‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’; ദുരന്തത്തില്‍ പ്രതികരിച്ച് വിജയ്
ചെന്നൈ: കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. 7:45ന് വിവരം അറിഞ്ഞയുടൻ കരൂർ എംഎൽഎയും മുൻമന്ത്രിയുമായിരുന്ന ബാലാജിയെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാൻ പാടില്ലാത്തതുമാണ്. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് വീഴ്ചയെ കുറിച്ച് ചോദ്യത്തിന് ഉത്തരം നൽകാതെ സ്റ്റാലിൻ മടങ്ങുകയായിരുന്നു. അന്വേഷണത്തിൽ സത്യം വ്യകതമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചയോടെ സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. ആശുപത്രിയിൽ അവലോകന യോഗവും നടന്നു.
മരിച്ച 39 പേരിൽ 17 പേർ സ്ത്രീകളാണ്. 4 ആൺകുട്ടികളും 5 പെൺകുട്ടികളും ഈ ദാരുണമായ സംഭവത്തിൽ മരണമടഞ്ഞിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഇതിൽ 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. കരൂർ സ്വദേശികളായ 28 പേരും, ഈറോഡ് നിന്നുള്ള 2 പേരും തിരുപ്പൂർ നിന്നുള്ള 2 പേരും, ഡിണ്ടിഗലിൽ നിന്നുള്ള 32 പേരും, സേലത്തു നിന്നുള്ള ഒരാളുമാണ് മരിച്ചത്. അതേ സമയം ടിവികെയുടെ കരൂരിൽ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ വിജയ് മടങ്ങിയത് വിവാദമാകുന്നു. റാലി നടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന സാഹചര്യത്തിലാണ് വിജയ് പ്രതികരണമൊന്നും നടത്താതെ കാരവാനിലേക്ക് കയറിയതും പിന്നീട് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയതും.വിജയുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്.
‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’; ദുരന്തത്തില്‍ പ്രതികരിച്ച് വിജയ്
കരൂര്‍ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വേദന. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിജയ് എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ പറഞ്ഞു.
‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചത്.
ദുരന്തമുണ്ടായ കരൂരില്‍ നിന്നും പോയ വിജയ് ചെന്നൈ നീലാങ്കരയിലെ വീട്ടിലെത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയ്‌യുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു.






