കെഎസ്ആർടിസി ബസുകളിലെ വാതിലുകൾ എളുപ്പത്തിൽ അടയ്ക്കാൻവേണ്ടി കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകളും വള്ളികളും ജീവന് അപകടമുണ്ടാക്കുന്നെന്നുകണ്ട് അറത്തുമാറ്റി. എന്നാൽ, ’കയറില്ലാതെ’ ഓടുന്ന ബസുകളുടെ വാതിലുകൾ തുറക്കുമ്പോൾ, ബസ് കയറാനെത്തുന്നവരുടെ ദേഹത്തും ഇരുചക്രവാഹനങ്ങളിലുമെല്ലാം ഇടിച്ചുള്ള അപകടങ്ങൾ പതിവാകുകയാണിപ്പോൾ
പഴക്കമുള്ള ബസുകളുടെ വാതിലുകൾ എളുപ്പത്തിൽ അടയ്ക്കാനായി ഒരാഴ്ചമുൻപുവരെ, പ്ലാസ്റ്റിക് കയറുകളും വള്ളികളും കെട്ടിയിരുന്നു. ഇത്തരം കയറുകൾ യാത്രക്കാരുടെ കഴുത്തിൽ തട്ടി മനുഷ്യജീവന് അപകടമുണ്ടാക്കുന്നെന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചിരുന്നു. കമ്മിഷന്റെ ഉത്തരവുപ്രകാരം കയറുകൾ അടിയന്തരമായി മാറ്റണമെന്ന് കോർപ്പറേഷൻ ചീഫ് ഓഫീസിലെ മെക്കാനിക്കൽ എൻജിനിയർ, യൂണിറ്റ്-വർക്‌ഷോപ്പ് അധികാരികൾക്ക് നിർദേശം നൽകുകയായിരുന്നു. അടുത്തദിവസംതന്നെ കയർ മുറിച്ചുമാറ്റൽ ആരംഭിക്കുകയുംചെയ്തു
കയറിന്റെ പിൻബലമില്ലാതെ ഭാരമുള്ള വാതിലുകൾ തുറക്കുമ്പോൾ, പുറത്ത് ബസ് കാത്തുനിൽക്കുന്നവരുടെ ദേഹത്തേക്ക് വന്നിടിക്കുകയാണിപ്പോൾ. ഗതാഗതക്കുരുക്കിൽപ്പെട്ട ബസുകളുടെ വാതിൽ തുറക്കുമ്പോൾ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച സംഭവങ്ങളുമുണ്ടായി. കയർ ഉണ്ടായിരുന്നപ്പോൾ, വാതിലിനു സമീപത്തെ സീറ്റുകളിലിരിക്കുന്ന യാത്രക്കാർ അതിൽപ്പിടിച്ച് വലിച്ച് വാതിൽ അടച്ചിരുന്നു.എന്നാലിപ്പോൾ കണ്ടക്ടർമാർതന്നെ മുന്നിലെയും പിന്നിലെയും വാതിലടയ്ക്കാൻ ഓടിനടക്കണം. ബസിന്റെ പടികളിൽ ഇറങ്ങിനിന്നുവേണം ഭാരമുള്ള വാതിലുകൾ പിടിച്ച് അടയ്ക്കേണ്ടത്. വനിതാ കണ്ടക്ടർമാരടക്കമുള്ളവർ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ബസുകളുടെ സമയക്രമം പാലിച്ച് ഓടിക്കാനും ഇതുമൂലം കഴിയുന്നില്ല.കയറിനു പകരം എന്ത് ഉപയോഗിക്കണമെന്ന കാര്യത്തിൽ കെഎസ്ആർടിസി അധികൃതർക്കും വ്യക്തതയില്ല. ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമക്രാറ്റിക് ഫെഡറേഷൻ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി.






