spot_img
Thursday, April 16, 2026

ചൂട് കൂടുന്നു; പകര്‍ച്ചവ്യാധികളും



കോഴിക്കോട്: ചൂടിന്റെ കാഠിന്യമേറിയതോടെ ജില്ലയില്‍ പകർച്ചവ്യാധികളും തലപൊക്കിത്തുടങ്ങി. ചിക്കൻപോക്സ് വ്യാപകമായി.മറ്റു വേനല്‍ക്കാല രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, വയറിളക്കം തുടങ്ങിയവ പിടിപെട്ട് നിരവധി പേരാണ് ജില്ലയിലെ പല ആശുപത്രികളിലായി എത്തുന്നത്. വെെറല്‍ പനിയും ചുമയും വ്യാപകമാകുന്നുണ്ട്. കൂടാതെ സൂര്യാഘാതമേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് . വെയിലേല്‍ക്കുമ്പോള്‍ ചർമ്മത്തില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചർമ്മത്തിന് ചുവപ്പുനിറം, ചൊറിച്ചില്‍, ഈർപ്പമില്ലായ്മ എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു.

ഈ മാസം 25 വരെ 138 ചിക്കൻപോക്സ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. പനി, തലവേദന തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ക്കൊപ്പം ദേഹത്ത് കുമിളകള്‍ പൊങ്ങുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍ നിന്നുള്ള ദ്രാവകങ്ങളില്‍ നിന്നും അണുബാധയുള്ളവർ ചുമക്കുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്. മഞ്ഞപ്പിത്തവും, വയറിളക്കരോഗങ്ങളും, ഡെങ്കിപ്പനിയും ജില്ലയില്‍ പടർന്ന് പിടിക്കുന്നുണ്ട്.

ജില്ലയില്‍ ഒരു മാസത്തിനിടെ സർക്കാർ ആശുപത്രികളില്‍ മാത്രം 75 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വൈറല്‍ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍പെട്ട മഞ്ഞപ്പിത്തമാണ് ജില്ലയില്‍ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മലിനജലത്തിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. ഈ വെള്ളം ഉപയോഗിക്കുന്ന ശീതള പാനീയങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും രോഗം പകരാം. ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കാൻ 15-50 ദിവസമെടുക്കും. രോഗലക്ഷണങ്ങള്‍ ഉണ്ടാകും മുമ്പ് തന്നെ മറ്റുള്ളവരിലേക്കു പകരുകയും ചെയ്യും. പനി, കഠിനമായ ക്ഷീണം, സന്ധിപേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛർദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.

റിപ്പോർട്ട് ചെയ്ത രോഗങ്ങള്‍ (ഫെബ്രുവരി 1മുതല്‍ 25 വരെ)

  • ചിക്കൻ പോക്സ്- 138
  • മഞ്ഞപ്പിത്തം-75
  • ഡെങ്കിപ്പനി- 126
  • വെെറല്‍ പനി- 22379 ( ഒപി)
  • കിടത്തി ചികിത്സ-208

@ പൊള്ളുന്ന ചൂട്

ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാദ്ധ്യത. ഉയ‌ർന്ന ചൂട് സൂര്യാഘാതം, നി‌ർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകുന്നതിനാല്‍ പകല്‍ 11 മുതല്‍ മൂന്നു വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. ഇന്നലെ ജില്ലയില്‍ 37 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്.

@ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തണം.
  • ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.
  • കിണർ വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കുക.
  • കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
  • മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക.
  • ഭക്ഷണത്തിനു മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
  • മദ്യം, കാപ്പി, ചായ തുടങ്ങിയവ പകല്‍ ഒഴിവാക്കുക.
  • ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.
  • കുടിക്കുന്നതിനും ആഹാരം പാകം ചെയ്യുന്നതിനുമെല്ലാം തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക.


LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles