തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന രാഷ്ട്രപതി ഭവനിലും സമീപപ്രദേശങ്ങളിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. രാഷ്‌ട്രപതി ഭവനില്‍ വച്ച് പ്രസിഡന്റ് ദ്രൗപതി മുർമു ആയിരിക്കും പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. നാളെ വൈകിട്ട് 7.15നാണ് ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി അധ്യക്ഷൻ ജെപി നദ്ദ, എല്ലാ എൻഡിഎ നേതാക്കൾക്കും പാർട്ടി ഭാരവാഹികൾക്കും വിരുന്നൊരുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കള്‍ ചടങ്ങിൽ സന്നിഹിതരാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കള്‍ക്ക് പുറമെ അഭിഭാഷകർ, ഡോക്ടർമാർ, കലാ-കായിക രംഗത്ത് നിന്നുള്ളവർ, സാംസ്‌കാരിക പ്രവർത്തകർ, വ്യവസായികള്‍, വികസിത് ഭാരത് അംബാസിഡർമാർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കള്‍, ട്രാൻസ്‌ജെൻഡേഴ്‌സ്, ആദിവാസി യുവതികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരും വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു.






