spot_img
Tuesday, September 22, 2026
Home Blog Page 725

സോഷ്യൽ മീഡിയകളിൽ എന്തിനും ഏതിനും ഫോട്ടോകൾ അപ്ഡേറ്റ് ചെയ്യുന്നവർ ശ്രദ്ധിക്കുക

0

എന്തിനും ഏതിനും സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും അപ്ഡേറ്റ് ചെയ്യുന്നവർ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നു.

ഇവരുടെ പ്രവർത്തന രീതി:

വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങളും, മറ്റ് സ്വകാര്യ ചിത്രങ്ങളും സൈബർ ക്രിമിനലുകൾ ഡൌൺലോഡ് ചെയ്യുന്നു.

ഇത്തരം ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും നിങ്ങളുടെ തലഭാഗം മോർഫ് ചെയ്ത് ഒരു അശ്ലീല ചിത്രത്തോട് കൂട്ടിച്ചേർക്കുന്നു.

അതിനുശേഷം അത്തരത്തിലുള്ള ഒരു നഗ്ന ചിത്രം നിങ്ങളുടെ വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് എന്നിവ വഴി നിങ്ങൾക്ക് സ്വകാര്യമായി അയച്ചു തരുന്നു.

നിങ്ങൾക്ക് ലഭിക്കുന്ന ഇത്തരം നഗ്നചിത്രങ്ങൾ യഥാർത്ഥ ചിത്രമെന്നു തോന്നിക്കുന്നതായിരിക്കും. ഇത് കാണുന്നതോടെ നിങ്ങൾ അതീവ സമ്മർദ്ദത്തിലാകുന്നു.

അൽപ്പസമയത്തിനകം നിങ്ങൾക്ക് തട്ടിപ്പുകാരിൽ നിന്നും വീണ്ടും സന്ദേശമെത്തുന്നു.

ഇത് നിങ്ങളുടേയും, ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും സോഷ്യൽ മീഡിയകളിലേക്ക് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. നിങ്ങളിൽ നിന്നും പണം ആവശ്യപ്പെടും. അതിനായി ബാങ്ക് എക്കൌണ്ട് അയച്ചു തരും. അതിലേക്ക് ഉടനടി പണമയക്കാൻ നിർബന്ധിക്കും.

ഇത്തരത്തിൽ സന്ദേശം വരുന്നത് തിരിച്ചറിയാൻ കഴിയാത്ത വിദേശ ഫോൺ നമ്പറുകളിൽ നിന്നുമായിരിക്കും. നിങ്ങൾ പോലീസിനെ അറിയിച്ചാലും ക്രിമിനലുകളെ പിടിക്കാൻ കഴിയുകയില്ലെന്ന് അവർ വീണ്ടും ഭീഷണിപ്പെടുത്തും.

നിങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന ആ നഗ്ന ചിത്രത്തിലേക്ക് നിങ്ങൾക്ക് ഒരു തവണയിൽ കൂടുതൽ നോക്കാൻ കഴിയുകയില്ല. അത്രമാത്രം യഥാർത്ഥ്യം ജനിപ്പിക്കുന്ന ചിത്രങ്ങൾ കണ്ട് നിങ്ങൾ മാനസികമായി തളരുകയോ അല്ലെങ്കിൽ ഗത്യന്തരമില്ലാതെ പണം അയച്ചു നൽകുകയോ ചെയ്യും.

ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഒരു സ്ത്രീയുടെ പരാതി തൃശൂർ സിറ്റി പോലീസ് സൈബർക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്. ഈ പരാതിയിൽ തൃശൂർ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇവർ വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുകാരാണെന്നാണ് മനസ്സിലാകുന്നത്. ഇവർ പോലീസിന്റെ നിരീക്ഷണത്തിലാണ്.

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

  1. നിങ്ങളുടെ സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയ എക്കൌണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക.
  2. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ നിങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ പരമാവധി ഫ്രണ്ട്സ് ഓൺലി എന്ന രീതിയിലേക്ക് മാറ്റുക.
  3. സോഷ്യൽ മീഡിയയിലെ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ആളുകളെ കൂട്ടിച്ചേർക്കുമ്പോൾ നിങ്ങൾക്ക് നേരിട്ട് അറിയാവുന്ന ആളുകളെ മാത്രം ഉൾപ്പെടുത്തുക.
  4. സോഷ്യൽമീഡിയിലെ അപരിചിത എക്കൌണ്ടുകൾ, ഫേക്ക് ഐഡികൾ എന്നിവയിലൂടെ വരുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കാതിരിക്കുക.
  5. ഇത്തരത്തിലുള്ള സാഹചര്യങ്ങളോട് സമചിത്തതയോടെ പ്രതികരിക്കുക. സൈബർ കുറ്റവാളികളുടെ രീതികളെക്കുറിച്ച്
    മുൻകൂട്ടി മനസ്സിലാക്കുന്നതുവഴി നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നു.
  6. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കളോടും, സുഹൃത്തുക്കളോടും, ബന്ധുക്കളോടും തുറന്നുപറയുക. അവർ നിങ്ങളെ സഹായിക്കും.
  7. സൈബർ ക്രിമിനലുകൾക്ക് ഒരിക്കലും പണം അയച്ചു കൊടുക്കരുത്. ഒരിക്കൽ അയച്ചു നൽകിയാൽ അവർ അതേ തരത്തിലുള്ള ഭീഷണി തുടരുകയും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്യും.
  8. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതിനൽകുക.

തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇ-മെയിൽ വിലാസം : cyberpstsr.pol@kerala.gov.in

കടകളിൽ ബില്ലടിക്കാൻ ഫോൺനമ്പർ കൊടുക്കാറുണ്ടോ? അപകടമാണ്, സ്വൈര്യക്കേടാണ്; സൂക്ഷിക്കുക

0

പണം കൊടുത്താൽ സാധനം കിട്ടുന്ന കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇപ്പോൾ പണം കൊടുക്കുന്നതിന് മുൻപ് മൊബൈൽ നമ്പർ കൊടുക്കേണ്ട സ്ഥിതിയാണ്. സൂപ്പർമാർക്കറ്റുകളാകട്ടെ, ചെറുതും വലുതുമായ കടകളുമാകട്ടെ, മൊബൈൽ നമ്പർ ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാൽ ഈ നമ്പർ കൈമാറുന്നത് സുരക്ഷിതമാണോ? ഇത്തരത്തിൽ മൊബൈൽ നമ്പർ കൈമാറുന്നത് അപകടകരവും സ്വൈര്യക്കേടുമാണെന്ന് മനോജ് രവീന്ദ്രൻ നിരക്ഷരൻ പറയുന്നു.

ജീവിതത്തിൽ മറ്റൊരു പ്രശ്നവും ഇല്ലാത്തവരായതുകൊണ്ടാണോ പുറത്തു നിന്ന് ഇത്രയും പ്രശ്നങ്ങളെ നിങ്ങളായിട്ട് വിളിച്ചുവരുത്തി സൽക്കരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ബില്ലർ നമ്പർ ഉപയോഗിച്ച് ശല്യപ്പെടുത്തുമെന്നും, നമ്പർ വാങ്ങുന്നത് കമ്പനിക്ക് പ്രമോഷണൽ മെസേജ് അയക്കാനാണെന്നും നമ്പർ ആവശ്യപ്പെടാൻ രാജ്യത്ത് ഒരു നിയമവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

മനോജ് രവീന്ദ്രൻ നിരക്ഷരന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

പരമാവധി 7 അല്ലെങ്കിൽ 10 വർഷമല്ലേ ആയിക്കാണൂ, സൂപ്പർമാർക്കറ്റുകളിലും കോർപ്പറേറ്റ് കടകളിലും ചെന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അവർ നമ്മുടെ മൊബൈൽ നമ്പർ ചോദിക്കാൻ തുടങ്ങിയിട്ട് ?

  • തുടക്കം മുതൽക്കേ ഫോൺ നമ്പർ തരാൻ പറ്റില്ല എന്ന് പറയുന്ന കൂട്ടത്തിലായിരുന്നു ഞാൻ. പലചരക്ക് വാങ്ങാനോ തുണിത്തരങ്ങൾ വാങ്ങാനോ ചെല്ലുമ്പോൾ അവർ നമ്പർ ആവശ്യപ്പെട്ടാൽ, മുൻപിലും പുറകിലും അടുത്ത ക്യൂവിലും നിൽക്കുന്നവർക്ക് എല്ലാവർക്കും കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ നമ്പർ വിളിച്ചുപറയുന്നവരുടെ കൂട്ടത്തിൽ സ്ത്രീകളേയും ധാരാളമായി കണ്ടിട്ടുണ്ട്. നിങ്ങൾ (സ്ത്രീകളോടാണ്) അക്കൂട്ടത്തിൽ പെടുന്ന ഒരാളാണെങ്കിൽ ഒരാവശ്യവുമില്ലാതെ ഒരപകടമോ സ്വര്യക്കേടോ വിളിച്ചുവരുത്തുകയാണ്. സൂക്ഷിക്കുക!!
  • ആ പരിസരത്തു നിന്ന് നമ്പർ കേൾക്കുന്ന ഒരാളോ ആ കടയിൽ ബില്ലടിച്ച ആളോ നിങ്ങൾക്കൊരു ശല്ല്യക്കാരനായി മാറാം. നിങ്ങളുടെ നമ്പർ ആ കടക്കാരൻ പ്രമോഷൻ മെസ്സേജുകൾ അയക്കാനായി ഉപയോഗിക്കുമെന്നത് മൂന്നരത്തരം. അതിന് വേണ്ടിയാണ് അവരത് ചോദിക്കുന്നത് തന്നെ. അതുക്കും മേലുള്ള തൊന്തരവുകൾ എന്തിന് സഹിക്കണം?
  • നിങ്ങളുടെ ഫോൺ അത്തരം പ്രമോഷണൽ മെസ്സേജുകളെക്കൊണ്ട് അല്ലാതെ തന്നെ പൊറുതിമുട്ടി ഇരിക്കുകയാവുമല്ലോ. (DND ചെയ്തിട്ട് ഒരു കാര്യവുമില്ല എന്നാണെന്റെ അനുഭവം) നിലവിലുള്ളത് കൂടാതെ, വർഷത്തിൽ കുറഞ്ഞത് 10 മെസ്സേജ് വീതം ഓരോ പ്രാവശ്യവും നിങ്ങൾ നമ്പർ ഇക്കൂട്ടർക്ക് കൊടുക്കുമ്പോൾ കൂടിക്കൊണ്ടിരിക്കും. ഇതിനൊക്കെ പുറമേ ഇക്കൂട്ടർ പലപല ടെലിമാർക്കറ്റിങ്ങ് ടീമുകൾക്ക് നിങ്ങളുടെ നമ്പർ വിറ്റ് കാശുണ്ടാക്കുന്നുമുണ്ട്. ജീവിതത്തിൽ മറ്റൊരു പ്രശ്നവും ഇല്ലാത്തവരായതുകൊണ്ടാണോ പുറത്തു നിന്ന് ഇത്രയും പ്രശ്നങ്ങളെ നിങ്ങളായിട്ട് വിളിച്ചുവരുത്തി സൽക്കരിക്കുന്നത്? അങ്ങനെയാണെങ്കിൽ കുഴപ്പമില്ല.
  • നമ്പർ കിട്ടേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. നമ്മുടെ വിഷയമേയല്ല. താമസിക്കാൻ ഹോട്ടൽ മുറി എടുത്താൽ അഡ്രസ്സടക്കമുള്ള കാര്യങ്ങൾ പ്രൂഫടക്കം  നൽകണമെന്നത് നിയമമാണ്. അല്ലെങ്കിൽ മുറികിട്ടില്ല. പലചരക്കും തുണിത്തരങ്ങളും മറ്റും വാങ്ങാൻ നമ്പറോ അഡ്രസ്സോ നൽകണമെന്ന് ഒരു നിയമവും ഈ രാജ്യത്തില്ല. ആയതിനാൽ ഏത് കടക്കാരൻ നമ്പർ ചോദിച്ചാലും ‘സോറി നമ്പർ തരാൻ പറ്റില്ല’ എന്ന് അറുത്ത് മുറിച്ച് പറഞ്ഞേക്കണം. അതുകാരണം അവർ സാധനങ്ങൾ തരുന്നില്ലെങ്കിൽ ആ സാധനങ്ങൾ ആ കടയിൽ നിന്ന് വേണ്ടെന്ന് വെക്കാനുള്ള ആർജ്ജവമുണ്ടാകണം. അതിന്റെ ഫലം അധികം വൈകാതെ നിങ്ങളാസ്വദിക്കാൻ തുടങ്ങും. തീർച്ച.

ഇത്രയും പറയാൻ കാരണം പലപ്പോഴായി ഈ പ്രശ്നം നേരിട്ടിട്ടുണ്ടെങ്കിലും ഇന്നത് മൂർദ്ധന്യത്തിൽ എത്തിയതിനാലാണ്. പ്രമുഖ സ്ഥാപന സൂപ്പർമാർക്കറ്റിൽ ആണ് ഏറ്റവും കൂടുതൽ ഈ തലവേദന എനിക്കുണ്ടായിട്ടുള്ളത്. പിന്നെപ്പിന്നെ അവരെ ഞാനങ്ങ് ഒഴിവാക്കാൻ തുടങ്ങി. യാതൊരു നിവൃത്തിയും ഇല്ലെങ്കിൽ കയറും, എന്നാലും നമ്പർ കൊടുക്കില്ല. നമ്പർ ഇല്ലെങ്കിലും അവര് അഡ്ജസ്റ്റ് ചെയ്യാറുണ്ട്.

ഇന്ന് രാവിലെ ഒരു യാത്ര പുറപ്പെട്ട് വൈകീട്ട് ബാംഗ്ലൂരിൽ നിന്ന് 150 കിലോമീറ്റർ മാറി കർണ്ണാടകയിലെ മറ്റൊരു പട്ടണത്തിലാണ് ചേക്കേറിയിരിക്കുന്നത്. അത്താഴം കഴിച്ച് നഗരത്തിന്റെ തിരക്കുകളിലൂടെയും കാഴ്ച്ചകളിലൂടെയും ഊളിയിട്ടപ്പോൾ പ്രമുഖ സ്ഥാപനം കണ്ടു. കുറച്ച് ദിവസമായി വാങ്ങണമെന്ന് കരുതിയിരുന്ന ഒന്നുരണ്ട് ഐറ്റംസ് അവിടുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ട് അങ്ങോട്ട് കയറി.

ബില്ലിങ്ങ് തുടങ്ങിയപ്പോൾ അവർ നമ്പർ ചോദിച്ചു. സ്വിച്ചിട്ടത് പോലെ, നമ്പർ തരില്ലെന്ന് പറഞ്ഞു. ഞാനെന്റെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്. കൗണ്ടറിൽ അനക്കമൊന്നും ഇല്ലെന്ന് മനസ്സിലായത് തലപൊക്കി നോക്കിയപ്പോൾ മാത്രമാണ്. ‘ഫോൺ നമ്പർ അടിച്ച് കേറ്റാതെ സിസ്റ്റം മുന്നോട്ട് നീങ്ങില്ല സാർ’ എന്ന് കൗണ്ടറിലെ പയ്യൻസ്. ‘താങ്കളുടെ നമ്പർ അടിച്ച് കേറ്റി സിസ്റ്റം മുന്നോട്ട് നീക്കിക്കോളൂ’ എന്ന് ഞാനും. അയാൾ അപ്പോഴേക്കും അടുത്ത കൗണ്ടറിലെ പയ്യനുമായി ചർച്ച തുടങ്ങി. രണ്ടാളും ഒരേ സ്വരത്തിൽ നമ്പറിന് വേണ്ടി കടുംപിടുത്തം. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ചെറിയ തോതിൽ ഞാൻ വിശദീകരിച്ചിട്ടും ചെറുക്കന്മാർ വഴങ്ങുന്നില്ല. എന്നാൽ ശരി, ‘ഈ കച്ചോടത്തിൽ നിന്ന് മിഡിൽ സ്ക്കൂട്ട് ചെയ്യുന്നു’ എന്ന് പറഞ്ഞ് ഞാനിറങ്ങി നടന്നു.

എനിക്ക് ₹2600 ലാഭം 🙂  ഇവനേത് നാട്ടുകാനാണ് ഊവ്വേ എന്നമട്ടിൽ തൊട്ടടുത്ത ക്യൂവിൽ നിന്നവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടല്ലേ എന്നമട്ടിൽ മാതാപിതാക്കൾക്ക് ഒപ്പം നിന്നിരുന്ന ചില കൗമാരക്കാർ അത്ഭുതം കൂറിയതാണ് ഇതിലെ പ്ലസ് പോയന്റ്. കാർന്നോമ്മാർക്ക് പുച്ഛമായിരുന്നെങ്കിലും പിള്ളേരത് ശരിയായ രീതിയിൽ ഏറ്റെടുത്തോളും. അവര് പൊളിക്കും.

കൊടുക്കാതിരുന്നിട്ടും നമ്മുടെ നമ്പർ പല കച്ചവടക്കാരുടേയും ബാങ്കുകളുടേയും പക്കലുണ്ട്. ക്രെഡിറ്റ് കാർഡ് വേണോ എന്ന് ചോദിച്ച് രണ്ട് വിളികളാണ് ഇന്നലെ മാത്രം HDFC ബാങ്കിൽ നിന്ന് വന്നത്. എന്റെ നമ്പർ നിങ്ങൾക്കെവിടന്ന് കിട്ടി എന്ന് ചോദിച്ചാൽ, അത് ഞങ്ങളുടെ ഓഫീസ് ഡാറ്റാബേസിലുണ്ട് എന്ന് അഭിമാനത്തോടെയും ഗർവ്വോടെയുമായിരുന്നു ആദ്യകാലങ്ങളിൽ കോൾസെന്റർ പിള്ളേരുടെ മറുപടി. ഈയിടെയായി ആ സമീപനത്തിന് ഇടിവ് വന്നിട്ടുണ്ട്. പലരുടെ അടുത്തുനിന്ന് ചീത്ത കേട്ട് കേട്ട് പതം വന്നു കാണും. മേലാൽ എന്നെ വിളിച്ചാൽ എന്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നതിന് കോടതി കയറ്റും എന്ന് പറയലും മറുവശത്തു നിന്ന് പീ… പീ… പീ. 

ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഏത് മാർഗമുപയോഗിച്ച് ഇക്കൂട്ടരെ അകറ്റി നിർത്താമെന്ന്. എനിക്കറിയുന്ന വിദ്യകളൊക്കെ വിശദമാക്കി കഴിഞ്ഞു. മറ്റേതെങ്കിലും വിദ്യകൾ കൈവശമുണ്ടെങ്കിൽ എന്നോട് പങ്കുവെക്കുകയുമാവാം. ഇങ്ങനെ എല്ലാവരും നോ പറഞ്ഞ് പറഞ്ഞ് ഇവന്മാരുടെ ഡാറ്റാബേസ് ചൊക്കിലടിച്ച് ചാകുന്ന കിനാശ്ശേരിയാണ് ഞാൻ കാണുന്ന സ്വപ്നം.

വാൽക്കഷണം:- മോണോപ്പോളി കച്ചവടക്കാരുടെ അടുത്ത് ഈ നമ്പർ വിലപ്പോകില്ല. ഉദാഹരണത്തിന് KSEB (ഉദാ മാത്രമാണ്. അതിൽപ്പിടിച്ച് തൂങ്ങണ്ട) അങ്ങനെയുള്ളവർക്ക് വഴങ്ങിയേ പറ്റൂ. കൗപീനവും മേൽമുണ്ടും സാമ്പാറിനുള്ള കഷണവുമൊക്കെ ഒരിടത്ത് ബഹിഷ്ക്കരിച്ചാലും വേറെ പത്തിടത് കിട്ടും

പോക്കോ എക്സ് 4 പ്രോ 5ജി ഇന്ത്യയിലേക്ക്; വിലയും പ്രത്യേകതകളും

0

പോക്കോ എക്സ് 4 പ്രോ 5ജി  ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ദിവസം പ്രഖ്യാപിച്ച് പോക്കോ.  2022 ഫെബ്രുവരി അവസാനത്തോടെ മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ച ഫോണാണ് പോക്കോ എക്സ് 4 പ്രോ 5ജി .പോക്കോ എക്സ് 4 പ്രോ 5ജി യുടെ ഇന്ത്യൻ മോഡലിന് 64 മെഗാപിക്സൽ പ്രധാന സെൻസർ ലഭിക്കുമെന്ന് സൂചന. സ്‌മാർട്ട്‌ഫോണിന്റെ ആഗോള മോഡലില്‍ ക്യൂവല്‍കോം സ്നാപ്ഡ്രഗണ്‍ 695 എസ്ഒസി ) ചിപ്പാണ് ഉള്ളത്.  8ജിബി റാം ആയിരുന്നു ഇതിന് ഉള്ളത്. 

പോക്കോയുടെ ഒരു ട്വീറ്റ് അനുസരിച്ച്, പോക്കോ എക്സ് 4 പ്രോ 5ജി ഏപ്രിൽ 10-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന നല്‍കുന്നത്. ട്വീറ്റിൽ പറയുന്നത് പ്രകാരം “എക്സി-ന് ഒരു തീയതിയുണ്ട്! നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമെങ്കിൽ അറിയിക്കുക. ” പങ്കിട്ട ചിത്രത്തിൽ റോമൻ അക്കങ്ങളായ “X”, “IV” എന്നിവ വ്യക്തമായി കാണാം, 10, 4 അല്ലെങ്കിൽ ഏപ്രിൽ 10 എന്നിവ സൂചിപ്പിക്കുന്നു.

ഒരു ഉപഭോക്താവ് ട്വീറ്റിനോട് പ്രതികരിച്ചത് പ്രകാരം, ഏപ്രിൽ 10 തീർച്ചയായും പോക്കോ എക്സ് 4 പ്രോ 5ജി -യുടെ ഇന്ത്യയിലെ ലോഞ്ച് തീയതിയാണ് പോക്കോ സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നു, എന്നാല്‍ ഇതിനോട് പോക്കോ പ്രതികരിച്ചിട്ടില്ല. 

പോക്കോ എക്സ് 4 പ്രോ 5ജിയുടെ ചെറിയ മോഡല്‍ 6GB + 128GB പതിപ്പാണ്, ഇതിന് 229 യൂറോ (ഏകദേശം 19,200 രൂപ) ആണ് വില. കൂടിയ മോഡലായ 8GB + 256GB സ്‌റ്റോറേജ് പതിപ്പിന്‍റെ വില 349 യൂറോ ആണ് (ഏകദേശം 29,300 രൂപ). ഓപ്പോ ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയില്ലെങ്കിലും ഇന്ത്യയിലും ഇതിനടുത്ത വിലയാണ് പ്രതീക്ഷിക്കുന്നത്. ലേസർ ബ്ലാക്ക്, ലേസർ ബ്ലൂ, പോക്കോ യെല്ലോ എന്നീ നിറങ്ങളിൽ പോക്കോ എക്സ് 4 പ്രോ 5ജി ഇറങ്ങും.

ആഗോളതലത്തില്‍ ഈ ഫോണിന്‍റെ പ്രധാന സെന്‍സര്‍ 108 മെഗാപിക്സൽ ആണെങ്കില്‍ ഇന്ത്യയില്‍ എത്തുന്പോള്‍  പോക്കോ എക്സ് 4 പ്രോ 5ജിക്ക് 64-മെഗാപിക്സൽ പ്രധാന സെൻസർ ലഭിക്കുമെന്നാണ് അഭ്യൂഹം. 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസറും 2-മെഗാപിക്സൽ മാക്രോ സെൻസറും അടക്കം മൂന്ന് ക്യാമറകള്‍ ഉള്‍പ്പെടുന്ന യൂണിറ്റായിരിക്കും ഇതിനുണ്ടാകുക. ഇന്ത്യൻ മോഡലില്‍ മറ്റെന്ത് മാറ്റം എന്നത് കാത്തിരുന്നു കാണേണ്ടി വരും.

ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പോക്കോ എക്സ് 4 പ്രോ 5ജിക്ക് എംഐയുഐ 13 അടിസ്ഥിതമായ ആന്‍ഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേ ഈ ഫോണിനുണ്ട്. 120 ഹെര്‍ട്സ് റീഫ്രഷ് റൈറ്റ് സ്ക്രീന് ഉണ്ട്. 67 വാട്സ് വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് ഉള്ളത്

കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

0

മിക്ചർ കഴിക്കുന്നതിനിടെ തൊണ്ടയിൽ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ച വാർത്ത നമ്മൾ കേട്ടതാണ്. തൻവിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ നിലക്കട കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടുന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിമധ്യേ മരണം സംഭവിച്ചു. 

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം.

അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്.

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാൽ എന്താണ് ചെയ്യേണ്ടത്?

അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.
ആഹാരം കൊടുക്കുന്ന സമയത്ത് കാരറ്റ് ആണെങ്കിലോ അല്ലെങ്കിൽ വെള്ളരിക്ക അങ്ങനെയുള്ള ഭക്ഷണങ്ങൾ കൊടുക്കുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊടുക്കുക. അപ്പോൾ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും. 

ചെറിയ കുട്ടികൾക്ക് പോപ്പ് കോൺ കൊടുക്കരുത്. കാരണം, അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. 

കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടൺ, ബാറ്ററി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. അഥവാ ഇത്തരം സാധനങ്ങൾ തൊണ്ടയിൽ പോയാൽ കുട്ടികൾക്ക് ശ്വാസം എടുക്കാതെ വരികയും മരണവെപ്രാളം കാണിക്കുകയും ചെയ്യാം. 

ആ സമയത്ത് കുട്ടിയോട് ഉടനെ തന്നെ ചുമയ്ക്കാൻ പറയുക.ചുമയ്ക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്ത് വരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

കുട്ടിയ്ക്ക് ചുമയ്ക്കാൻ പറ്റിയില്ലെങ്കിൽ നിൽക്കാൻ പറ്റുന്ന കുട്ടിയാണെങ്കിൽ കുട്ടിയുടെ പുറക് വശത്ത് പോയി നിന്ന് മുഷ്ടി ചുരുട്ടി കുഞ്ഞിന്റെ പൊക്കിളിന് ഭാ​ഗത്തേയ്ക്ക് വയ്ക്കുക മറ്റേ കെെ കൊണ്ട് ആ കെെ കവർ ചെയ്ത് ഇംഗ്ലീഷിൽ ജെ എന്ന അക്ഷരം തിരിച്ച് എങ്ങനെയാണോ എഴുതുന്നത് അകത്തോട്ട് അമർത്തിയതിന് ശേഷം മുകളിലോട്ട് പൊക്കുക. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് തൊണ്ടയിൽ കുടുങ്ങിയ സാധനം പുറന്തള്ളാൻ സഹായിക്കും. ഇതിനെ ‘heimlich maneuver’ എന്നാണ് പറയുന്നത്. ഇത് ക്യത്യമായി തന്നെ ചെയ്യുക. കുട്ടി കുഴഞ്ഞ് വീഴുകയാണെങ്കിൽ സിപിആർ കൊടുക്കണം. കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ ആ സമയത്ത് പരിഭ്രാന്തി ഒഴിവാക്കി ഇത് ചെയ്യുകയാണ് വേണ്ടതെന്നും ഡോ. ഡാനിഷ് സലീം പറഞ്ഞു

ടാങ്കർ ഉടമകൾ സമരം അവസാനിപ്പിച്ചു

0

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കളക്ടർ രേഖാമൂലം അറിയിച്ചു.

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് സമരത്തിന്റഎ ഭാഗമായി നിർത്തി വച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുന്ന വക്കോളം എത്തിയിരുന്നു.

13 ശതമാനം സർവീസ് ടാക്‌സ് നൽകാൻ നിര്ബന്ധിതരായ സാഹചര്യത്തിൽ ആണ് ലോറി ഉടമകൾ സമരം ആരംഭിച്ചത്. കരാർ പ്രകാരം എണ്ണ കമ്പനികളാണ് സർവീസ് ടാക്‌സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ലോറി ഉടമകളുടെ നിലപാട്. തുടർന്ന് ജില്ലാ കളക്ടറുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ഉടമകൾ എത്തുന്നത്.

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വൻ വർധന

0

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 35 രൂപയാണ് കൂടിയത്. 4775 രൂപയാണ് ഇന്നത്തെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38200 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് 3945 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപയാണ് ഇന്ന് ഉയർന്നത്. 925 ഹോൾമാർക്ക് വെള്ളി വിലയിൽ മാറ്റമില്ല. 100 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വില. വെള്ളിക്ക് 73 രൂപയാണ് ഗ്രാമിന്റെ വില.

റഷ്യ – യുക്രൈൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ  സ്വർണ്ണവില കുതിക്കുകയാണ്. സ്വർണ്ണവില കഴിഞ്ഞ ഒമ്പത് മാസമായി 1780-1880 ഡോളർ വില നിലവാരത്തിൽ അന്താരാഷ്ട്ര വില ചാഞ്ചാടി നിൽക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2000 ഡോളർ കടക്കാനും  വില കുതിക്കാനുമാണ് സാധ്യത. വലിയ ചാട്ടത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്. കേരളത്തിൽ സ്വർണവിപണിയിലെ വിലക്കുതിപ്പ് താല്ക്കാലികമായ അമ്പരപ്പും, അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.

പാഴാക്കാതിരിക്കാം ഓരോ തുള്ളിയും; ഇന്ന് ലോക ജലദിനം

0

ഇന്ന് മാർച്ച് 22, ലോക ജലദിനം. ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.

ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വർഷവും ഓരോ സന്ദേശമാണ് നൽകാറുള്ളത്. ഭൂഗർഭജല സംരക്ഷണമാണ് ഈ വർഷത്തെ ജലദിന സന്ദേശം.ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാർച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്.എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച്ഉ പയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.

ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ഈ ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്

നാല് മാസത്തിന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടി

0

രാജ്യത്ത് പെട്രോൾ–ഡീസൽ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന.ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില

പുതിയവില ഇങ്ങനെ

തിരുവനന്തപുരം: പെട്രോള്‍ – 107.31 ഡീസല്‍ – 94.41

കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40

കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ – 92.61

137 ദിവസം ‘അനക്കമില്ലാതിരുന്ന ഇന്ധനവിലയിലെ പുതിയ മാറ്റം മാർച്ച് 22നു രാവിലെ ആറു മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്‍ ഡീലർമാരെ അറിയിച്ചു. ക്രൂഡ് ഓയിൽ വില ഒരുഘട്ടത്തില്‍ ഒരുബാരലിന് 130 ഡോളർ എന്ന റെക്കോർഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയിൽ ഇന്ധനവില വർധിച്ചിരുന്നില്ല. റഷ്യ–യുക്രെയ്ൻ സംഘർഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. 2021 നവംബര്‍ 2നായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്

തദ്ദേശ ഉപതിരഞ്ഞെടുപ്പ് -42 തദ്ദേശ വാർഡുകളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

0

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.

കോഴിക്കോട് ജില്ലയിൽ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം, തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാർ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കൊല്ലം ജില്ലയിൽ വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കൽ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം, പത്തനംതിട്ട ജില്ലയിൽ കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്, ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്, കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അമ്പലം, ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവൻകുടി, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ ചേമ്പളം, എറണാകുളം ജില്ലയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവിൽ, ഇളമനത്തോപ്പ്, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂർ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ, തൃശ്ശൂർ ജില്ലയിൽ വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവൻകാട്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വെളയനാട്, പാലക്കാട് ജില്ലയിൽ ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂർ, മലപ്പുറം ജില്ലയിൽ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട, കണ്ണൂർ ജില്ലയിൽ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട്, പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവ്വേലി, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് എന്നീ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വോട്ടർപട്ടിക പുതുക്കിയത്.

=വോട്ടർപട്ടിക www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ/താലൂക്ക്/വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടർപട്ടിക ഫെബ്രുവരി 16-ന് പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ വോട്ടർപട്ടിക പ്രകാരം 1878 പുരുഷ•ാരും 2433 വനിതകളും ഉൾപ്പെടെ ആകെ 4331 പേരാണ് പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ളത്.

നാല്‍പത് വയസ് കടന്നുവോ? എങ്കില്‍ ആരോഗ്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…

0

പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മളില്‍ ആരോഗ്യപ്രശ്‌നങ്ങളും കൂടിവരാം. നേരത്തെ തന്നെ ഇതിന് അനുസൃതമായി ജീവിതരീതികള്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ വലിയൊരു പരിധി വരെ ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കാന്‍ സാധിക്കും. നാല്‍പത് കടക്കുമ്പോഴാണ് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യക്ഷമായി കടന്നുവരുന്നത്. 

ഇതില്‍ തന്നെ എടുത്തുപറയേണ്ടുന്ന ഒരു പ്രശ്‌നമാണ് എല്ലുകളിലെ തേയ്മാനം. എല്ലുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ ഒരു പരിധി വരെ ശരീരം സ്വയം തന്നെ കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ നാല്‍പതിന് ശേഷം ശരീരത്തിന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിമിതി വന്നേക്കാം. ഹോര്‍മോണ്‍ വ്യതിയാനം, ആകെ ആരോഗ്യത്തിന്റെ അവസ്ഥ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു. 

എല്ലുകളെ സംരക്ഷിച്ചുനിര്‍ത്താനും അവയുടെ ആരോഗ്യം നിലനിര്‍ത്താനും ആദ്യമേ സൂചിപ്പിച്ചുവല്ലോ, ജീവിതരീതികള്‍ മെച്ചപ്പെടുത്തിയാല്‍ സാധ്യമാണെന്ന്. അത്തരത്തില്‍ ശ്രദ്ധിച്ചുപോകേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്…

എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന രണ്ട് ഘടകങ്ങളാണ് വൈറ്റമിന്‍-ഡിയും, കാത്സ്യവും. ഇവ രണ്ടും അളവിന് ശരീരത്തിലെത്തേണ്ടതുണ്ട്. പ്രധാനമായും ഭക്ഷണം തന്നെയാണ് ഇതിനുള്ള സ്രോതസ്. 

രണ്ട്…

വൈറ്റമിന്‍-ഡി, കാത്സ്യം എന്നിവയെല്ലാം കുറയുമ്പോള്‍ അത് സപ്ലിമെന്റുകളുടെ രൂപത്തില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ കഴിയുന്നതും പ്രകൃത്യാ തന്നെ ഇവ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. ദിവസവും അല്‍പനേരമെങ്കിലും സൂര്യപ്രകാശമേല്‍ക്കുന്നത് പ്രകൃതിദത്തമായി വൈറ്റമിന്‍-ഡി ലഭിക്കാന്‍ സഹായിക്കും. അതുപോലെ യോഗര്‍ട്ട്, സോയ, കൊഴുപ്പുള്ള മത്സ്യം, പാല്‍ പോലുള്ള പദാര്‍ത്ഥങ്ങളിലൂടെ കാത്സ്യവും കണ്ടെത്താം. 

മൂന്ന്…

വ്യായാമവും എല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളും വരാം. ഇതിനെല്ലാം വ്യായാമം പരിഹാരമാണ്. വീട്ടില്‍ വച്ച് ചെയ്യാവുന്ന വ്യായാമം തന്നെ ധാരാളമാണ്. അതല്ലെങ്കില്‍ ജിമ്മിലോ മറ്റോ ചേര്‍ന്ന് ചെറിയ വര്‍ക്കൗട്ട് ചെയ്യാം. കായികമായ ജോലി ചെയ്യുന്നവര്‍ക്കാണെങ്കില്‍ ഇതിന് പുറമെ വ്യായാമം ആവശ്യമില്ല. 

നാല്…

അമിതമായ അളവില്‍ ‘കഫീന്‍’ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ ‘കഫീന്‍’ പരിമിതപ്പെടുത്തുക. കാപ്പി, ‘കഫീന്‍’ അടങ്ങിയ സോഡ, മറ്റ് പാനീയങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിച്ച് മാത്രം കഴിക്കാം. എന്നാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ‘കഫീന്‍’ എല്ലുകള്‍ക്ക് അത്ര വെല്ലുവിളി സൃഷ്ടിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തായാലും കാപ്പിയും ചായയുമെല്ലാം മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മധുരം ചേര്‍ത്തതാണെങ്കില്‍.

അഞ്ച്…

ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കാത്സ്യത്തെ എല്ലുകളുടെ ആവശ്യത്തിന് ഉപകരിക്കാത്ത വിധം പ്രവര്‍ത്തിക്കാന്‍ ഉപ്പിന് കഴിയും. അതുകൊണ്ടാണ് ഉപ്പ് പരിമിതപ്പെടുത്തണമെന്ന് പറയുന്നത്.

ആറ്…

മദ്യപാനവും പുകവലിയും കുറയ്ക്കുകയോ, പൂര്‍ണമായും നിര്‍ത്തുകയോ ചെയ്യുക. ഇവ രണ്ടും തന്നെ എല്ലുകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഘടകങ്ങളാണ്. എല്ലുരുക്കം പോലുള്ള അസുഖങ്ങളിലേക്ക് ആളുകളെ നയിക്കുന്നതില്‍ ഇവയ്ക്കും പങ്കുണ്ട്.