കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടിതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജീഷ് ഹർജി നൽകിയിരുന്നു. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. വിജീഷിനുംകൂടി ജാമ്യം ലഭിച്ചതോടെ കേസിൽ ഇനി പൾസർ സുനി മാത്രമാണ് ജയിലിലുള്ളത്. സുനി പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.
അതേസമയം, കേസിലെ സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിനിടെ ഇയാളെ ഉപദ്രവിക്കരുതെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ.കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നും, തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സാഗർ ഹർജി നൽകിയത്. സാഗറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു






