സ്വദേശികളായ നല്ലൂർ പ്രജോഷ് പി (44) ഫാറൂഖ് കോളേജ് അഭിലാഷ് കെ (26) കൊളത്തറ സ്വദേശി ബിനീഷ് പി (29)എന്നിവരെ കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നല്ലളം ഇൻസ്‌പെക്ടർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ അതിവേഗത്തിൽ പോയ കാർ അരീക്കാട് ജംഗ്ഷനിൽ വച്ച് പോലീസ് തടഞ്ഞു നിർത്തി സ്റ്റേഷനിൽ കൊണ്ട് വന്നു. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ കാറിന്റെ ഉള്ളിൽ വെച്ച ക്യാമറ ലൈറ്റ് സ്റ്റാന്റിന്റെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച 100 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് ലഹരി മരുന്ന് ഇവർ കൊണ്ട് വന്നത്. വിവാഹ പാർട്ടിക്ക് വേണ്ടി ബാഗ്ലൂരിൽ ഫോട്ടോ ഷൂട്ട് ചെയ്യാൻ പോയി വരികയാണെന്ന വിശ്വാസം വരുത്താൻ കാറിൽ ക്യാമറ, ലൈറ്റുകൾ, വയർ, ലൈറ്റ് സ്റ്റാന്റ് എന്നിവ ഉണ്ടായിരുന്നു.പിടികൂടിയ ലഹരി മരുന്ന് ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടുവന്നെന്നും കൂടുതൽ അന്വഷണം നടത്തിയാലെ മനസിലാക്കാൻ സാധിക്കുവെന്ന് നല്ലളം ഇൻസ്‍പെക്ട്ടർ കെ.എ ബോസ് പറഞ്ഞു. പിടിയിലായ ലഹരി മരുന്നിന് വിപണിയിൽ നാല് ലക്ഷം രൂപ വിലവരും. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുറഹിമാൻ , കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്, നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ റിഷാദലി, രവീന്ദ്രൻ, ശ്രീനിവാസൻ, മനോജ്, ശശീന്ദ്രൻ, എ.എസ്.ഐ. ദിലീപ് സി.പി. ഒ അരുൺ ഘോഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പരിക്ക്

0

കൽപ്പറ്റ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. നടവയലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. ഫയർഫോഴ്സ്അം ഗങ്ങളും പോലീസും രക്ഷാപ്രവർത്തനം നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.