spot_img
Wednesday, November 25, 2026
Home Blog Page 592

പിഎസ്‍സി പരീക്ഷക്കിടെ ആൾമാറാട്ടം!

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ടം നടത്തിയയാള്‍ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. പൊലിസ് അന്വേഷണം തുടങ്ങി.കേരള സർവ്വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടയിലാണ് ആള്‍മാറാട്ടം നടന്നത്.

പരീക്ഷ കേന്ദ്രമായ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ ഉദ്യോഗാർത്ഥികള്‍ ഹാളിൽ കയറി ശേഷം ഗേറ്റടച്ചു. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി.എസ്.സി.വിജിലൻസ് വിഭാഗം ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാള പരിശോധന തുടങ്ങി. ആള്‍മാറാട്ടം തടയാനായിരുന്നു പരിശോധന. ഈ സമയം നേമം സ്വദേശി അമൽജിത്തിൻെറ പേരിൽ പരീക്ഷയെഴുതാനെത്തിയാള്‍ ഇറങ്ങിയോടുകയായിരുന്നു.

പരീക്ഷ ഹാളിൽ നിന്നും മതിൽ വഴി ചാടിയാണ് ആള്‍മാറാട്ടം നടത്തിയാള്‍ രക്ഷപ്പെട്ടത്. അടുത്തിടെയാണ് പിഎസ് സി ബയോമെട്രിക് പരിശോധന തുടങ്ങിയത്. പുറത്തേക്ക് കടന്നയാളിനെ ബൈക്കിലെത്തിയ ഒരാള്‍ കൊണ്ടുപോയെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അമൽജിത്തിനെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജസ്പ്രിത് ബുമ്രക്ക് ചരിത്ര നേട്ടം!

0

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പേസറും സ്വന്തമാക്കാത്ത നേട്ടമാണ് ജസ്പ്രിത് ബുമ്രയെ തേടിയെത്തിയത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതുതന്നെയാണ് ബൗളിംഗ് റാങ്കിംഗില്‍ താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

എന്നാല്‍ അതിനേക്കള്‍ പ്രധാനപ്പെട്ട മറ്റൊരു നേട്ടം കൂടി ബുമ്ര ഉറപ്പിച്ചു. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരിക്കെല്ലെങ്കിലും ഒന്നാം റാങ്കില്‍ എത്തിയ ആദ്യ ബൗളറായിരിക്കുകയാണ് ബുമ്ര. നേരത്തെ ടി20 റാങ്കിംഗിലും ഏകദിനത്തിലും ബുമ്ര ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തുന്ന ആദ്യ താരമല്ല ബുമ്ര. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിംഗ് എന്നിവര്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയവരാണ്. മുന്‍ ഇന്ത്യന്‍ താരം വിരാട് കോലിയും ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ മൂവരും ബാറ്റര്‍മാരായിരുന്നുവെന്ന് മാത്രം.

ഒന്നാമത് ബുമ്ര വന്നതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ആര്‍ അശ്വിൻ മൂന്നാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് റാങ്കിംഗില്‍ രണ്ടാമത്. കരിയറില്‍ മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു ഇതിന് മുമ്പത്തെ ബുമ്രയുടെ ഏറ്റവും മികച്ച റാങ്കിംഗ്. ഒന്നാം സ്ഥാനത്ത് ബുമ്രക്ക് 881 റേറ്റിംഗ് പോയന്റുള്ളപ്പോള്‍ റബാഡക്ക് 851ഉം രണ്ട് സ്ഥാനം താഴേക്കിറങ്ങിയ അശ്വിന് 841 ഉം റേറ്റിംഗ് പോയന്റാണുള്ളത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അശ്വിന് വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഒരു സ്ഥാനം ഇറങ്ങി നാലാമതാണ്.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിച്ചില്ലങ്കിലും ബാറ്റിംഗ് റാങ്കിംഗില്‍ ഒരു സ്ഥാനം ഇറങ്ങിയ ഇന്ത്യയുടെ വിരാട് കോലി ഏഴാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള ഏക ബാറ്ററും കോലിയാണ്. ഒന്നര വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ഋഷഭ് പന്താണ് രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റര്‍. പന്ത്രണ്ടാമതാണ് ഋഷഭ് പന്ത്. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിമൂന്നാം സ്ഥാനത്താണ്. അതേസമയം, ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

കുടുംബശ്രീ കയ്യൊപ്പ് ചാർത്താത്ത  ഒരു സാമൂഹിക മേഖലയുംകേരളത്തിലില്ല: മന്ത്രി എം ബി രാജേഷ്

0

കോവിഡിന്റെ സാഹചര്യത്തിലടക്കം കരുതലിന്റെ പെൺകരുത്ത് തിരിച്ചറിഞ്ഞ സമൂഹമെന്ന നിലയിൽ കുടുംബശ്രീ കയ്യൊപ്പ് ചാർത്താത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ തിരികെ സ്‌കൂളിൽ പരിപാടിയുടെ സമാപനവും ഉപജീവന ക്യാമ്പയിൻ കെ ലിഫ്റ്റ് 24 ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രജതജൂബിലി പിന്നിട്ട അവസരത്തിൽ രണ്ട് പ്രധാന നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പെയ്ൻ എന്ന വിഭാഗത്തിൽ ഏഷ്യ ബുക്ക്ഓഫ് റെക്കോർഡ്‌സ്, ഇൻഡ്യ ബുക്ക് ഓഫ്‌റെക്കോഡ്‌സ് എന്നിവയാണ് ക്യാമ്പയിൻ കരസ്ഥമാക്കിയത്.

ഐതിഹാസികമായ നേട്ടമാണ് തിരികെ സ്‌കൂൾ പരിപാടിയുടെ പങ്കാളിത്തത്തിലൂടെ നേടിയത്. 2023 ഒക്ടോബർ 1നും ഡിസംബർ 31നും ഇടയിൽ അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനിൽ 38, 70,794 വനിതകൾ പങ്കെടുത്തു.

കുടുംബശ്രീ അംഗങ്ങളെ ആവേശഭരിതരാക്കാനും ഊർജം നൽകാനും തിരികെ സ്‌കൂൾ പരിപാടിയിലൂടെ സാധിച്ചു. സമകാലിക വിഷയങ്ങളിൽ നടന്ന ക്ലാസുകൾ പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ സഹായിക്കുന്നതാണ്. മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് നമ്മൾ നടത്തേണ്ടത്. പുതിയ കാലത്ത് ഒരു അയൽക്കൂട്ടം ഒരു ഉപജീവന പദ്ധതി എന്നതാണ് കെ ലിഫ്റ്റിലൂടെ ലക്ഷ്യം വെക്കുന്നത്.

അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്ന സാഹചര്യത്തിൽ അതിൽ സുപ്രധാന പങ്ക് വഹിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. ജറിയാട്രിക് കെയർ, വെജിറ്റബിൾ കിയോസ്‌ക്, കഫേ കുടുംബ ശ്രീ തുടങ്ങിയ പുതിയ സംരഭങ്ങൾ അംഗങ്ങളുടെ വരുമാനം വർധിപ്പിക്കും. കുടുംബശ്രീ സംരഭങ്ങൾക്ക് സംസ്ഥാന സർക്കാർ പൂർണ പിൻതുണയാണ് നൽകുന്നതെന്നും മന്ത്രി  പറഞ്ഞു. ലോകറെക്കോർഡുകളുടെ സർട്ടിഫിക്കറ്റ് കൈമാറൽ, ‘തിരികെസ്‌കൂളിൽ’ സുവനീർ പ്രകാശനം, ഉപജീവന ക്യാമ്പയിൻ ‘കെ ലിഫ്റ്റ് 24’ കൈപ്പുസ്തകത്തിൻറെയും ലോഗോയുടെയും പ്രകാശനം എന്നിവയും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

തിരുവനന്തപുരം ഉദയപാലസ് ഹാളിൽ നടന്ന ചടങ്ങിൽ കുടുംബ ശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യം, ഗീത നസീർ, വിവേക് നായർ തുടങ്ങിയവർ സംബന്ധിച്ചു.

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുഎൻ

0

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ. വിമൺ. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകൾക്കും സഹായകരമായ പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെൻഡർ ബജറ്റ് എടുത്ത് പറയേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും സ്ത്രീകൾ വളരെ മുന്നിലാണെന്നും സംഘം വിലയിരുത്തി. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജുമായി യു.എൻ. വിമൺ സംഘം നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.

സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ത്രി വിവരിച്ചു. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എൻ. വിമൺ, ജെൻഡർ പാർക്കിന് സാങ്കേതിക സഹായം നൽകുന്നതിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ജെൻഡർ പാർക്ക് കേന്ദ്രീകരിച്ചുള്ള തുടർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. സേഫ് സിറ്റി പ്രോജക്ട്, ജെൻഡർ ഡേറ്റാ ഹബ്ബ് എന്നിവയിലും യുഎൻ വിമൺ പിന്തുണ അറിയിച്ചു. ഓൺലൈൻ സ്പേസ്, പബ്ലിക് സ്പേസ് ആയി കണ്ട് അവിടത്തെ പ്രശ്നങ്ങൾ കൂടി പഠിക്കണമെന്ന് യുഎൻ വിമൺ നിർദേശിച്ചു.

യുഎൻ വിമൺ ഇന്ത്യയിലെ പ്രതിനിധി സൂസൻ ഫെർഗുസൻ, യുഎൻ വിമൺ സേഫ് സിറ്റി ഇൻഷ്യേറ്റീവ് ഗ്ലോബൽ അഡ്വൈസർ ലൂറ കാപോബിയാൻകോ, പ്രോഗ്രാം സ്പെഷ്യലിസ്റ്റ് പൗലോമി പൽ, യുഎൻ വിമൺ ഇന്ത്യ സ്റ്റേറ്റ് ടെക്നിക്കൽ കൺസൾട്ടന്റ് ഡോ. പീജാ രാജൻ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

0

തിരുവനന്തപുരം : റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന റസിലിയൻറ്  കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തി. ജനുവരി 29 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന ഇടക്കാല അവലോകനത്തിൻറെ ഭാഗമായാണ് കൂടിക്കാഴ്ച.

പദ്ധതി നിർവ്വഹണത്തിൽ പലയിടത്തും കൈവരിച്ച മികച്ച പുരോഗതിയിൽ സംഘം തൃപ്തി രേഖപ്പെടുത്തി. ചില പദ്ധതികളുടെ പൂർത്തീകരണത്തിലെ കാലതാമസം പരിഹരിക്കാൻ നിർദേശിച്ചു. കോൾനില കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തിൽ  നടപ്പാക്കുന്ന പദ്ധതി സമാനതകളില്ലാത്തതാണെന്നും വലിയ മുന്നേറ്റം ഇക്കാര്യത്തിൽ ഉണ്ടായെന്നും ലോകബാങ്ക് സംഘം അഭിപ്രായപ്പെട്ടു.

2019-27 കാലയളവിലാണ് റസിലിയൻറ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് (ആർ.കെ.ഡി.പി) വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുക. ബജറ്റ് വിഹിതത്തിന് പുറമേ ലോകബാങ്ക്, ജർമൻ ബാങ്ക് തുടങ്ങിയ രാജ്യാന്തര ഏജൻസികളിൽ നിന്ന് ഫണ്ട് സ്വരൂപിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, ലോക ബാങ്ക് പ്രതിനിധികളായ എലിഫ് ഐഹാൻ, ദീപക് സിങ്ങ്, ബാലകൃഷ്ണ മേനോൻ പരമേശ്വരൻ, നട്‌സുകോ കികുടാകെ, വിജയ ശേഖർ കലാവകോണ്ട, എ എഫ് ഡി പ്രതിനിധികളായ ജൂലിയൻ ബോഗ്ലിറ്റോ, ജ്യോതി വിജയൻ നായർ, കെ എഫ് ഡബ്ല്യു പ്രതിനിധികളായ കിരൺ അവധാനുല, രാഹുൽ മൻകോഷ്യ തുടങ്ങിയവർ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസമേഖലയിൽ കേരളവുമായി കൂടുതൽ സഹകരിക്കും; ബജറ്റ് പ്രഖ്യാപനം സ്വാ​ഗതം ചെയ്ത് അമേരിക്കൻ കോൺസുൽ ജനറൽ

ദില്ലി: വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കേരളത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ കോൺസുൽ ജനറൽ ക്രിസ്റ്റഫർ. W. ഹോഡ്ജസ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി കൂടുതൽ സഹകരിക്കുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് പറഞ്ഞു. കേരളത്തിലേക്ക് വിദേശ സർവ്വകലാശാലകളുടെ കടന്നുവരവിന് വഴിയൊരുക്കുന് ബജറ്റ് പ്രഖ്യാപനം ശരിയായ ദിശയിലെ ചുവടുവയ്പ്പെന്ന് പറയുന്നു അമേരിക്കൻ കോണസുൽ ജനറൽ. ഈ മാസം 17ന് വിദേശ സർവ്വകലാശാലകളുടെ പ്രതിനിധി സംഘം കൊച്ചിയിലെത്തുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് പറഞ്ഞു.

കേരളം ശരിയായ തീരുമാനം എടുക്കുന്നതിൽ സന്തോഷമുണ്ട്. അടുത്തയാഴ്ച കൊച്ചി അടക്കം 3 നഗരങ്ങളിൽ 18 യുഎസ് സർവ്വകലാശാലകളുടെ സംഘമെത്തും. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുകയാണ് ലക്ഷ്യം. അമേരിക്കൻ ഭരണത്തിൽ മാറ്റങ്ങൾ വന്നാലും ഇന്ത്യൻ വിദ്യാർത്ഥികളുടെ അവസരത്തെ ദോഷകരമായി ബാധിക്കില്ല. വിവിധ മതവിഭാഗങ്ങളിലുള്ളവർ സൗഹൃദത്തോടെ ജീവിക്കുന്ന നാടാണ് കേരളം എന്ന് മനസ്സിലാക്കാൻ ഡിസംബറിലെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്നും ഹോഡ്ജസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ആദ്യം! നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകി നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ്‌ സർവകലാശാല.  ഇന്നലെ ചേർന്ന സർവകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്. ഇതോടെ നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ്‌ മാറി.

അടുത്ത വർഷം മുതൽ കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും. പുതിയ ബിരുദ പാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകർക്ക് നേരത്തെ ക്ലാസുകൾ നൽകിയിരുന്നു. ഗവേഷണ നിയമാവലി 2023ന്‍റെ ഭേദഗതിക്കും ഇന്ന് ചേർന്ന യോഗം അംഗീകാരം നൽകി. സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതിൽ പ്രധാനം.

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ, എങ്കിൽ വേഗമാകട്ടെ, വില കുത്തനെ കൂടാൻ സാധ്യത!

0

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ, എങ്കിൽ വേഗമാകട്ടെ, വില കുത്തനെ കൂടാൻ സാധ്യത! ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ വിലയിൽ വർധനവുണ്ടായേക്കുമോ? ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാർട്ട്ഫോൺ വില്പനയിൽ മുന്നേറ്റങ്ങൾ അടുത്തയിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവ് രാജ്യത്തെ വിപണിയെയും ബാധിച്ചേക്കുമെന്നാണ് സൂചന.

രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില വർധിച്ചേക്കാൻ സാധ്യതയുണ്ട്. ഇത് പ്രധാനമായും 10000 രൂപയിൽ കുറവ് വിലയുള്ള 5ജി സ്മാർട്ട്ഫോണുകളെ ആയിരിക്കും ബാധിക്കുക. മൈക്രോൺ, സാംസങ് തുടങ്ങിയ കമ്പനികൾ അവരുടെ ഡിറാം (Dynamic Random Access Memory- DRAM) ചിപ്പുകളുടെ വില വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എ.ഐ. ആവശ്യങ്ങൾക്കായി വ്യാപകമായി ഡിറാം ഉപയോഗിക്കുന്നുണ്ട്. അതിനാൽ വരും മാസങ്ങളിൽ ഇവയ്ക്ക് ക്ഷാമം ഉണ്ടായേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് വിൽക്കുന്ന സ്മാർട്ഫോണുകളിലേക്കുള്ള മെമ്മറി ചിപ്പുകളുടെ വിതരണക്കാരാണ് മൈക്രോൺ, സാംസങ് എന്നിവർ. നിലവിലുള്ളതിന്റെ 20 ശതമാനം വർധനവാണ് ഉണ്ടാകാൻ സാധ്യത. ഇത് 2024 പകുതിയോടെ സ്മാർട്ട്ഫോണുകളുടെ വില വർധനവിന് തന്നെ കാരണമായേക്കും.

ട്രെൻഡ് ഫോഴ്‌സ് ഡാറ്റയെ ഉദ്ധരിച്ച് ഇ.ടി. ടെലികോം നൽകിയ റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇതിനു പിന്നാലെ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന പഴയ എൽ.ഡി.ഡി.ആർ4 എക്‌സ് സാങ്കേതിക വിദ്യയുടെ കരാർതുകയിൽ എട്ട് ശതമാനത്തിന്റെ വർധനവും എൽ.ഡി.ഡി.ആർ5, എൽ.ഡി.ഡി.ആർ5എക്‌സ് മെമ്മറിയുടെ കരാർ തുകയിൽ 10 ശതമാനം വരെ വർധനവുമുണ്ടാകും.

വയനാട്ടിൽ വീണ്ടും കടുവാഭീതി; പുല്‍പ്പള്ളിയില്‍ ആടിനെ കൊലപ്പെടുത്തി, ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹം

0

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ നിന്ന് വീണ്ടും കടുവാ ഭീതിയുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. പുല്‍പ്പള്ളി സുരഭിക്കവലയില്‍ എത്തിയ കടുവ ഇത്തവണ ആടിനെയാണ് ആക്രമിച്ചത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സ് ഉള്ള ആടിനെ കൊന്ന്
ഭാഗികമായി ഭക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ ജഡം കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന് സമീപത്ത് വെച്ച് ആക്രമിച്ചത്. കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് കടുവ കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരന്തരമായി കടുവയിറങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് വരുന്നത്.

പരീക്ഷാ ക്രമക്കേട് തടയാൻ പദ്ധതിയിട്ട് കേന്ദ്രം; കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവും 1 കോടി രൂപ വരെ പിഴയും

ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പിഴയും ശിക്ഷയും ലഭിക്കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് അവതരിപ്പിച്ചത്. യുപിഎസ്‌സി, എസ്‌എസ്‌സി, റെയില്‍വേ, നീറ്റ്, ജെഇഇ, സിയുഇടി എന്നിവയുള്‍പ്പെടെ വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പരമാവധി 10 വർഷം വരെ തടവുശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമെന്ന് കണ്ടെത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വർഷം വരെ തടവ് ലഭിക്കും. ഒരു കോടിയില്‍ കുറയാത്ത പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് കാണിക്കുന്നതെങ്കില്‍ അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും.

ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റൻഡ് കമ്മീഷണർ പദവിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരാകണം ഇത്തരം കേസുകള്‍‍ അന്വേഷിക്കണ്ടതെന്നും ബില്ലില്‍ പരാമർ‌ശിക്കുന്നു. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാൻ‌ കേന്ദ്രസർക്കാരിനും അധികാരമുണ്ടാകും. ആള്‍മാറാട്ടം, ഉത്തരക്കടലാസുകളില്‍ കൃത്രിമം കാണിക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവയുള്‍പ്പെടെ 20 കുറ്റകൃത്യങ്ങളും ബന്ധപ്പെട്ടവയുമാണ് ബില്ലിന് കീഴില്‍ വരിക.