കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഇന്ന് പുലർച്ചെ കുറ്റിക്കാട്ടൂർ കണിയാത്ത് പാലത്തിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശത്ത് രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് പാലത്തിന് മുകളിലൂടെ ശക്തമായി വെള്ളം ഒഴുകുന്നതിനിടെയാണ് അപകടമുണ്ടായത്.വെള്ളത്തിന്റെ ഒഴുക്കിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവർ സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കോണ്‍ക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. മാമ്പുഴയില്‍ നിന്ന് വരുന്ന ഈ തോട്ടില്‍ ജലനിരപ്പും ഒഴുക്കും വളരെ കൂടുതലായിരുന്നു. പുലര്‍ച്ചെ ശക്തമായ മഴയും ഉണ്ടായിരുന്നു. തോടിന് കൈവരി ഇല്ലാത്തതും അപകടത്തിന് കാരണമായി. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളം കയറിയ അവസ്ഥയായിരുന്നു.ഓട്ടോറിക്ഷ ഓടിച്ചിരുന്ന കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. മാവിന്‍കൊമ്പില്‍ പിടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. സാരമായ പരിക്കുകള്‍ ഒന്നുമില്ല. ഓട്ടോയില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും, ആളപായം ഇല്ലാത്തതിനാല്‍ അവര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാട് സംഭവിച്ചു.മഴ ശക്തമായ സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള റോഡുകളിലൂടെയും പാലങ്ങളിലൂടെയും യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.






