പാലക്കാട്: കോഴിക്കോട്, മംഗലാപുരം റെയില്‍വേ സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തിലേക്കുയർത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ.എൻ. സിങ്. നവീകരിച്ച കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ 2026ഓടെ തുറന്നു നല്‍കാനാവും. മംഗലാപുരം സ്റ്റേഷൻ നവീകരണത്തിനായി അടുത്ത ദിവസങ്ങളില്‍ ടെൻഡർ വിളിക്കും.പാലക്കാട് റെയില്‍വേ പിറ്റ് ലൈൻ പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കാനാകുമെന്നും സിങ് പറഞ്ഞു. പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെടുന്ന പാർലമെന്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം എം.പിമാർ യോഗത്തില്‍ ഉന്നയിച്ചു. ഇത് സർക്കാർ തലത്തിലും റെയില്‍വേ ബോർഡ് തലത്തിലും ഉണ്ടാവേണ്ട തീരുമാനമാണെന്ന് അധികൃതർ പറഞ്ഞു. കല്ലായിയില്‍ ഫുള്‍ ലെങ്ത് ഗുഡ്സ് ലൈൻ വേഗത്തില്‍ സജ്ജമാക്കുമെന്ന് ആർ.എൻ. സിങ് പറഞ്ഞു. മംഗലാപുരത്ത് പുതുതായി രണ്ട് പ്ലാറ്റ്ഫോമുകള്‍കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതിനൊപ്പം അമൃത് സ്റ്റേഷൻ പദ്ധതിയില്‍ 16 പുതിയ സ്റ്റേഷനുകള്‍ നവീകരിക്കും. കൂടുതല്‍ ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കണമെന്ന ആവശ്യമാണ് പ്രധാനമായും എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായത്.
പാലക്കാട് -പൊള്ളാച്ചി പാതയില്‍ നവീകരണത്തിന് മുമ്പുണ്ടായിരുന്ന ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സിങ് അറിയിച്ചു. എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, രമ്യ ഹരിദാസ്, ഡോ. വി. ശിവദാസൻ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. മുരളീധരൻ, പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജർ അരുണ്‍ കുമാർ ചതുർവേദി, ദക്ഷിണ റെയില്‍വേ വകുപ്പുകളുടെ പ്രിൻസിപ്പല്‍ മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.






