ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാവുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യയും. 13 ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. ബർമിങ്ങാമിലെ 2022 ഗെയിംസിൽ 22 സ്വർണം ഉൾപ്പെടെ 61 മെഡലുമായി ഇന്ത്യ നാലാമതായിരുന്നു. അത്ലറ്റിക്സ്, ബോക്സിങ്, ഭാരോദ്വഹനം എന്നിവയിലാണ് ഇന്ത്യയുടെ മുഖ്യ മെഡൽ പ്രതീക്ഷകൾ.അത്ലറ്റിക്സിൽ മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിൽ ഇന്ത്യ ഒരു മെഡൽ സ്വപ്നനം കാണുന്നു. കാലിലെ പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ ശ്രീശങ്കർ മികച്ച ഫോമിലാണ്.
ഇൻ്റർ സ്റ്റേറ്റ് മീറ്റിൽ 8.38 മീറ്റർ ചാടി കരുത്തുതെളിയിച്ചു. 8.41 മീറ്ററാണ് താരത്തിൻ്റെ മികച്ചദൂരം.ചരിത്രംകുറിച്ച് ഡയമണ്ട് മീറ്റ് അത്ലറ്റിക്സിൽ മൂന്നാംസ്ഥാനം നേടിയ ഹൈജംപ് താരം സർവേശ് കുശാരെ വിസ്മയമായേക്കാം. സീസണിൽ 2.31 മീറ്റർ മറികടന്ന് കുശാരെ ദേശീയ റെക്കോഡ് ഭേദിച്ചിരുന്നു. മൊണാക്കൊ ഡയമണ്ട് ലീഗിൽ 2.26 മീറ്ററിലാണ് മൂന്നാമതെത്തിയത്. 2.30 എന്ന കടമ്പ താണ്ടിയ ആദ്യ ഇന്ത്യൻതാരമായ കുശാരെ ഫോം തുടർന്നാൽ മെഡൽപട്ടികയിൽ സ്ഥാനം നേടും.ജാവലിൻ ത്രോയിൽ മുൻ ലോക ചാമ്പ്യനും ഒളിമ്പിക് സ്വർണജേതാവുമായ നീരജ് ചോപ്രയും കളത്തിലുണ്ട്. എന്നാൽ, മെഡലിനായി നീരജ് കടുത്തപോരാട്ടം നേരിടേണ്ടിവരും.
സീസണിൽ 92.62 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ രുമേഷ് തരംഗ 2018-ലെ ജേതാവായ നീരജിന് വലിയവെല്ലുവിളി ഉയർത്തുന്നു. സീസണിൽ 87.05 മീറ്റർ കണ്ടെത്തിയ രോഹിത് യാദവും ഇന്ത്യക്കായി ഇറങ്ങും.ബോക്സിങ്ങിൽ പുരുഷ, വനിതാ താരങ്ങൾ മെഡൽ ലക്ഷ്യമിട്ട് റിങ്ങിലിറങ്ങും. വനിതകളിൽ 57 കിലോ വിഭാഗത്തിൽ ലോകചാമ്പ്യനായ ജാസ്മിൻ ലംബോറിയയിലാണ് ഇന്ത്യയുടെ ഉറച്ച സുവർണ പ്രതീക്ഷ. ഒളിമ്പിക് വെങ്കലമെഡൽ ജേതാവായ ലൗലിന ബെബാർഗൊഹിൻ 75 കിലോ വിഭാഗത്തിൽ മത്സരിക്കും. പുരുഷവിഭാഗത്തിൽ ബോക്‌സിങ് വേൾഡ് കപ്പിൽ 60 കിലോവിഭാഗത്തിൽ സ്വർണം നേടിയ സച്ചിൻ സിവാച് മറ്റൊരു പ്രതീക്ഷയാണ്.ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു ഒരിക്കൽക്കൂടി ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരം താങ്ങും. ഹാട്രിക് സ്വർണമാണ് 48 കിലോ വിഭാഗത്തിൽ ചാനു ലക്ഷ്യം വെക്കുന്നത്.
പുതുതലമുറയിലെ ബിന്ദ്യാറാണി ദേവി (58), നിരുപമാ ദേവി (63), ജ്ഞാനേശ്വരി യാദവ് (53) എന്നിവരും കടുത്തപോരാട്ടത്തിന് തായ്യാറായിക്കഴിഞ്ഞു. മെഡൽ പ്രതീക്ഷയുള്ള ബാഡ്‌മിൻ്റൺ, ട്വന്റി-20 ക്രിക്കറ്റ്, ഹോക്കി, ടേബിൾ ടെന്നീസ്, ഗുസ്തി എന്നിവ ഒഴിവാക്കിയത് ഇന്ത്യക്ക് വൻ തിരിച്ചടിയാണ്. ഇത്തവണ 17 ഇനങ്ങളിലാണ് മത്സരം. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ഓസ്ട്രേലിയൻ നഗരങ്ങളായ വിക്ടോറിയയും ഗോൾഡ് കോസ്റ്റും സാമ്പത്തിക കാരണങ്ങളാൽ പിൻമാറിയിരുന്നു. തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടിവന്നതിനാലാണ് മത്സരയിനങ്ങൾ കുറച്ചത്.






