കോഴിക്കോട്: കോഴിക്കോട് നിന്നുള്ള എക്സ്റ്റന്റഡ് റെയില്‍വേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെട്ട ഫറോക്ക് റെയില്‍വേ സ്റ്റേഷൻ വികസനത്തിന്റെ പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ ദീർഘദൂര ട്രെയിനുകള്‍ക്ക് ഫറോക്കില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും റെയില്‍വേയുടെ നിരാക്ഷേപ പത്രം ലഭിക്കാത്തതിനാല്‍ ചില റോഡ് വികസനങ്ങള്‍ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇത് പരിഹരിക്കാൻ റെയില്‍വേ നടപടി സ്വീകരിക്കണം. ഫറോക്ക് റെയില്‍വേ സ്റ്റേഷൻ വികസനത്തിലൂടെ സമീപ പ്രദേശങ്ങളിലെ ടൂറിസം വികസനം മെച്ചപ്പെടും. എക്സ്പീരിയൻഷ്യല്‍ ടൂറിസം മേഖലയുടെ പ്രധാന കേന്ദ്രമായി ഫറോക്ക് വികസിക്കും. ഫറോക്കിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.
എം.കെ രാഘവൻ എം പി, റെയില്‍വേ ഡിവിഷൻ മാനേജർ കെ.അനില്‍ കുമാർ, മറ്റു റെയില്‍വേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






