spot_img
Wednesday, June 24, 2026
Home Blog Page 518

‘690കെ സബ്സ്ക്രൈബേഴ്സ്, 757കെ ഫോളോവേഴ്സ്, പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ’ ഷുക്കൂർ വക്കീൽ

0

ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ ‘തൊപ്പി’ എന്ന യൂട്യൂബര്‍ നിഹാദിന്റെ വിശേഷങ്ങൾ ആണ്. ഇയാൾക്ക് ചുറ്റും കൂടുന്ന ജനങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അടുത്തിടെ കണ്ണൂര്‍ സ്വദേശിയായ തൊപ്പി സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തൊപ്പിയ്ക്കെതിരെ നടനും അഭിഭാഷകനും ആയ ഷുക്കൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഷുക്കൂർ വക്കീലിന്റെ വാക്കുകൾ ഇങ്ങനെ

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും. അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബിൽ ഞങ്ങൾ അയാളെ Search ചെയ്തപ്പോൾ 690 K Subscribers. Insta യിൽ 757 K followers. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ. രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവൾ ഫോളോ ചെയ്യുന്നില്ല , ക്ലാസിലെ ചില ആൺ കുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത്.” ഫാത്തിമ നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? “ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ്ഈ പാട്ട്  ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് !തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.
 
ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് തൊപ്പി. വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇയാൾ ഭാ​ഗമാകുന്നത്. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്‍റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്

കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരുക്ക്

0

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം പുറത്തെടുത്തത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.. ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്.

ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എത്ര പേര്‍ കന്പനിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ എന്ന് തെരച്ചില്‍ നടത്തുകയാണ്.  പരിക്കേറ്റ രണ്ടു പേർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 5.30ക്കാണ് അപകടം നടന്നത്. അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റി. അപകടത്തിൽ മരിച്ച അരവിന്ദ് 2 മാസം മുമ്പാണ് ജോലിക്ക് എത്തിയത്. 

സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി; അവസരം ഇതുവരെ മാത്രം

0

രാജ്യത്ത് ഒരു പൗരന്റെ അടിസ്ഥാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യമായുണ്ട്. പത്ത് വർഷമായി ആധാർ എടുത്തിട്ടെങ്കിൽ അത് പുതുക്കാനുള്ള സമയമാണ് ഇത്. മാർച്ച് 15 നാണ് പത്ത് വര്ഷം പൂർത്തിയാക്കിയ എല്ലാ ആധാർ കാർഡുകളും നിരബന്ധമായി പുതുക്കണമെന്ന് സർക്കാർ  പ്രഖ്യാപിച്ചത്. ജൂൺ 14 വരെ ഇത് സൗജന്യമായി നൽകുമെന്ന് പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി അവസാനിച്ചത്. എന്നാൽ ഇനിയും ആധാർ പുതുക്കാത്തവർക്ക് സന്തോഷ വാർത്തയുണ്ട്. സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി  കേന്ദ്രം ഇപ്പോൾ സെപ്റ്റംബർ 14 വരെ നീട്ടിയിരിക്കുകയാണ്.

ഒരു വ്യക്തിയുടെ പേര്, വിലാസം, ആധാറിന്റെ മറ്റ് വിശദാംശങ്ങൾ എന്നിവ സമയപരിധിക്ക് മുമ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. ആധാർ  ഇഷ്യൂ ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിങ്ങളുടെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടി നൽകിയിരിക്കുകയാണ്. 

ഐഡന്റിറ്റി പ്രൂഫ് ആയി ഉപയോഗിക്കുന്നതിനാൽതന്നെ നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് യുഐഡിഎഐ പറഞ്ഞു. സാധാരണയായി, നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ചിലവാകും, എന്നാൽ സെപ്റ്റംബർ 14-ന് മുമ്പ് ഇത് ഔദ്യോഗിക പോർട്ടൽ വഴി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.  ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ സർക്കാർ നൽകിയ മറ്റേതെങ്കിലും രേഖ എന്നിവ പോലുള്ള നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ പ്രസക്തമായ ഏതെങ്കിലും രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:

  • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
  • ‘എന്റെ ആധാർ’ മെനുവിലേക്ക് പോകുക.
  • ‘നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
  • ‘അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്ത്  തുടരുക’ എന്നത് തിരഞ്ഞെടുക്കുക
  • ആധാർ കാർഡ് നമ്പർ നൽകുക
  • ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
  • ‘ഒട്ടിപി നൽകുക
  • ‘ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് പോകുക
  • അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
  • പുതിയ വിശദാംശങ്ങൾ നൽകുക
  • ആവശ്യമുള്ള ഡോക്യൂമെന്റസ്  സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
  • നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
  • ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക

പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച രാവിലെ 11 മുതല്‍ ബുധനാഴ്ച വരെ സ്കൂളുകളില്‍ പ്രവേശനം നേടാം.

അലോട്ട്മെൻറ് വിവരങ്ങള്‍ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയര്‍ സെക്കൻഡറി അഡ്മിഷൻ വെബ് സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെൻറ് ലഭിച്ചവര്‍ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ രക്ഷാകര്‍ത്താവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റര്‍ അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ നിന്ന് പ്രവേശനസമയത്ത് പ്രിൻറ് എടുത്ത് നല്‍കും.

ആദ്യ അലോട്ട്മെൻറില്‍ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്കൂളില്‍ അടക്കാം.

മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെൻറ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കുകയും ചെയ്യാം.

ഇതിനായി പ്രവേശനം നേടുന്ന സ്കൂളില്‍ അപേക്ഷ നല്‍കണം. അലോട്ട്മെൻറ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെൻറുകളില്‍ പരിഗണിക്കില്ല.

കൊച്ചിയിൽ ഫ്ലാറ്റ് ജോലിക്കിടെ പരിചയം സ്ഥാപിച്ചു, കെണിയിൽ വീഴ്ത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

0

കൊച്ചി: യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പടെ രണ്ടു പേരെ അറസ്റ്റു ചെയ്തു. ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ ആണ് തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ്, എം കെ കെ നഗറിൽ പുതുമന വീട്ടിൽ മനീഷ (26) സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ ഹക്ഖസ് നമ്പർ 6/1347 ൽ സുനിൽ (34) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ടൈൽ പണിക്കാരനായ യുവാവ് ഫ്ലാറ്റിൽ ജോലിക്കിടെ ആണ് വീട്ടുജോലിക്ക് നിന്ന മനീഷയെ പരിചയപ്പെടുന്നത്. ഇതിനിടയിൽ മനീഷ യുവാവിൽ നിന്നും 2000 രൂപ കടമായി വാങ്ങിയിരുന്നു. തുടർന്ന് മനീഷ യുവാവിനോട് എറണാകുളം നോർത്തിലുള്ള ലിവ് റീജൻസിയിൽ മുറിയെടുക്കുവാൻ ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് ഇക്കഴിഞ്ഞ 15ന് ഹോട്ടലിൽ മുറിയെടുക്കുകയും, മനീഷയെ കാത്തിരിക്കവെ മനീഷ സുഹൃത്തായ സുനിയുമൊന്നിച്ച് ഹോട്ടലിൽ എത്തുകയും, സുനിയെ മുറിക്കു പുറത്ത് നിറുത്തി മനീഷ റൂമിൽ കയറി വാതിലടക്കുകകയും ചെയ്തു.

അൽപ്പസമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുകയും സുനി അകത്തു കയറി യുവാവിനെ ചവിട്ടി വീഴ്ത്തുകയും ഇടിവള കൊണ്ട് മുഖത്തിടിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചു പറിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആക്രമണം. ബഹളം കേട്ട് റിസപ്ഷനിൽ ഉണ്ടായിരുന്ന ജീവനക്കാർ എത്തി സുനിയെ പിടിച്ചു മാറ്റി. ഇതിനിടയിൽ ഹോട്ടലിൽ നിന്ന് ഓടിപ്പോയ യുവാവ് രാത്രി 8 മണിയോടെ മഞ്ഞുമ്മൽ ആശുപത്രിയിൽ എത്തി ചികിത്സ തേടി. പിന്നാലെ മനീഷ യുവാവിനെ ഫോൺ വിളിച്ച് പ്രശ്നം ഒത്തു തീർക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് മനീഷയേയും സുനിയേയും പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും മാല വിറ്റു കിട്ടിയ പണവും കണ്ടെടുത്തു. തുടർന്ന് പള്ളുരുത്തിയിലെ ജുവല്ലറിയിൽ നിന്നും പ്രതികൾ വിറ്റ മാലയും പൊലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ അനീഷ് ജോയ്, പ്രിൻസിപ്പൽ ഇൻസ്പെക്ടർ കെ പി അഖിൽ, ഇൻസ്പെക്ടർ അനൂപ് , അസി സബ്ബ് ഇൻസ്പെക്ടർ ഷാജി, സജി, രാജേഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, ഇഗ്നേഷ്യസ്, ഷൈജി സിവിൽ പോലീസ് ഓഫീസർ ശ്രീലക്ഷ്മി എന്നിവരാണ് ഉണ്ടായിരുന്നത്.

പുകവലി നിർത്തി കൂട്ടിവച്ചത് 13 ലക്ഷം രൂപ! ആ പണം കൊണ്ട് കാറും വാങ്ങി, ആന്റോയാണ് താരം…

0

തൃശ്ശൂർ∙പുകവലി നിർത്തിയ പണം കൊണ്ടു വാങ്ങിയ കാർ എവിടെ എന്നു ചോദിക്കുന്നവരോട് ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ പൂത്തറയ്ക്കൽ അറയ്ക്കൽ മാറോക്കി ആന്റോ പറയും, അതാ പോർച്ചിൽ കിടക്കുന്നുവെന്ന്. 13 ലക്ഷം വിലയുള്ള കാർ ആന്റണി വാങ്ങിയതു പുകവലി നിർത്തിയതിലൂടെ കിട്ടിയ പണം കൂട്ടിവച്ചാണ്.

വിലകൂടിയ സിഗരറ്റുകൾ തുടർച്ചയായി ഉപയോഗിച്ചിരുന്ന ആന്റോ, 2002ന്റെ പുതുവത്സരാഘോഷത്തിലാണ് പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കുന്നത്.സിഗരറ്റിനായി ചെലവഴിച്ചിരുന്ന പണം മാസം തോറും 2000 രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതു 2011 ലാണ്.സിഗരറ്റിന്റെ വില കൂടുന്തോറും പ്രതിമാസ നിക്ഷേപവും ഉയർന്നുവന്നു. 2017 ആയപ്പോൾ പ്രതിമാസ നിക്ഷേപം 7000 രൂപയായി. നിക്ഷേപം തുടങ്ങി 10 വർഷത്തിനു ശേഷം കിട്ടുന്ന തുകയ്ക്കു കാർ വാങ്ങണമെന്നും തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്വപ്നം നീണ്ടുപോയി. കഴിഞ്ഞ ഡിസംബറിലാണു 13 ലക്ഷം വിലയുള്ള കാർ വാങ്ങിയത്.

ആലപ്പുഴയിൽ ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ, ആൺസുഹൃത്ത് ഓടിരക്ഷപ്പെട്ടു

0

ആലപ്പുഴ: ബൈക്കിലെത്തി മധ്യവയസ്കന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അടൂരിൽ പിടിയിൽ. ആലപ്പുഴ
കൃഷ്ണപുരം സ്വദേശി 27കാരി സരിതയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടരയോടെ അടൂർ 14 ആം മൈലിൽ കട നടത്തുന്ന 61 കാരൻ തങ്കപ്പന്‍റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ആൺസുഹൃത്ത് അൻവർ ഷായും സരിതയും ചേർന്ന് തങ്കപ്പന്‍റെ അടുത്ത് എത്തുകയും മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു.

തങ്കപ്പൻ ഇത് തടഞ്ഞതോടെ പ്രതികൾ ബൈക്കിൽ നിന്നിറങ്ങി തങ്കപ്പനെ മർദിക്കാൻ തുടങ്ങി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അൻവർഷാ ഓടിരക്ഷപ്പെട്ടു. സരിതയെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. കൂട്ടുപ്രതി കായംകുളം സ്വദേശി അൻവർ ഷാ ( 27 ) യെ കൈപ്പട്ടൂരിൽ നിന്നും പൊലീസ് പിടികൂടി. പ്രതികൾ രണ്ടുപേരും ഏറെനാളായി ഒരുമിച്ച് താമസിക്കുന്നവരാണെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.  

‘അപകടകരമായ അഭ്യാസം…’ ബൈക്കിന്റെ പിന്നിലിരുന്ന് നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു പിടിക്കുന്നവരോട് പൊലീസ്

0

തിരുവനന്തപുരം: റോഡിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരക്കാര്‍ അപകടകരമായ അഭ്യാസമാണ് കാണിക്കുന്നതെന്നും അത്തരം ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് പൊലീസ് അറിയിച്ചു. 

കേരള പൊലീസ് കുറിപ്പ്: നിരത്തുകളിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്നു നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അപകടകരമായ അഭ്യാസമാണ് നിങ്ങള്‍ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓര്‍മിപ്പിക്കുന്നു.


അതേസമയം, ഹെല്‍മറ്റ് ശരിയായ രീതിയില്‍ ധരിക്കാത്തവര്‍ക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് രംഗത്തെത്തി. 
എംവിഡി കുറിപ്പ്: അറിവില്ലായ്മയുടെ കിരീടങ്ങള്‍. Ignorance, the root and stem of all evil. ‘Plato’. അജ്ഞത നിഷേധാത്മകമായ പ്രവര്‍ത്തികളിലേക്കും പ്രത്യാഘാതങ്ങളിലേക്കും നയിച്ചേക്കാം, അത് തനിക്കും സമൂഹത്തിനും എതിരായ കുറ്റകൃത്യമായി കണക്കാക്കണം.

ക്യാമറയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മുല്ലപ്പൂ ചൂടുന്ന പോലെ തലയില്‍ ഹെല്‍മെറ്റ് എടുത്ത് തിരിച്ചു വച്ച് യാത്ര ചെയ്യുന്നവരും തലക്കേല്‍ക്കുന്ന ആഘാതം ചെറുക്കുന്ന ഇ പി എസ് ഫോം ഇല്ലാത്ത ചിരട്ട പോലത്തെ ഹെല്‍മറ്റുകളും മറ്റും ധരിക്കുന്നവര്‍ സ്വയം വഞ്ചന ചെയ്യുക മാത്രമല്ല സമൂഹത്തിന്റെ തീര്‍ത്തും തെറ്റായ സന്ദേശ വാഹകര്‍ കൂടിയാണ്. ഇങ്ങനെ ചെയ്യുന്ന രക്ഷിതാക്കള്‍ സ്വന്തം മക്കള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്?. താടി ഭാഗങ്ങള്‍ അടക്കം പൂര്‍ണ്ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂര്‍ണ്ണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹെല്‍മെറ്റ് ഉപയോഗിക്കുക മാത്രമല്ല ഒരു വിരല്‍ കടക്കാവുന്ന ഗ്യാപ്പില്‍ ചിന്‍സ് സ്ട്രാപ്പ് മുറുക്കി ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മാത്രമേ അത് യാത്രകളില്‍ തലയ്ക്ക് സംരക്ഷണം നല്‍കൂ.

റമ്മി കളിച്ച് 50 ലക്ഷം കടം, പെട്രോളുമായി ബാങ്കിലെത്തിയത് കൊള്ളയടിച്ച് കടം തീർക്കാൻ, തൃശൂരിലെ പ്രതിയുടെ മൊഴി 

0

തൃശൂർ : പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയുടെ മൊഴി പുറത്ത്. റമ്മി കളിച്ച് ലക്ഷങ്ങൾ കടം വരുത്തിയെന്നും ഇത് തീർക്കാനാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്നും ലിജോ പൊലീസിനോട് പറഞ്ഞു. കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വലിയ തുകകൾ കടം വാങ്ങി കളിച്ചു. ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപ മൊത്തം ബാധ്യതയുണ്ടായി. വീട് ലോൺ ഇനത്തിൽ 23 ലക്ഷം കടമുണ്ട്. അമ്പത് ലക്ഷത്തിൽ ഭൂരിഭാഗവും റമ്മി കളിച്ച്  നഷ്ടപ്പെടുത്തിയെന്നും പ്രതി മൊഴി നൽകി. മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

അത്താണിയിലെ ഫെഡറല്‍ ബാങ്കില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. കൈയ്യിലൊരു സഞ്ചിയുമായി എത്തിയ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ കന്നാസില്‍ നിന്നും പെട്രോളെടുത്ത്  ജീവനക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആരും അനങ്ങരുതെന്നും ബാങ്ക് കൊള്ളയടിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. അക്രമി ഭീഷണി മുഴക്കുന്നതിനിടെ ജീവനക്കാരില്‍ ചിലര്‍ ബാങ്കിന്‍റെ ഗ്രിച്ച് പൂട്ടി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍  ലിജോയെ കീഴടക്കി. പിന്നീട് ബാങ്കിന് പുറത്തെ പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു. സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ലിജോ വില്ലേജ് അസിസ്റ്റന്‍റാണെന്ന വിവരം പുറത്തുവരുന്നത്. മൂന്നാല് ദിവസമായി ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി വില്ലേജിലെ സഹ പ്രവര്‍ത്തകരും പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിശദാന്വേഷണം നടത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം സജീവമാകും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0

സംസ്ഥാനത്ത് നാളെ മുതല്‍കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഏഴ് ജില്ലകളിലും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എട്ട് ജില്ലകള്‍ക്കും മഴമുന്നറിയിപ്പ് നല്‍കി.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും
സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.