spot_img
Tuesday, April 28, 2026

ബീച്ച്‌ ആശുപത്രിയില്‍ ഇലക്‌ട്രോണിക് അമ്മത്തൊട്ടില്‍ ഉടൻ



കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഇനി കോഴിക്കോട് ബീച്ച്‌ ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കുന്ന ഇലക്‌ട്രോണിക് അമ്മത്തൊട്ടില്‍ സ്വീകരിക്കും. അമ്മത്തൊട്ടിലില്‍ എത്തിച്ചാല്‍ രണ്ട് മിനിട്ടിനുള്ളില്‍ തന്നെ ശിശുക്ഷേമ സമിതിയുടെ സുരക്ഷിത കരങ്ങള്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കും. വർഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്.

അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് നായകളുടെ കടിയേല്‍ക്കുന്നതുള്‍പ്പെടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോമാറ്റിക് വാതിലുകളുള്ള ഇലക്‌ട്രോണിക് അമ്മത്തൊട്ടില്‍ പദ്ധതി വിഭാവനം ചെയ്തത്. ബീച്ച്‌ ആശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡില്‍ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മത്തൊട്ടില്‍ നിർമിച്ചത്. ഇവിടെ കുഞ്ഞുങ്ങളെ എത്തിച്ചാലുടൻ തന്നെ ആ വിവരം ഫോട്ടോ സഹിതം അധികൃതരിലേക്കെത്തും. പക്ഷേ കുഞ്ഞിനെ എത്തിച്ചയാളുടെ ഫോട്ടോ എങ്ങും പതിയില്ല. അവർക്ക് സുരക്ഷിതരായി മടങ്ങാം. രണ്ടു മിനിറ്റിനുള്ളില്‍ ഒരമ്മയെത്തി കുഞ്ഞിനെ ഏറ്റു വാങ്ങും. ബീച്ച്‌ ആശുപത്രിയില്‍ ഉടൻ സജ്ജമാകുന്ന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന്റെ സവിശേഷതകളാണിത്. ആശുപത്രി മാസ്റ്റർ പ്ലാനില്‍ ഉള്‍പ്പെടുത്തിയ ഇലക്‌ട്രോണിക് അമ്മത്തൊട്ടിലിന്റെ പ്രവൃത്തി 85 ശതമാനവും പൂർത്തിയായി. ഇനി സാങ്കേതിക പ്രവൃത്തികളാണുള്ളത്.

ഇതിനായി പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്ര് ഇൻഡസ്ട്രീസ് ലിമിറ്റഡ് എസ്റ്റിമേറ്റ് തയ്യാറാക്കി വനിതാശിശുക്ഷേമ വകുപ്പിന് കെെമാറിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാലുടൻ ആരംഭിക്കും. പദ്ധതിയിക്കായി എട്ട് ലക്ഷം രൂപ തോട്ടത്തില്‍ രവീന്ദ്രൻ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. തൊട്ടിലിന്റെ പ്രവേശന കവാടത്തിനടുത്ത് മനോഹരമായ പൂന്തോട്ടവും സജ്ജമാക്കിയിട്ടുണ്ട്.

എ. പ്രദീപ് കുമാർ എം.എല്‍.എ യായിരിക്കുമ്പോഴാണ് തുക പാസാക്കി ഭരണാനുമതി ലഭ്യമാക്കിയത്. അതുപ്രകാരം 24,11,000 രൂപയുടെ എസ്റ്റിമേറ്റിനും അനുമതിയും നല്‍കി. ബീച്ച്‌ ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർ പ്ലാനില്‍ അമ്മത്തൊട്ടിലിനുള്ള സ്ഥലവും കൂടി ഉള്‍പ്പെടുത്തിയിരുന്നു.

അമ്മത്തൊട്ടിലിന്റെ പ്രവർത്തനം

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയാല്‍ വാതിലടയും

 ഉടൻ സൈറണ്‍ മുഴങ്ങി ഉദ്യോഗസ്ഥർക്ക് അറിയിപ്പ്

 കുഞ്ഞ് സുരക്ഷിതമാണെന്ന് ശബ്ദസന്ദേശം വരും

കുഞ്ഞിന്റെ ചലനം വീഡിയോ അധികൃതർക്ക് ലഭിക്കും

 കുഞ്ഞിനെ എത്തിച്ച വ്യക്തിയെ കാണാനാകില്ല

ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാവുന്ന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് ഇലക്‌ട്രോണിക് അമ്മത്തൊട്ടില്‍ സജ്ജമാകുന്നതെന്നും തൊട്ടിലിന്റെ പ്രവൃത്തി ഉടൻ പൂർത്തിയാകുമെന്നും സബീന ബീഗം (വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ) പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles