എടവണ്ണപ്പാറ: അപകടം തുടർക്കഥയായ എടവണ്ണപ്പാറ ജങ്ഷനില്‍ അപകടം കുറക്കാനുള്ള സുരക്ഷാ നടപടികള്‍ക്ക് തുടക്കമായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സിഗ്നല്‍ സംവിധാനം പ്രവർത്തന രഹിതമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നടപടികള്‍ സ്വീകരിക്കാൻ സാധിക്കാത്തത് വൻ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
പൊതുമരാമത്ത് റോഡ് റണ്ണിങ് കോണ്‍ട്രാക്‌ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജങ്ഷനിലെ നാല് റോഡുകളിലും വേഗത കുറക്കാനുള്ള റംപിള്‍ സ്ട്രിപ്പ്, മുന്നറിയിപ്പ് ബോർഡുകള്‍, റിഫ്ലക്ടർ സ്ട്രിപ്പുകള്‍ എന്നിവ അടിയന്തിരമായി സ്ഥാപിക്കാനാണ് നടപടിയായത്. ഒരാഴ്ചക്കകം നടപ്പാക്കും. അപകടം ഉണ്ടായതിനെത്തുടർന്ന് മന്ത്രിക്കും പൊതുമരാമത്ത് ചീഫ് എൻജിനീയർക്കും കത്ത് നല്‍കുകയും ശനിയാഴ്ച ജില്ല വികസനസമിതി യോഗത്തില്‍ എം.എല്‍.എ പ്രശ്നം ഉന്നയിക്കുകയും ചെയ്തിരുന്നു.
കൊണ്ടോട്ടി-എടവണ്ണപ്പാറ-അരീക്കോട് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിയില്‍ ജങ്ഷൻ വീതി കൂട്ടാനും പദ്ധതിയുണ്ട്. മണ്ഡലത്തിലെ വിവിധ റോഡുകളില്‍ വിദ്യാലയങ്ങള്‍ക്ക് സമീപവും ജങ്ഷനുകളിലും മുന്നറിയിപ്പ് ബോർഡുകള്‍ വെക്കാനും തുക അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. 79 സ്ഥലത്താണ് സ്ഥാപിക്കുക.
അരീക്കോട്, കൊണ്ടോട്ടി, എളമരം, വാഴക്കാട് പ്രദേശങ്ങളില്‍ നിന്നുമുള്ള റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ അടുത്ത കാലത്തായി ഗതാഗതക്കുരുക്കും അപകടവും വർധിക്കുകയാണ്. ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജങ്ഷനില്‍ നടന്നത്. എളമരം പാലവും കൂളിമാടുകടവ് പാലവും തുറന്നു കൊടുത്തതോടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വാഹനങ്ങള്‍ ക്രമാതീതമായി കൂടിയതാണ് എടവണ്ണപ്പാറ ജങ്ഷനില്‍ തിരക്കേറാൻ കാരണമായത്. കോഴിക്കോട് ജില്ലയിലേക്കും തിരിച്ചുമുള്ള ട്രക്കുകള്‍ അതിവേഗതയിലാണ് ഇതിലെ കടന്നുപോകുന്നത്.
തിങ്കളാഴ്ച പുലർച്ചെ നാലോടെ കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് സുല്‍ത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. അപകടത്തില്‍ ബത്തേരി സ്വദേശി സഞ്ജയ് (19) സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വിദ്യാർഥി ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.






