മുത്തങ്ങ: വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര് ദാരുണമായി മരണപ്പെട്ടു. മലപ്പുറം കാലടി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര സ്വദേശി അസ്മത്ത് (25) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസും, രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും
“നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം”:മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് “നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം” എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം.മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ PhonePe ആപ്പ് സ്വയം തുറക്കുന്നതായും അവിടെ ₹1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു.
തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു.എന്നാൽ യഥാർത്ഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് ₹1499 പണം നൽകാനുള്ള Request Payment പേജാണ്. ഇത് മനസ്സിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫറാകുന്നു.സോഷ്യൽ മീഡിയയിൽ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാർഗ്ഗം, പ്രമുഖരുടെ ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ എന്നിവ സൈബർ തട്ടിപ്പുകളാണ്.UPI ആപ്പുകൾ ഉപയോഗിക്കുമ്പോൾ PIN നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. Payment Request പേജുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുകഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in ലൂടെയോ പരാതി നൽകുക#statepolicemediacentre #keralapolice #cybersecurity #cybercrime
കാറിൽ എസി എത്രത്തോളം നേരം ഉപയോഗിക്കുന്നോ, അത്രയും ഇന്ധനനഷ്ടം; മൈലേജ് കൂട്ടാൻ ഈ കാര്യങ്ങള്‍ പരീക്ഷിക്കൂ…
ഇപ്പോള്‍ വേനൽക്കാലമാണല്ലോ… കാറിൽ യാത്ര ചെയ്യുമ്പോള്‍ എസിയുടെ ഉപയോഗം ചൂടായതിനാൽ തന്നെ വളരെ കൂടുതലാണ്. എന്നാൽ, എസിയുടെ അമിത ഉപയോഗം ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത് സത്യമാണ്. എസി എത്രത്തോളം നേരം കൂടുതൽ ഉപയോഗിക്കുന്നോ, അത്രയും ഇന്ധനനഷ്ടമുണ്ടാകും. സുഖപ്രദമായ യാത്രയോടൊപ്പം ഇന്ധനക്ഷമതയ്ക്കും മുൻഗണന നൽകിയുള്ള യാത്രയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനായുള്ള ടിപ്പുകള്‍ ഇതാ.
കാർ എസി ഇന്ധനക്ഷമതയെ ബാധിക്കുന്നത് എങ്ങനെ?
കാറിലെ എസി പ്രവർത്തിക്കുന്നത് എഞ്ചിൻ നൽകുന്ന കരുത്തിലാണ്. പ്രധാന ഭാഗമായ കംപ്രസർ എഞ്ചിനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ എസി ഓൺ ചെയ്യുമ്പോൾ, ഒരേസമയം എഞ്ചിൻ കാറിനും എസിക്കും ഊർജ്ജം നൽകേണ്ടി വരുന്നു. ഇത് ഇന്ധനത്തിൻ്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നു. എസി ഉപയോഗിക്കുന്നത് ഒരു കാറിന്റെ ഇന്ധനക്ഷമതയെ ഏകദേശം 20% വരെ കുറയ്ക്കാൻ കാരണമാകുമെന്നാണ് റിപ്പോർട്ട്. താപനില, വണ്ടിയുടെ വേഗത, വാഹനത്തിന്റെ മോഡൽ എന്നിവയെ ആശ്രയിച്ചിരിക്കും ഇത്.
വേനൽക്കാലത്ത് കാർ എസിയുടെ അനുയോജ്യമായ താപനില
ഈസിക്ലൈമയുടെ റിപ്പോർട്ട് അനുസരിച്ച് വേനൽക്കാലത്ത് കാർ എസിയിലെ താപനില 20°C നും 22°C നും ഇടയിൽ ക്രമീകരിക്കുന്നതാണ് ഏറ്റവും ഉചിതം. സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം മികച്ച പ്രവർത്തനക്ഷമത നൽകാനും ഈ താപനില സഹായിക്കും.
കുറഞ്ഞ താപനിലയിലേക്ക് എസി മാറ്റുന്നതിനേക്കാൾ, ഈ മിതമായ അളവിൽ നിലനിർത്തുന്നത് വഴി കാറിന് അമിതമായി ജോലി ചെയ്യേണ്ടി വരുന്നില്ല. ഇത് എസിയുടെ ഭാഗങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും സാങ്കേതിക തകരാറുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കാനും എസി കാര്യക്ഷമമാക്കാനുള്ള വഴികൾ
- എസി ഓൺ ചെയ്യുന്നതിന് മുമ്പ് കുറച്ചു നേരം കാറിന്റെ ജനലുകൾ താഴ്ത്തിയിടുക. ഇതിലൂടെ കാറിനുള്ളിലെ ചൂടുവായു പുറത്തുപോകുകയും എസിയുടെ ജോലിഭാരം കുറയുകയും ചെയ്യും.
- തണലുള്ള സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്യാൻ ശ്രമിക്കുക. ഇത് കാറിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.
- ഡ്രൈവിംഗിനിടെ റീസർക്കുലേഷൻ മോഡ് ഉപയോഗിക്കുന്നതും കൃത്യസമയത്ത് വാഹനത്തിന്റെ സർവീസ് നടത്തുന്നതും എസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കും
ഡബിള്‍ ഡക്കറിൽ കോഴിക്കോട് ആസ്വദിക്കാം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി
കോഴിക്കോട് നഗരത്തിൽ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഡബിൾ ഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകാവിൽ എന്നിവർ മാവൂർ റോഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലൂടെ സിറ്റി റൈഡ് ബസിൽ റോഡ് ഷോ നടത്തി.
ഇലക്ട്രിക് ബസായ ഡബിള്‍ ഡക്കറിൻ്റെ താഴത്തെ നിലയിൽ ഏകദേശം 25 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ബസിന്റെ മുകൾഭാഗം (അപ്പർ ഡെക്ക്) തുറന്ന രീതിയിലായതിനാൽ യാത്രക്കാർക്ക് നഗരക്കാഴ്ചകൾ തടസ്സമില്ലാതെ കാണാൻ സാധിക്കും. കോഴിക്കോടിന്റെ ചരിത്രപ്രധാനമായ സ്ഥലങ്ങളായ മാനാഞ്ചിറ, ബീച്ച് റോഡ്, തളിക്ഷേത്രം തുടങ്ങിയ ഇടങ്ങളിലൂടെയാണ് ബസ് സർവീസ് നടത്തുക.
തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലെ വിജയകരമായ മാതൃക പിന്തുടർന്നാണ് കുറഞ്ഞ ചെലവിൽ നഗരത്തിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡബിള്‍ ഡക്കർ സിറ്റി റൈഡ് ബസ് കോഴിക്കോട് അവതരിപ്പിച്ചത്.
ഗണേഷ് വിളിച്ച് ക്ഷമാപണം നടത്തി, എല്ലാം ‘കോംപ്രമൈസാ’ക്കി; പരാതിയില്ലെന്ന് ബിന്ദു മേനോന്‍
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്‍. രാവിലെ മന്ത്രി വിളിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്‌നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന്‍ പറഞ്ഞു.
ഈ സംഭവത്തില്‍ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ടതില്ല. ഞാനാണ് മന്ത്രിയുടെ കൂടെ ജീവിക്കുന്നതെങ്കില്‍, എന്നോട് ക്ഷമ പറഞ്ഞാല്‍ മതിയാകും. ഈ വിഷയത്തില്‍ റിവഞ്ച് എടുത്ത് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ പരാതിയുമായി മുന്നോട്ടു പോകാമായിരുന്നു. പല തവണയും തനിക്ക് പോകാമായിരുന്നു. എന്നാല്‍ എല്ലാം വിട്ടെറിഞ്ഞ് ഭര്‍ത്താവിനൊപ്പം വന്നത് അദ്ദേഹത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണ്. ബിന്ദു മേനോന്‍ പറഞ്ഞു.
അതുകൊണ്ടാണ് പരാതി നല്‍കാനൊന്നും പോകാതെ, ക്ഷമാപണം നടത്തിക്കൊണ്ടുള്ള മന്ത്രി ഗണേഷിന്റെ ഫോണ്‍കോളിനായി കാത്തിരുന്നത്. പ്രശ്‌നം അവസാനിപ്പിക്കാന്‍ ആരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനുമില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദമുണ്ടാക്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. പ്രമേഹം അടക്കമുള്ള രോഗങ്ങളും വാർധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാലിന് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പൊതുദർശനവും സംസ്‌കാരവും നാളെ നടക്കും.
2016 ഏപ്രിൽ 28ന് പെരുമ്പാവൂരിലെ കനാൽ പുറമ്പോക്കിലെ വീട്ടിലാണ് നിയമ വിദ്യാർത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം ജൂൺ 16ന് പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്റ്റിലായി. സെപ്‌തംബർ 16ന് കുറ്റപത്രം സമർപ്പിച്ചു. 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.
മദ്രസദ്ധ്യാപക ക്ഷേമനിധി വിഹിതം 25 വരെ അടയ്ക്കാം
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2025-2026 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 25 നകം പോസ്റ്റ് ഓഫീസിൽ അടയ്ക്കണം. സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാക്കുന്നതിനും ആനുകൂല്യങ്ങൾ തടസ്സപ്പെടുന്നതിനും കാരണമാകും
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ഏകീകൃത നിയമം കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചത്.മൂന്ന് പ്രായപരിധികള്‍ നിശ്ചയിച്ചാകും നിയന്ത്രണങ്ങള്‍. എട്ട് മുതല്‍ 12 വയസ്സ് വരെയും 12 മുതല്‍ 16 വയസ്സ് വരെയും 16 മുതല്‍ 18 വയസ്സ് വരെയുമാണ് മൂന്ന് പ്രായപരിധി.വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണമോ, അല്ലെങ്കില്‍ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കുട്ടികളിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം അനിവാര്യമാണെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
കോട്ടയത്ത് വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ
പൊൻകുന്നം (കോട്ടയം) :വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായെന്നും ആണ് പരിസരവാസികൾ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതും.
ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹം: സി.സി.ഒ.എ
കൊച്ചി: വടക്കാഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത വെള്ള നിറം (കളർ കോഡ്) പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് കോൺട്രാക്ട് ക്യാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. ശാസ്ത്രീയ പഠനങ്ങളില്ലാതെ തിടുക്കപ്പെട്ട് അടിച്ചേൽപ്പിച്ച നിയമം കാരണം സാധാരണക്കാരായ ബസ് ഉടമകൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും സംഘടന ചൂണ്ടിക്കാട്ടി.ഭരണകാലാവധി അവസാനിക്കുന്ന ഈ വേളയിലെങ്കിലും തങ്ങളുടെ വാദം ശരിയായിരുന്നു എന്ന് ഗവൺമെന്റ് അംഗീകരിക്കുന്നതിനെ സംഘടന സ്വാഗതം ചെയ്യുന്നു. വെള്ള നിറം മാത്രം നിർബന്ധമാക്കിയത് കേരളത്തിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയും ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാവുകയും ചെയ്തിരുന്നു.നിറങ്ങളിലെ നിയന്ത്രണം നീക്കുക, വെള്ള നിറം മാത്രം എന്ന നിബന്ധന മാറ്റി,
മനോഹരമായ ഒന്നോ അതിലധികമോ നിറങ്ങളുടെ സംയോജനം അനുവദിക്കുക,അസമത്വം ഒഴിവാക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടു. ഇതര സംസ്ഥാന വാഹനങ്ങൾക്ക് ആകർഷകമായ നിറങ്ങളിൽ സർവീസ് നടത്താൻ അനുമതിയുള്ളപ്പോൾ കേരളത്തിലെ ഉടമകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് വിവേചനപരമാണ്.മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള സിനിമ താരങ്ങളുടെ ചിത്രങ്ങൾ, വലിയ സ്റ്റിക്കറുകൾ എന്നിവ ഒഴിവാക്കി സദാചാരപരമായ ഗ്രാഫിക്സുകൾ അനുവദിക്കണം.ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, ഫിറ്റ്‌നസ് പരിശോധനകളിലും റോഡ് പരിശോധനകളിലും ഉദ്യോഗസ്ഥർ ഏകീകൃതമായ മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.“വടക്കാഞ്ചേരി അപകടം ഒരു വൈകാരിക സാഹചര്യമുണ്ടാക്കി, അത് മുതലെടുത്ത് ഉടമകളുടെ മേൽ അപ്രായോഗികമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇപ്പോൾ ഈ മാറ്റത്തിന് തയ്യാറായ അധികൃതർ, നിയമം നടപ്പിലാക്കുമ്പോൾ ബസ് ഉടമകളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കണം,” എന്ന് സി.സി.ഒ.എ സംസ്ഥാന ഭാരവാഹി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ബിനു ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി രാജു ഗരുഡ , മനോജ് കൈമൾ , എ.ജെ. റിജാസ്, സ്നേഹബാബു, കെ.ബി. രാജുകൃഷ്ണ, ജിജോ അഗസ്റ്റിൻ, ജയശങ്കർ ആലപ്പുഴ, എബ്രഹാം, സുജിത് സുധാകരൻ എന്നിവർ സംസാരിച്ചു.ഇന്നു രാവിലെ 11 മണിക്ക് നടക്കുന്നസ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ ബസ് ഉടമകളുടെ നിർദേശങ്ങൾ പരിഗണിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു



