കോഴിക്കോട്: സംസ്ഥാനതല പട്ടയ മേളയുടെ ഭാഗമായി ജില്ലാതല പട്ടയവിതരണം നടത്തി. ജില്ലയില്‍ 2619 പേർക്കാണ് പട്ടയം ലഭ്യമാക്കിയത്. കോഴിക്കോട് ലാൻഡ് ട്രിബ്യൂണല്‍ പരിധിയില്‍ നിന്ന് 1784 പട്ടയങ്ങള്‍, വടകര ലാൻഡ് ട്രിബ്യൂണല്‍ പരിധിയില്‍ നിന്ന് 700, ദേവസ്വം ട്രിബ്യൂണലില്‍ നിന്ന് 50, സർക്കാർ ഭൂമി പതിച്ച് കൊടുക്കുന്ന വിഭാഗത്തില്‍ നിന്ന് 34, 51 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്.
ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കോവൂർ പി. കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ എം.എല്‍.എമാരായ ടി .പി. രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവില്‍, കാനത്തില്‍ ജമീല, കെ.പി. കുഞ്ഞമ്മദ് കുട്ടി , കെ. എം. സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ലാൻഡ് റിഫോംസ് റിവ്യൂ ബോർഡ് അനൗദ്യോഗിക അംഗം ടി.കെ. രാജൻ, ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർ സിംഗ്, എല്‍.എ. ഡെപ്യൂട്ടി കളക്ടർ പി.എൻ. പുരഷോത്തമൻ, തഹസില്‍ദാർമാർ, റവന്യു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു. എ.ഡി.എം. കെ. അജീഷ് നന്ദി പറഞ്ഞു.






