മുക്കം:സ്‌കൂള്‍ കെട്ടിടത്തിന്‍റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മുക്കം നഗരസഭയിലെ മുത്തേരി ജിഎല്‍പി സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ സണ്‍ഷേഡിലെ കോണ്‍ഗ്രീറ്റ് അടര്‍ന്നു വീഴുകയായിരുന്നു. മുത്തേരി സ്വദേശിനിയായ അധ്യാപികക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് തലയില്‍ മൂന്ന് തുന്നല്‍ വേണ്ടിവന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം നടന്നത്. ഇതുവഴിയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഉച്ചഭക്ഷണത്തിനായി പോകാറുള്ളത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി; ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി സഫ്ന
കൊച്ചി ∙ യുവതിയോടൊപ്പമുള്ള അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിനെ എതിർത്ത ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച് അവശനാക്കിയ ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി പറവൂർ സ്വദേശി സഫ്ന. കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളെയാണു സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്. ഹോട്ടലിലേക്കു വരാൻ ആദ്യം വിസമ്മതിച്ച യുവാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവരികയായിരുന്നു.
മുറിയിൽ എത്തിയതോടെ സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കുളിമുറിയിൽ ഒളിച്ചിരുന്ന സംഘാംഗങ്ങൾ പുറത്തുവന്നു ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി.യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ് വഴി ബാങ്കിലുള്ള പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അക്കൗണ്ടിൽ അധികം പണമില്ലാതിരുന്നതിനാൽ ശ്രമം വിജയിച്ചില്ല. ഇതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. 22 നു വൈകിട്ട് 6.30നാണു കുറ്റകൃത്യം നടന്നത്. നട്ടെല്ലിനു പരുക്കേറ്റ യുവാവ് ചൊവ്വാഴ്ച പൊലീസിനു പരാതി നൽകി. ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണു പൊലീസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് സഫ്നയുടെ കൂട്ടാളികളായ വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരും കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായി.
കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരന്റെ പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതികളുടെ സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സഞ്ജു ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ചൊവ്വാഴ്ച രാത്രി തന്നെ ജോൺ രാഹുലിനെയും അമലിനെയും നഗരത്തിൽനിന്ന് അറസ്റ്റ് ചെയ്തു. ബുധൻ പുലർച്ചെ കാക്കനാട്ടെ അപ്പാർട്ട്മെന്റിൽ നിന്നാണു സഫ്നയെയും ആനന്ദിനെയും അറസ്റ്റ് ചെയ്തത്. ഇതിനിടയിലാണു സഞ്ജു ഒളിവിൽപോയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്നോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു പരിശോധിക്കുന്നുണ്ട്.കടവന്ത്ര എസ്എച്ച്ഒ മഹേഷ് കുമാർ, എസ്ഐമാരായ സിബി ടി. ദാസ്, ഹരീഷ്, എഎസ്ഐമാരായ ടി.ആർ. രതീഷ്, ഐസിമോൾ, സീനിയർ സിപിഒമാരായ ടോബിൻ പ്രശാന്ത്, പി.എസ്. മനു, ടി.എസ്. ഷിബു, പി.എസ്. അനീഷ്, കെ. ഷിബു രാജ്, കെ.ആർ. രാജേഷ്, ജിതിൻ സദാനന്ദൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ഗാന്ധി. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ കുടുംബമാണ്. നിരവധി സങ്കീര്‍ണതകള്‍ പദ്ധതിക്ക് മുന്നിലുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വീടുകൾ നിർമിക്കുന്നതിന് കുറച്ചധികം സമയം എടുത്തിട്ടുണ്ട്. പല നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ടത് കൊണ്ടാണ് സമയമെടുത്തത്. 100 വീടുകളുടെ നിർമാണം വൈകാതെ പൂർത്തികരിക്കും. 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താനും സഹോദരിയും തമ്മിലൊരു ചെറിയ വാഗ്വാദം നടന്ന സംഭവവും പ്രസംഗമധ്യേ രാഹുൽ ഗാന്ധി പങ്കുവെച്ചു. കഴിഞ്ഞ ദിവസം പ്രിയങ്കയും ഞാനും തമ്മിൽ ചെറിയ വാഗ്വാദം നടന്നു. പിന്നെ പ്രിയങ്ക എന്നോട് പിണങ്ങി. എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ പെട്ടന്ന് ആ പിണക്കം മാറി. അതാണ് വയനാടിൻ്റ മാന്ത്രികത, സ്നേഹം. വൈകാരികമായിട്ടായിരുന്നു രാഹുലിന്‍റെ വാക്കുകള്‍.
പ്രിയങ്ക ഗാന്ധിയാണ് ദുരന്തബാധിതരായ കച്ചവടക്കാർക്ക് 5 ലക്ഷം നൽകുന്നത്. 40 പേർക്കാണ് പ്രിയങ്ക സഹായം നൽകുന്നത്. പ്രിയങ്ക സഹായം നൽകുന്നില്ല എന്ന വിവാദത്തെക്കുറിച്ച് ഷാഫി പറമ്പിൽ എംപി ഓര്‍മിപ്പിച്ചു. പ്രിയങ്ക കച്ചവടക്കാർക്ക് സഹായം പ്രഖ്യാപിച്ച ശേഷം ആണ് സര്ക്കാർ പ്രഖ്യാപിച്ചതെന്നും ഷാഫി പറഞ്ഞു.
വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. വയനാട് ദുരന്തത്തിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവുന്നതല്ല. വയനാടിന് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തു. അതിജീവനത്തായുള്ള വയനാടുകാരുടെ ശ്രമത്തിന് ഒപ്പമുണ്ടാകും. ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്തു പറഞ്ഞാണ് പ്രിയങ്ക സംസാരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
2026ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വികൃതമാക്കുന്നതിനുമെതിരെ കർശന താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ. ഇലക്ഷൻ (ജനറൽ) വകുപ്പ് പുറപ്പെടുവിച്ച (നം-ഇ.എൽ.4/47/2026-ഇലക്ഷൻ) സർക്കുലർ പ്രകാരം, പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
ഫെബ്രുവരി 25ന് പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം, പൊതുവഴികളിലും സർക്കാർ സംവിധാനങ്ങളിലും ചിഹ്നങ്ങൾ വരയ്ക്കുന്നതും പോസ്റ്ററുകൾ പതിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച ‘Manual on Model Code of Conduct’-ന്റെ 12, 16 അധ്യായങ്ങളിലെ നിർദ്ദേശങ്ങളും, 2022 ഒക്ടോബർ 11-ലെ 437/6/ECI/INST/FUNCT/MCC/2022 നമ്പർ നിർദ്ദേശവും മുൻനിർത്തിയാണ് നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയിൽ നടത്തുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവർത്തനങ്ങൾക്ക് പുറമേ, രാഷ്ട്രീയ പാർട്ടികളുടേയും പൊതുജനങ്ങളുടേയും പൂർണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
തിരഞ്ഞെടുപ്പ് സമയങ്ങളിൽ റോഡുകളിൽ വലിയ രീതിയിൽ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പതിവാണെന്നും, ഇത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. പൊതുപണം ഉപയോഗിച്ച് മികച്ച നിലവാരത്തിൽ നിർമ്മിച്ച റോഡുകളിലാണ് ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികൾ നടക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സർക്കാർ കെട്ടിടങ്ങൾ, അവയുടെ പരിസരങ്ങൾ, പാലങ്ങൾ തുടങ്ങിയ സിവിൽ നിർമ്മിതികളിൽ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തിൽ വികൃതമാക്കുന്നതോ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കട്ടൗട്ടുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ തുടങ്ങിയവ ഇത്തരം ഇടങ്ങളിൽ സ്ഥാപിക്കുന്നതിനും അനുമതിയില്ല.
റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഡിസ്‌പെൻസറികൾ, ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ ഫ്ലൈഓവറുകൾ, സർക്കാർ റോഡുകൾ, സർക്കാർ-പൊതു കെട്ടിടങ്ങൾ, ബസ്സുകൾ, ഇലക്ട്രിക്-ടെലിഫോൺ പോസ്റ്റുകൾ, മുനിസിപ്പൽ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളെയും പൊതുസ്വത്തുക്കളെയും രാഷ്ട്രീയ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കും.
നിലവിലുള്ള പ്രാദേശിക നിയമങ്ങളോ കമ്മീഷന്റെ നിർദ്ദേശങ്ങളോ ലംഘിച്ചുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ അസോസിയേഷനോ സ്ഥാനാർത്ഥിയോ വ്യക്തിയോ പൊതുസ്വത്ത് വികൃതമാക്കിയാൽ, അവ ഉടൻ നീക്കം ചെയ്യാൻ വരണാധികാരി (Returning Officer) അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകണം. രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം, ജില്ലാ ഭരണകൂടത്തിന് നേരിട്ട് ഇടപെട്ട് ഇവ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഇതിനായി വരുന്ന മുഴുവൻ ചെലവുകളും ഉത്തരവാദിയായ രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ വഹിക്കേണ്ടി വരും. ഈ തുക ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് കൂട്ടിച്ചേർക്കുമെന്നും ഉത്തരവിൽ പറയുന്നു.
കൂടാതെ, പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങൾ പ്രകാരമോ (Under the law relating to prevention of defacement) മറ്റുള്ളവരുടെ സ്വത്തിന് മനപ്പൂർവ്വം നാശനഷ്ടങ്ങൾ വരുത്തുന്നതിനുള്ള പൊതു നിയമപ്രകാരമോ കുറ്റക്കാർക്കെതിരെ കൃത്യമായ നിയമനടപടികൾ ആരംഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് പൊതുറോഡുകളിൽ ചിഹ്നങ്ങൾ വരയ്ക്കുന്നതോ, വസ്തുക്കൾ തറയ്ക്കുന്നതോ, പോസ്റ്ററുകൾ പതിപ്പിക്കുന്നതോ ആയ എല്ലാത്തരം പ്രവർത്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളും വ്യക്തികളും വിട്ടുനിൽക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം നൽകി. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന മുറയ്ക്ക് വരണാധികാരികളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായ നടപടികൾ ഉറപ്പാക്കണമെന്നും ഡോ. രത്തൻ യു. കേൽകർ അറിയിച്ചു.
കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി, ‘സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി’
കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ‘ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാർദത്തിന് ഭീഷണിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാഖ്യ നാരായൺ സിംഗിന്റെ അവകാശവാദം.
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ‘കേരള സ്റ്റോറി 2’വിന്റെ ട്രെയിലർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും സമ്മതമില്ലാതെ ബീഫ് വായിൽ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയിലറിൽ ഉള്ളത്. വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയിലറിനെതിരെ ഉയർന്നുവരുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
വാഷിംഗ് മെഷീനിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത ആറ് സാധനങ്ങൾ; നിങ്ങളുടെ മെഷീന്റെ ആയുസ്സ് കൂട്ടാൻ ഇത് ശ്രദ്ധിക്കൂ…
നമ്മുടെ വീടുകളിലെ ഏറ്റവും വലിയ സഹായിയാണ് വാഷിംഗ് മെഷീൻ. ജോലിത്തിരക്കിനിടയിൽ വസ്ത്രങ്ങൾ അലക്കി ഉണക്കി എടുക്കാൻ മെഷീനുള്ളപ്പോൾ വലിയ ആശ്വാസമാണ്. എന്നാൽ, എല്ലാ വസ്ത്രങ്ങളും കണ്ണടച്ച് മെഷീനിലേക്ക് ഇടുന്നത് അത്ര നല്ല ശീലമല്ല. ചിലപ്പോൾ ഒരു ചെറിയ അശ്രദ്ധ കാരണം നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം നശിച്ചുപോയേക്കാം, അല്ലെങ്കിൽ പതിനായിരങ്ങൾ വിലയുള്ള വാഷിംഗ് മെഷീൻ പെട്ടെന്ന് പണിമുടക്കിയേക്കാം.
തുണികൾ വൃത്തിയാക്കാൻ മെഷീനെ ആശ്രയിക്കുമ്പോൾ, എന്തൊക്കെ അതിൽ ഇടാം, എന്തൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ സാധനങ്ങളാണ് വാഷിംഗ് മെഷീനിൽ നിന്ന് അകറ്റി നിർത്തേണ്ടതെന്ന് നോക്കാം.
അലങ്കാരപ്പണികളുള്ള വസ്ത്രങ്ങൾ
മുത്തുകൾ, കല്ലുകൾ, സീക്വൻസുകൾ എന്നിവയുള്ള വസ്ത്രങ്ങൾ മെഷീനിൽ ഇട്ടാൽ അവ ഇളകി മെഷീന്റെ ഡ്രമ്മിനുള്ളിൽ കുടുങ്ങാൻ സാധ്യതയുണ്ട്. ഇത് മെഷീൻ ജാം ആകാൻ കാരണമാകും. ഇത്തരം വസ്ത്രങ്ങൾ കൈകൊണ്ട് കഴുകുന്നതാണ് ഉചിതം.
അടിവസ്ത്രങ്ങൾ
അടിവസ്ത്രങ്ങൾ മറ്റ് വസ്ത്രങ്ങൾക്കൊപ്പം മെഷീനിൽ ഇടുന്നത് അണുബാധയ്ക്ക് കാരണമാകും. കൂടാതെ, ഇവയിലെ ചെറിയ ഹുക്കുകളും ഇലാസ്റ്റിക്കും മെഷീന്റെ ഡ്രമ്മിൽ കുടുങ്ങാനും തുണി കീറിപ്പോകാനും സാധ്യതയുണ്ട്.
നാണയങ്ങളും താക്കോലുകളും
പലപ്പോഴും പാന്റിന്റെ പോക്കറ്റിൽ മറന്നുവെക്കുന്ന നാണയങ്ങളും താക്കോലുകളുമാണ് വാഷിംഗ് മെഷീന്റെ വില്ലന്മാർ. ഇവ മെഷീന്റെ ഗ്ലാസ് ഡോർ പൊട്ടിക്കാനോ ഡ്രെയിനേജ് പൈപ്പിൽ തടസ്സമുണ്ടാക്കാനോ കാരണമാകും. അലക്കുന്നതിന് മുൻപ് പോക്കറ്റുകൾ പരിശോധിക്കാൻ മറക്കരുത്.
ഷൂസും കനമുള്ള വസ്തുക്കളും
കനമുള്ള ഷൂസുകൾ മെഷീനിൽ ഇടുമ്പോൾ അത് മോട്ടോറിന് അമിത ഭാരം നൽകുന്നു. ഇത് മെഷീന്റെ ബാലൻസ് തെറ്റിക്കാനും വലിയ ശബ്ദമുണ്ടാകാനും കാരണമാകും.
എണ്ണമയമുള്ള വസ്ത്രങ്ങൾ
അടുക്കളയിലോ വർക്ക്ഷോപ്പിലോ ഉപയോഗിച്ച് എണ്ണമയമുള്ള വസ്ത്രങ്ങൾ നേരിട്ട് മെഷീനിൽ ഇടരുത്. ഇത് ഡ്രയറിൽ തീപിടുത്തമുണ്ടാക്കാനോ മെഷീനുള്ളിൽ കറ പിടിക്കാനോ ഇടയാക്കും.
വളർത്തുമൃഗങ്ങളുടെ രോമം
പൂച്ചയുടെയോ നായയുടെയോ രോമം പറ്റിപ്പിടിച്ച വസ്ത്രങ്ങൾ മെഷീനിൽ ഇട്ടാൽ അത് ഫിൽട്ടറുകളിൽ അടിഞ്ഞുകൂടി ദുർഗന്ധമുണ്ടാക്കും. ആദ്യം ഒരു ബ്രഷ് ഉപയോഗിച്ച് രോമം നീക്കം ചെയ്ത ശേഷം മാത്രം മെഷീനിലിടുക.
രാഹുലും പ്രിയങ്കയും ഇന്നെത്തും; വയനാട് ഭവന പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കും, കണ്ണൂരിൽ കർഷകരുമായി കൂടിക്കാഴ്ച
കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കും.
രാവിലെ കണ്ണൂരിൽ എത്തുന്ന രാഹുൽ പേരാവൂരില്‍ നടക്കുന്ന കര്‍ഷക യോഗത്തില്‍ പങ്കെടുത്ത ശേഷമാകും കല്‍പ്പറ്റയിലേക്ക് പോകുക. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ പ്രിയങ്ക രാവിലെ കലക്ടറേറ്റില്‍ നടക്കുന്ന ദിശ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1:30 ന് കല്‍പ്പറ്റ എംപി ഓഫീസില്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനായുള്ള (ആര്‍ആര്‍ടി) നൂതന ഉപകരണങ്ങള്‍ കൈമാറും.
നാളെ കാളികാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനത്തിന് ശേഷം ഉച്ചകഴിഞ്ഞ് കൈതപ്പൊയില്‍ (തിരുവമ്പാടി) എംഇഎസ് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ തറക്കല്ലിടിലും പങ്കെടുക്കുന്ന പ്രിയങ്ക ചിപ്പിലിത്തോടിലെ നിര്‍ദ്ദിഷ്ട ചുരം ബൈപാസ് റോഡ് സ്ഥലവും സന്ദര്‍ശിക്കും
ബൈരക്കുപ്പ പാലം പദ്ധതി സ്ഥലം സന്ദര്‍ശിക്കുകയും ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളിയിലെ കൂമന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്യും. ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങിലും പ്രിയങ്ക പങ്കെടുക്കും.
വീണാ ജോർജ് ഐസിയുവിൽ; ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ തടയുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മന്ത്രിയുടെ കഴുത്തിൽ ബെൽറ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നേകാലോടെ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചാണ് പ്രതിഷേധവും അക്രമവും അരങ്ങേറിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എംസിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. രാവിലെ കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെയും ഉച്ചയ്ക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയുടെയും ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. മന്ത്രിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നിലനിന്നിരുന്നതിനാൽ വൻ പോലീസ് സന്നാഹം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധം തടയാനായില്ല. അതേസമയം, പോലീസുകാർ പിടിച്ചുതള്ളുന്നതിനിടയിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്നും വാദമുണ്ട്
കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പ്രതിഷേധത്തിനിടെ വിണാ ജോര്‍ജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിരുവനന്തരപുരത്തേക്ക് പോകുന്നതിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. സ്പീക്കര്‍ എ എന്‍ ഷംസീറും സ്ഥലത്തുണ്ട്.
വലിയങ്ങാടിയിൽ സൺഷെയ്ഡ് തകർന്ന് മരണം; മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാലുപേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും ഫിറ്റ്നസ് പരിശോധിക്കും. ഇതുസംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് മേയർ ഒ.സദാശിവൻ നിർദ്ദേശം നൽകി. സംഭവ സ്ഥലത്ത് ഇന്നലെ ഫോറൻസിക് സംഘം പരിശോധന നടത്തി. സൺഷെയ്ഡ് തകർന്ന സ്ഥലം മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കെ.ബെെജുനാഥ് സന്ദർശിച്ചു. സ്വമേധയാ കേസെടുത്ത കമ്മിഷൻ സംഭവത്തിൽ പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം കണ്ടെത്തി. സംഭവത്തിൽ ജില്ലാ കളക്ടറോടും കോർപ്പറേഷൻ സെക്രട്ടറിയോടും റിപ്പോർട്ട് തേടി.
അതേസമയം മരിച്ചവരുടെ കുടുംബത്തിന് മേയറുടെ ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50, 000 രൂപ നൽകും. കോർപ്പറേഷൻ അനാസ്ഥയ്ക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധവുമായി ഇന്നലെയും രംഗത്തെത്തി. കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലാളികളുടെ മരണത്തിൽ അനുശോചിച്ച് വലിയങ്ങാടിയിൽ ഇന്നലെ നടത്തിയ കടയടപ്പ് സമരം പൂർണമായിരുന്നു. അത്തോളി കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ മരണത്തിൽ അനുശോചിച്ച് അത്തോളിയിൽ ഇന്നലെ രാവിലെ 10 വരെ ഹർത്താൽ ആചരിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാലുപേർ മരിച്ചത്. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന മാങ്കാവ് കിണാശ്ശേരി ജബ്ബാർ, അത്തോളി സ്വദേശികളായ ബഷീർ, അഷറഫ്, തിരുവങ്ങൂർ സ്വദേശി വിനോദൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കിണാശ്ശേരി സ്വദേശി അബ്ദുൾ ജലീൽ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.കോഴിക്കോട് നഗരത്തിൽ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പതിനാറെണ്ണമാണെന്ന് മേയർ ഒ.സദാശിവൻ.കാലപ്പഴക്കം കാരണം പുതുക്കി പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇവ അൺഫിറ്റ് അല്ല. വലിയങ്ങാടിയിൽ അപകടമുണ്ടായ കെട്ടിടവും ഇത്തരത്തിൽ പുതുക്കി പണിയാൻ തീരുമാനിച്ചതാണ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് എൻജിനിയറിംഗ് വിഭാഗം കണ്ടെത്തിയെങ്കിലും അൺഫിറ്റ് ആണെന്ന റിപ്പോർട്ട് കോർപ്പറേഷന് നൽകിയിരുന്നില്ല. അതിനാലാണ് നേരത്തെയുള്ളവരെ കച്ചവടം നടത്താൻ അനുവദിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ കൃത്യമായ കണക്ക് കോർപ്പറേഷന്റെ പക്കലില്ലാത്തത് അനാസ്ഥയ്ക്ക് തെളിവാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാല് തൊഴിലാളികൾ മരിച്ചതിനെ തുടർന്ന് വലിയങ്ങാടി ഇന്നലെ അടച്ചിട്ടു. സാധാരണ തിരക്കേറിയ വലിയങ്ങാടി ആളൊഴിഞ്ഞു കിടന്നു. വിവരമറിയാതെ ലോഡുമായെത്തിയ ചരക്കുലോറികൾ ലോഡിറക്കാതെ നിറുത്തിയിട്ടു.



