spot_img
Thursday, April 16, 2026

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മാധ്യമ രംഗമടക്കം കൂടുതൽ മേഖലകളിലേക്ക് : മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് നൽകി വരുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മാധ്യമ മേഖലയടക്കം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടുതൽ മേഖലകളിലെ തൊഴിലാളികളെ ഉൾക്കൊള്ളിച്ച് പുരസ്‌കാരം ഏർപ്പെടുത്തുന്നതിലൂടെ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ മത്സരവും നൈപുണ്യ വികസനവും ഉറപ്പു വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കൂടുതൽ സുദൃഢവും പരസ്പര പൂരകവുമായ തൊഴിലാളി-തൊഴിലുടമാ ബന്ധം നിലനിർത്തുന്നതിനും തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ മത്സരം നിലനിർത്തുന്നതിനും സർക്കാർ പലതരത്തിലുള്ള ഇടപെടലുകളാണ് നടത്തുന്നത്. അതിൽ പ്രധാനമാണ് മികച്ച തൊഴിലാളികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ആദരിക്കുന്ന തൊഴിലാളി ശ്രേഷ്ഠയും മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിഫലതുകയുള്ള അംഗീകാരം കൂടിയാണിത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്ക് ഇത്തവണ യഥാക്രമം 10000, 5000 എന്ന ക്രമത്തിൽ ക്യാഷ് അവാർഡും നൽകി.

ആന്റണി രാജു എം എൽ എ അദ്ധ്യക്ഷനായ ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ലേബർ സെക്രട്ടറി ഡോ. കെ വാസുകി, എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ. വീണ എൻ മാധവൻ, ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles