spot_img
Wednesday, June 10, 2026

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; മൂന്ന് പ്രതികൾ കുറ്റക്കാർ, ബാക്കിയുള്ളവരെ വെറുതെ വിട്ടു



മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ 1,2,6 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരൊണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസിൽ ശിക്ഷ ഈ മാസം 22 ന് വിധിക്കും.

മ്യതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസിൽ സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിൽ കാര്യങ്ങൾ ഓരോന്നായി പുറത്തുവന്നു. നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിൻ അഷ്റഫ് ചെയ്ത ക്രൂരതകൾ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങൾ കേട്ടത്.

മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. പിന്നീട് ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles