വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1997 മാർച്ച് 26. അന്നാണ് ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ച് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ മലയാള സിനിമിലേക്ക് കയറി വന്നത്. അനിയത്തി പ്രാവ് എന്ന ചിത്രത്തിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനിൽ സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചുവരുന്ന ചാക്കോച്ചനെ ആരാധികമാരുടെ ചോക്ലേറ്റ് ഹീറോ ആക്കി. പിന്നീട് സിനിമയിലുട നീളം നായകന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ജൂബിലി നിറവിൽ അനിയത്തിപ്രാവ് നിൽക്കുമ്പോൾ, ആ പഴയ സഹയാത്രികനെ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ.
’25 വർഷങ്ങൾക്കിപ്പുറം ആ സ്‌പ്ലെണ്ടർ ബൈക്ക് സുധിയുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യിൽ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയിൽ തന്നെ ബൈക്ക് മെയിന്റൈൻ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാൻ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്’, കുഞ്ചാക്കോ പറയുന്നു.
അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നതിനിടെയാണ് ചാക്കോച്ചൻ തന്റെ ആദ്യ സിനിമയിലെ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചാക്കോച്ചൻ ഇപ്പോൾ കാസർഗോഡ് ഷൂട്ടിങ് തിരക്കിലാണ്. ഇന്നലെ ആണ് അനിയത്തി പ്രാവ് ബൈക്ക് കൊച്ചിയിലെ വീട്ടിൽ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ തന്നെ ബൈക്കിൽ ഒരിക്കൽ കൂടി കറങ്ങണം എന്ന് ചാക്കോച്ചൻ പറയുന്നു.






