spot_img
Tuesday, April 28, 2026

അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്‌തകം ഈ മാസം വിതരണം ചെയ്യും: മന്ത്രി



കോഴിക്കോട്‌: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്‌തകം മാര്‍ച്ച്‌ മാസം വിതരണം ചെയ്യുമെന്ന്‌ പൊതു വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി വി.ശിവന്‍കുട്ടി. മെഡിക്കല്‍ കോളേജ്‌ ക്യാമ്പസ്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മള്‍ട്ടിപര്‍പ്പസ്‌ കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മാര്‍ച്ച്‌ 12ന്‌ തിരുവനന്തപുരത്തെ സ്‌കൂളില്‍ വിതരണ ഉദ്‌ഘാടനം നടത്തുമെന്ന്‌ മന്ത്രി പറഞ്ഞു. 2, 4, 6, 8,10 ക്ലാസുകളിലേക്കുള്ള പാഠപുസ്‌തകമാണ്‌ വിതരണം ചെയ്യുക. 1, 3, 5, 7, 9 ക്ലാസുകളിലെ പുസ്‌തകം സ്‌കൂള്‍ തുറക്കുന്നതിന്‌ മൂന്നാഴ്‌ചയ്‌ക്ക് മുന്‍പ്‌ എത്തുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ 5000 കോടി രൂപയാണ്‌ പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്‌. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള യാത്ര അടിസ്‌ഥാന സൗകര്യങ്ങള്‍ക്കും സാങ്കേതിക വിദ്യയ്‌ക്കുമപ്പുറത്തേക്ക്‌ വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ 24 പുതിയ ക്ലാസ്‌ മുറികള്‍ വിനോദസഞ്ചാര, പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു. നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ നേര്‍ചിത്രമാണ്‌ ഈ സ്‌കൂളെന്ന്‌ നിസ്സംശയം പറയാന്‍ സാധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.സ്‌കൂള്‍ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം എളമരം കരിം എം.പി നിര്‍വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എയും പ്രിസം ഫൗണ്ടറുമായ എ പ്രദീപ്‌കുമാര്‍ മുഖ്യാതിഥിയായി.

കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.രേഖ, കൗണ്‍സിലര്‍മാരായ സി.എം ജംഷീര്‍, കെ മോഹനന്‍, ഇ.എം സോമന്‍, ഡോ. അജിത, ആര്‍ഡിഡി സന്തോഷ്‌ കുമാര്‍, എസ് എസ് കെ ജില്ലാ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്‌ദുള്‍ ഹക്കീം, ഡി.ഇ.ഒ ശാദിയ ബാനു, ഡിഎച്ച്‌എം സുബിത എം, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ശരണ്‍ പ്രേം, പ്രിസം കോര്‍ഡിനേറ്റര്‍ റംഷാദ്‌ സി വി, സ്‌റ്റാഫ്‌ സെക്രട്ടറി നിഖില്‍ കെ എം, സ്‌കൂള്‍ ലീഡര്‍ റിഥുല്‍, ഉദ്യോഗസ്‌ഥര്‍, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി, സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ഡോ. എന്‍ പ്രമോദ്‌ സ്വാഗതവും പിടിഎ പ്രസിഡന്റ്‌ ഐ റജുല നന്ദിയും പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles