സന്ദേശം ഒറ്റ മെസ്സേജ് കൊണ്ട് എല്ലാവരെയും അറിയിക്കുന്ന പുത്തൻ ഫീച്ചറുമായി വാട്ട്സാപ്പ്. ഫേസ്ബുക്കിന് സമാനമായ ഫീച്ചറാണ് മെറ്റ വാട്ട്സാപ്പിലും കൊണ്ട് വന്നത്. മുൻപ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ട ശേഷം അത് ബാക്കിയുള്ളവരെ ടാഗ് ചെയ്താലേ അവർക്ക് അറിയാൻ സാധിക്കുമായിരുന്നുള്ളൂ.ഇതിന് പരിഹാരമായി @everyone എന്ന മെൻഷൻ ഫീച്ചറാണ് ഫേസ്ബുക്ക് കൊണ്ടുവന്നത്. സമാനമായ ഒരു ഫീച്ചറാണ് വാട്ട്സാപ്പിന്റേതും. ഒരു ഗ്രൂപ്പ് ചാറ്റിൽ നിങ്ങളുടെ മെസ്സേജ് മറ്റ് അംഗങ്ങൾ കാണാൻ ഗ്രൂപ്പിലെ എല്ലാവരെയും നമ്മൾ പേരെടുത്ത് മെൻഷൻ ചെയ്യണമായിരുന്നു. ഇപ്പോൾ ഇതിന്റെ ആവശ്യമില്ല.
@all എന്ന ഒരു മെസ്സേജ് അയച്ചാൽ എല്ലാവരെയും വാട്ട്സാപ്പ് തന്നെ മെൻഷൻ ചെയ്ത് അറിയിച്ചോളും. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗാമിന്റെ ഭാഗമായി പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേറ്റിൽ ചില ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവിൽ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചറെത്തുമെന്നാണ് കമ്പനി പറയുന്നത്.ഈ ഫീച്ചറിന് ചില മാനദണ്ഡങ്ങളുമുണ്ട്. 32 അംഗങ്ങൾ വരെയുള്ള ഗ്രൂപ്പിൽ മാത്രമേ എല്ലാ അംഗങ്ങൾക്കും ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. 32 ൽ അധികം അംഗങ്ങൾ ഉള്ള ഗ്രൂപ്പ് ആണെങ്കിൽ അഡ്മിന് മാത്രമേ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും മെൻഷൻ ചെയ്യാനുള്ള ഈ ഫീച്ചർ ഉപയോഗിക്കാനാകൂ.






