spot_img
Saturday, April 19, 2025

ഉമ്മയെ കാണേണ്ടെന്ന് അബ്ദുറഹീം, കണ്ണീരോടെ മടങ്ങി ഫാത്തിമ, പിന്നില്‍ തല്‍പ്പര കക്ഷികളെന്ന് കുടുംബം



ഉമ്മയെ കാണേണ്ടെന്ന് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീം. 19 വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ കാണാമെന്ന പ്രതീക്ഷയില്‍ സൗദിയിലേക്ക് എത്തിയ ഉമ്മ ഫാത്തിമ കണ്ണീരോടെയാണ് ജയിലില്‍ നിന്ന് മടങ്ങിയത്. എത്രയൊക്കെ കരഞ്ഞിട്ടും കണേണ്ടത് പറയുകയായിരുന്നുവെന്ന് ഉമ്മ പറഞ്ഞു. തനിക്ക് കാണേണ്ടെന്നും നിങ്ങളുടെ കൂടെയുള്ളവര്‍ മോശക്കാരാണ് എന്ന രീതിയിലാണ് അബ്ദുറഹീം പ്രതികരിച്ചതെന്നും കുടുംബം പറഞ്ഞു.

നിങ്ങള്‍ കൂടെ കള്ളന്‍മാരുമായാണ് വന്നതെന്നും അതുകൊണ്ട് താന്‍ അങ്ങോട്ട് വരില്ലെന്നും അബ്ദുറഹീം പറഞ്ഞെന്ന് ഉമ്മ പറയുന്നു. നാട്ടിലേക്ക് വന്ന ശേഷം കാണാമെന്നും പറഞ്ഞു.

അസീര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് റിയാദ് ജയിലില്‍ ഉമ്മ അബ്ദുറഹീമിനെ കാണാന്‍ എത്തിയത്. എന്നാല്‍ കാണാന്‍ തയ്യാറാകാതെ അബ്ദുറഹീം തിരിച്ചയച്ചു. പിന്നില്‍ തല്‍പ്പര കക്ഷികളെന്ന് കുടുംബം ആരോപിച്ചു. എന്തുകൊണ്ടാണ് മാതാവിനെ കാണേണ്ടെന്ന് അബ്ദുറഹീം തീരുമാനിച്ചതെന്ന് വ്യക്തമല്ല. ഉമ്മയും അബ്ദുറഹീമിന്റെ സഹോദരനും അമ്മാവനും ഉള്‍പ്പെടുന്ന സംഘമാണ് ജയിലിലേക്ക് എത്തിയത്. ജയില്‍ മേധാവിയുടെ ഓഫീസില്‍ ഇവരെ സ്വീകരിച്ചു.

വര്‍ഷങ്ങളായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles