spot_img
Sunday, June 28, 2026
Home Blog Page 476

ആമസോണ്‍ പ്രൈമിനെ വെല്ലാന്‍ ഫ്ലിപ്കാര്‍ട്ടിന്റെ തുറുപ്പുചീട്ട്; അതും മൂന്നിലൊന്ന് വിലയില്‍

0

ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക വ്യാപാരോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു കമ്പനികളും തമ്മിലുള്ള മത്സരം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. ഉപയോക്താക്കള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന ആമസോണ്‍ പ്രൈമിന് സമാനമായി പുതിയ സംവിധാനം ഒരുക്കുകയാണ് ഫ്ലിപ്കാര്‍ട്ട്. ആമസോണ്‍ വിഐപി എന്നാണ് പേരിട്ടിരിക്കുന്നത്. ബിഗ് ബില്യന്‍ ഡേ സെയിലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഫ്ലിപ്കാര്‍ട്ട് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

തുടക്കത്തിലെ ഓഫറെന്ന നിലയില്‍ 499 രൂപയാണ് ഫ്ലിപ്കാര്‍ട്ട് വിഐപിക്ക് ഈടാക്കുന്നത്. ആമസോണ്‍ പ്രൈം ആരംഭിച്ചപ്പോഴും ആദ്യകാലങ്ങളില്‍ ഇതേ തുക തന്നെയായിരുന്നു. എന്നാല്‍ നിലവില്‍ ഇതിന്റെ മൂന്നിരട്ടിയോളം തുകയാണ് ഇപ്പോള്‍ ആമസോണ്‍ പ്രൈമിന് കൊടുക്കേണ്ടത്. ഫ്ലിപ്കാര്‍ട്ട് വിഐപി സബ്സ്ക്രിപ്ഷന്‍ നിരക്കും ഭാവിയില്‍ ഉയര്‍ത്തിയേക്കും. സെയിലുകളില്‍ നേരത്തെയുള്ള പ്രവേശനവും അധിക വിലക്കുറവുകളും ഉള്‍പ്പെടെ ആമസോണ്‍ പ്രൈമിലൂടെ ലഭിക്കുന്ന ഓഫറുകളാണ് ഫ്ലിപ്കാര്‍ട്ടും വിഐപിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തെരഞ്ഞെടുക്കപ്പെട്ട ഏരിയയില്‍ ഓര്‍ഡറുകള്‍ അതേ ദിവസമോ തൊട്ടടുത്ത ദിവസമോ ഡെലിവറി ചെയ്യും. എന്നാല്‍ മറ്റ് പ്രദേശങ്ങളിലെ കാര്യം വ്യക്തമല്ല. നിലവില്‍ ഫ്ലിപ്കാര്‍ട്ട് അതേ ദിവസത്തെ ഡെലിവറി സേവനം വാഗ്ദനം ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ പ്രൈമിലൂടെ ആമസോണിനുണ്ടായിരുന്ന മേല്‍ക്കൈ ഇതോടെ ഫ്ലിപ്കാര്‍ട്ട് കൂടി നേടുകയാണ്.

ഇതിന് പുറമെ റിട്ടേണുകള്‍ അതിവേഗം തിരിച്ചെടുക്കുന്ന സേവനവും ഫ്ലിപ്കാര്‍ട്ട് വിഐപി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ റിട്ടേണുകള്‍ 48 മണിക്കൂറിനകമാണ് തിരിച്ചെടുക്കുന്നത്. വിഐപി സേവനം തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കാനും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രത്യേക ഏജന്റിന്റെ സേവനം ലഭിക്കും. എന്നാല്‍ ആമസോണ്‍ പ്രൈമിലെ പ്രൈം വീഡിയോ, മ്യൂസിക്, ഗെയിമിങ്, റീഡിങ് സേവനങ്ങള്‍ക്ക് പകരം ഫ്ലിപ്കാര്‍ട്ട് വിഐപിയില്‍ ഒന്നുമില്ല. എന്നാല്‍ ക്ലിയര്‍ട്രിപ്പ് വഴി ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ നാമമാത്രമായ തുകയ്ക്ക് റീഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യമുണ്ടാവും.

ചലച്ചിത്ര ഗാനരചയിതാവും നാടന്‍പാട്ട് രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

0

തൃശൂര്‍: മലയാള ചലച്ചിത്ര ഗാനരചയിതാവും നാടന്‍പാട്ട് രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ്(65 ) അന്തരിച്ചു.350 ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്.അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം.ഇരുന്നൂറോളം പാട്ടുകള്‍ ഇദ്ദേഹം കലാഭവന്‍ മണിക്കുവേണ്ടി രചിച്ചു. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ അടക്കം കലാഭവന്‍ മണി പാടി ജനപ്രിയമാക്കിയ നിരവധി പാട്ടുകളുടെ പിന്നില്‍ ഇദ്ദേഹമായിരുന്നു.

സിനിമയ്ക്ക് വേണ്ടിയും അറുമുഖന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശമാധവനിലെ ഈ എലവത്തൂര്‍ കായലിന്റെ, ഉടയോന്‍ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ എന്നിവയുടെ വരികള്‍ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ നടുവത്ത് ശങ്കരന്‍- കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖന്‍, വിനോദ കൂട്ടായ്മകളിലും നാട്ടിന്‍പുറത്തെ ഗാനമേളകളിലും ഗാനങ്ങള്‍ രചിച്ചായിരുന്നു തുടക്കം.

ഫിറ്റ്നെസില്ല, പെര്‍മിറ്റുമില്ല; ‘ആന്‍ഡ്രു’ പിടിയിൽ

0

കല്‍പ്പറ്റ: ഫിറ്റ്നെസും പെര്‍മിറ്റുമില്ലാതെ വയനാട്ടില്‍ നിന്ന് നിറയെ യാത്രക്കാരുമായി എറണാകുളത്തേക്ക് പോകുന്നതിനിടെ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. മാനന്തവാടിയില്‍ നിന്നും 49 യാത്രക്കാരുമായി പോകുകയായിരുന്ന ‘ആന്‍ഡ്രു’ എന്ന ബസാണ് കല്‍പ്പറ്റയില്‍ വെച്ച് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുടെ പിടിയിലായത്. നേരത്തെ സൂപ്പര്‍ക്ലാസ് ശ്രേണിയില്‍ മാനന്തവാടിയില്‍ നിന്ന് സ്ഥിരമായി സര്‍വീസ് നടത്തിയിരുന്നതാണ് ഈ ബസ്. എന്നാല്‍ പിന്നീട് സ്വകാര്യ ബസുകളുടെ സൂപ്പര്‍ക്ലാസ് പദവി റദ്ദാക്കിയിട്ടും ‘ആന്‍ഡ്രു’ ബസ് ലിമിറ്റഡ് സ്‌റ്റോപ് ആയി മാനന്തവാടിയില്‍ നിന്നും സര്‍വ്വീസ് തുടരുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

ദീര്‍ഘദൂര ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന രാത്രികാല പരിശോധനക്കിടെ കഴിഞ്ഞ ദിവസമാണ് അന്‍ഡ്രു ബസ് പിടിയിലായത്. ലിമിറ്റഡ് സ്റ്റോപ് ആയി സര്‍വീസ് നടത്തിയ ഈ ബസ് പെര്‍മിറ്റ് പുതുക്കുകയോ ഫിറ്റ്‌നസ് എടുക്കുകയോ ചെയ്തിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് വെള്ളമുണ്ട-കുറ്റ്യാടി വഴിയായിരുന്നു മുന്‍കാലങ്ങളിലെ സര്‍വ്വീസ്. ഈ റൂട്ടില്‍ പെര്‍മിറ്റില്ലാതെ തന്നെ മാസങ്ങളോളം സര്‍വ്വീസ് നടത്തിയതായി പറയുന്നു. എന്നാല്‍ മറ്റു സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും യാത്രക്കാരും പ്രശ്‌നമുണ്ടാക്കിയതോടെ വെള്ളമുണ്ട – കുറ്റ്യാടി വഴിയുള്ള റൂട്ട് ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് മാനന്തവാടി- പനമരം- കല്‍പ്പറ്റ- താമരശ്ശേരി- കോഴിക്കോട് വഴിയായിരുന്നു എറണാകുളത്തേക്കുള്ള സര്‍വ്വീസ്.140 കിലോമീറ്ററിലധികം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നിലവില്‍ ഓടാന്‍ അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്നിട്ടും കഴിഞ്ഞ മാസം 22ന് ഫിറ്റ്‌നസ് കഴിഞ്ഞ ബസ് നിറയെ യാത്രക്കാരുമായി എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തിയെന്നത് കടുത്ത നിയമ ലംഘനമായാണ് അധികൃതര്‍ കണക്കാക്കുന്നത്. കസ്റ്റഡിയിലെടുത്ത ബസിലെ യാത്രക്കാര്‍ക്ക് മറ്റൊരു ബസില്‍ തുടര്‍യാത്രാ സൗകര്യം ഏര്‍പ്പെടുത്തി

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി, കവർച്ച; യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ

0

കോഴിക്കോട് :ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ. അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.

ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. ഡോക്ടറെ വടിവാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികൾ കവർച്ച നടത്തുകയായിരുന്നു.കഴിഞ്ഞ രാത്രിയിൽ ഇവർ ഡോക്ടറുമായി പരിചയപ്പെട്ടു. ഡോക്ടറുടെ റൂം മനസ്സിലാക്കിയശേഷം പുലർച്ചെ ആയുധവുമായെത്തി ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി 2,500 രൂപ അയപ്പിച്ചു. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്താനായിരുന്നു മോഷണം. പൊലീസ് പിടികൂടാതിരിക്കാൻ അനസും അനുവും ഡൽഹിയിലേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.ഇവരിൽനിന്ന് ബൈക്കുകളും മൊബൈൽ ഫോണുകളും വടിവാളും പൊലീസ് കണ്ടെത്തി. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ കെ.അബ്ദു റഹ്മാൻ, കെ.അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ എസ്ഐമാരായ സിയാദ്, അനിൽകുമാർ, എഎസ്ഐ ഷിജു, രജിത്ത് ഗിരീഷ്, ഷിബു പ്രവീൺ, അഭിലാഷ് രമേശൻ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

എഴുപത്തിൽപരം വ്യാജ ലോൺ ആപ്പുകൾ നീക്കം ചെയ്ത് പോലീസ്

0

എഴുപത്തിൽപരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ്‌ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം…അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്..

#keralapolice#fakeloanapp

മമ്മൂട്ടി നായകനായി തിയറ്ററുകളില്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ നിറഞ്ഞൊടുമ്പോൾ യഥാര്‍ഥ കണ്ണൂര്‍ സ്ക്വാഡിന് അഭിമാന നിമിഷം

0

മമ്മൂട്ടി നായകനായി തിയറ്ററുകളില്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ നിറഞ്ഞോടുമ്ബോള്‍ യഥാര്‍ഥ കണ്ണൂര്‍ സ്ക്വാഡിന് അഭിമാന നിമിഷം.

ഒപ്പം സേനക്കാകെ ബിഗ് സല്യൂട്ട്. കുറ്റാന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്‌ക്വാഡിലെ ഒമ്ബത് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ഇതിവൃത്തം.

റിട്ട. എസ്.ഐ ബേബി ജോര്‍ജ്, എസ്.ഐമാരായ റാഫി അഹമ്മദ് (ജില്ല നാര്‍ക്കോട്ടിക് സെല്‍), എ. ജയരാജന്‍, രാജശേഖരന്‍, സുനില്‍കുമാര്‍, മനോജ് (നാലുപേരും ആന്റി നക്‌സല്‍ സ്‌ക്വാഡ്), റജി സ്‌കറിയ (ഇരിട്ടി സ്റ്റേഷന്‍), വിനോദ് (പാനൂര്‍ സ്റ്റേഷന്‍), വിരമിച്ച ജോസ് എന്നിവരാണ് ആ ഒമ്ബതുപേര്‍. 2013ല്‍ റമദാൻ 26ന് രാത്രിയില്‍ തൃക്കരിപ്പൂരിലെ പ്രവാസി വ്യവസായി സലാം ഹാജി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് തെളിയിച്ചതിനെ കേന്ദ്രീകരിച്ചാണ് സിനിമ. നോമ്ബ് അവസാനം നാട്ടില്‍ എത്തിയതായിരുന്നു സലാം ഹാജി.

ഭാര്യയും മക്കളും ചെറിയ കുട്ടികളും ഉള്‍പ്പെടെയുള്ള വീട്ടുകാരുടെ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ച്‌ ഒരുസംഘം ആക്രമികള്‍ അവരെ മുറിയിലിട്ട് പൂട്ടുന്നു. സലാംഹാജിയുടെ കഴുത്തില്‍ കയറിട്ട് കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി സ്വര്‍ണത്തിനും പണത്തിനും ആവശ്യപ്പെടുന്നു.

ഏറെ പരിശ്രമിച്ചിട്ടും പണം ലഭിക്കില്ലെന്നായതോടെ സലാം ഹാജിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി ആക്രമികള്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ കൈക്കലാക്കി രക്ഷപ്പെട്ടു. സംസ്ഥാനത്തെ നടുക്കിയ ഈ കേസിന്റെ അന്വേഷണത്തിനാണ് കണ്ണൂര്‍ ജില്ല പൊലീസ് മേധാവി സ്‌ക്വാഡിനെ നിയോഗിച്ചത്.

വീട്ടിലെ നിരീക്ഷണ കാമറയും മറ്റും ആക്രമികള്‍ തകര്‍ത്തിരുന്നു. എന്നാല്‍, ഒമ്ബതംഗ സ്‌ക്വാഡ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചു. സലാം ഹാജിയുടെ അകന്ന ബന്ധുക്കളായ ചെറുവത്തൂരിലെ റമീസും നൗഷാദും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. സലാം ഹാജിയുടെ കൈവശം വന്‍തോതില്‍ പണം ഉണ്ടെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍.

അത് തട്ടിയെടുക്കാന്‍ തൃശൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. നിശ്ചിത തുകക്ക് പുറമെ തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച്‌ ദക്ഷിണാഫ്രിക്കയില്‍ ബിസിനസ് തുടങ്ങാമെന്നും അതില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് ഓഹരി നല്‍കാമെന്നും കരാര്‍ ഉണ്ടാക്കിയിരുന്നു. തൃശൂരിലെ അഷ്‌കര്‍, റിയാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ക്വട്ടേഷന്‍ ഏറ്റെടുത്തത്. മുംബൈ, പുണെ എന്നിവിടങ്ങളില്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തി.

ഒടുവില്‍ അലഹബാദില്‍നിന്നാണ് അഷ്‌കറിനെയും റിയാസിനെയും ബേബി ജോര്‍ജും റാഫി അഹമ്മദും ജയരാജനും റെജി സ്‌കറിയയും വിനോദും ജോസും ചേര്‍ന്ന് പിടികൂടിയത്. കേസിലെ എട്ട് പ്രതികളെയും സംഭവം നടന്ന് 21 ദിവസത്തിനകം കണ്ണൂര്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു. പ്രതികളെ കാസര്‍കോട് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഈ സംഭവമാണ് സിനിമക്ക് ആവശ്യമായ ചില മാറ്റങ്ങളോടെ ‘കണ്ണൂര്‍ സ്‌ക്വാഡാ’യി മാറിയത്. സ്‌ക്വാഡിലെ യഥാര്‍ഥ പൊലീസുകാരില്‍ ചിലരുടെ പേരുകള്‍ തന്നെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. സിനിമയുടെ അവസാനം ഒമ്ബത് പൊലീസുകാരുടെയും ഫോട്ടോ അവരുടെ പേരുസഹിതം നല്‍കി, കണ്ണൂര്‍ സ്‌ക്വാഡിന് ഞങ്ങളുടെ ആദരമെന്ന് എഴുതിക്കാണിച്ചിട്ടുമുണ്ട്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തും പലതവണ പൊലീസ് സ്‌ക്വാഡംഗങ്ങളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. എസ്.പിയുടെ സ്‌ക്വാഡ് അതേപടി നിലവില്‍ ഇല്ലെങ്കിലും ആയിരക്കണക്കിന് പ്രമാദമായ കേസ് തെളിയിച്ച സേനാംഗങ്ങള്‍ക്കും പൊലീസ് സേനക്കും ബിഗ് സല്യൂട്ട് നല്‍കുന്നതാണീ സിനിമ.

വാട്സ്ആപ്പിലെ ഏറ്റവും പുതിയ 3 അപ്ഡേറ്റുകൾ അറിഞ്ഞോ? ചിത്രങ്ങൾക്കും വിഡിയോകൾക്കും മറുപടി സംവിധാനം

0

മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ് പുതിയ മറുപടി സംവിധാനം അവതരിപ്പിക്കുന്നെന്നു റിപ്പോർട്ട്. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ ഇതു ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഈ സേവനം ലഭ്യമാകും. , ചിത്രങ്ങൾ, വീഡിയോകൾ, GIF-കൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റ് ഉടനെ രാജ്യാന്തര തലത്തിൽ എല്ലാ വാട്സാപ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം. നിലവിലെ വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾത്തന്നെ വേഗത്തിൽ പ്രതികരണം അറിയിക്കാന്‍ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. സന്ദേശമയയ്ക്കലിലെ തടസങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യമാണത്രെ ഇതിനു പിന്നിൽ.

താമസിയാതെ ‘നീല’യാവാൻ പച്ച ചെക് മാർക്ക്

വാട്സാപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളിൽ അഥവാ ചാനലുകളിൽ ഒരു പച്ച ചെക് മാര്‍ക് ഏവരും കണ്ടിട്ടുണ്ടാകും. അതു ഒരു നീല ചെക് മാർക്കിലേക്കു മാറാൻ പോകുന്നത്രെ. മെറ്റയുടെ ഏകീകൃത സ്വഭാവം വരാനായി ആണത്രെ ഈ മാറ്റം.

സ്റ്റാറ്റസിൽ സമയം ക്രമീകരിക്കാം

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൊണ്ടുവരുന്നുവെന്നു റിപ്പോർട്ട്. 24 മണിക്കൂറും പരമാവധി 2 ആഴ്ചയും തിരഞ്ഞെടുക്കാം. അടുത്തിടെ ടെലിഗ്രാമും ഇത്തരം സമയ പരിധി തിരഞ്ഞെടുക്കാവുന്ന രീതിയിലേക്കു മാറിയിരുന്നു.

വന്യജീവി വാരാഘോഷം: നാളെ മുതല്‍ ഒരാഴ്ച വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

0

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതല്‍ ഒക്ടോബര്‍ 8 വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈഗര്‍ റിസര്‍വുകളിലും പ്രവേശനം സൗജന്യമാണ്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ നല്‍കിവരുന്ന മറ്റു സേവനങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകള്‍ ബാധകമായിരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.

ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രണ്ടിന് രാവിലെ പത്തിന് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണിയും അന്നു തന്നെ നിര്‍വ്വഹിക്കും.

കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി ടി എം അബ്‌ദുറഹ്മാൻ അന്തരിച്ചു

0

കോഴിക്കോട് : കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും എൻഐടി കായികവിഭാഗം റിട്ട. പ്രൊഫസറുമായ ടി എം അബ്‌ദുറഹ്മാൻ (83) അന്തരിച്ചു. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ഫുട്ബോൾ റഫറി ബോർഡ് ചെയർമാനായിരുന്നു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കലിക്കറ്റ് എൻഐടിക്ക്  കായിക മേഖലയിൽ മേൽവിലാസം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കോഴിക്കോട് ആസ്ഥാനമായി സെപ്‌റ്റ് പ്രവർത്തനം ആരംഭിച്ചപ്പോൾ നേതൃനിരയിലുണ്ടായിരുന്നു. എൻഐടി കലിക്കറ്റ് സർവകലാശാലയുടെ ഭാഗമായിരുന്ന കാലത്ത് അന്തർ സർവകലാശാല മത്സരങ്ങളിൽ നിരവധി താരങ്ങളെ സംഭാവന ചെയ്‌തു. നെഹ്റു കപ്പ്  സംഘാടക സമിതി സംഘാടക സമിതി ജനറൽ സെക്രട്ടറിയായിരുന്നു.  ഭാര്യ: പരേതയായ തൈക്കണ്ടി സി കെ പി പാത്തുട്ടി. മക്കൾ: സകീന, സബീന , സി കെ പി ഷാനവാസ്, ഷെമി.

മഴ:ഏറ്റവും പുതിയ അറിയിപ്പ്, രാത്രി 3 ജില്ലകളിൽ കനത്ത മഴ തുടരും

0

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് കനത്തമഴയാണ് അനുഭവപ്പെടുന്നത്. തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിലാണ് ഇന്ന് കനത്തമഴ അനുഭവപ്പെടുന്നത്. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതോട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമാകുകയായിരുന്നു. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളിൽ ശക്തമായി ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറിലും തെക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാത്രി തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നേരിയ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
01.10.2023: പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02.10.2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിർദ്ദേശം
കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ  സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

തീവ്ര ന്യൂനമർദ്ദം കരതൊട്ടു

മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം ഇന്നലെ രാത്രി പൻജിമിനും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചു. കിഴക്ക് – വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കൻ ഒഡീഷക്കും മുകളിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യത. ഇന്ന് (ഒക്ടോബർ 01) ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.