കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികൾ അടക്കമുള്ളവർ നെഞ്ചേറ്റിയ ടാന്‍സാനിയൻ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ. ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലി പോൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ടായിരുന്നു. ഇവിടെ ഉള്ള വിശേഷങ്ങളെല്ലാം കിലി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് കിലി പോൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കേരളത്തിൽ നിന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നാണ് കിലി പോൾ പറഞ്ഞത്. ‘ഇന്നസെന്റ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലുലു മാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സിഗിളാണോ എന്ന ചോദ്യത്തിന്, ‘അതെ ഞാൻ സിഗിളാണ്. ഇതുവരെ ഞാൻ വിവാഹം കഴിച്ചിട്ടില്ല. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തുകയാണെങ്കിൽ കേരളത്തിൽ കൂടാൻ തയ്യാറാണ്’, എന്നാണ് കിലി പോളിന്റെ മറുപടി. മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടി ശോഭനയാണെന്നും നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു. കിലിയുടെ മറുപടിയെ വൻ കരഘോഷത്തോടെയാണ് മലയാളികൾ ഒന്നടങ്കം സ്വീകരിച്ചത്.






