തിരുവനന്തപുരം: ഹ്രസ്വദൂരയാത്രകൾക്കുപോലും തയ്യാറെടുക്കുന്നവരുടെ ഉള്ളിലെ പ്രധാന ആശങ്കയാണ് യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗം. സ്ത്രീകളെയും പ്രായമായവരെയും പ്രമേഹം ഉൾപ്പെടെയുള്ള രോഗബാധിതരെയും കുട്ടികളെയുമെല്ലാം അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണുകയാണ് ശുചിത്വമിഷനുമായി ചേർന്ന് സർക്കാർ. തദ്ദേശവകുപ്പിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ‘ക്ലൂ’ (KLOO) എന്നപേരിൽ പ്രത്യേക ആപ്ലിക്കേഷൻ നിലവിൽ വരുന്നു. യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ് സഹായിക്കും. ഫ്രൂഗൽ സയിന്റിഫിക് സ്റ്റാർട്ടപ്പാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ശുചിത്വമിഷനോടൊപ്പം സംരംഭത്തിന്റെ പാർട്‌ണറാകും.സ്വകാര്യമേഖലയിലുൾപ്പെടെയുള്ള ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച ശുചിമുറികളെ ആപ്പുമായി ബന്ധിപ്പിക്കും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ആപ്പിൽ ലഭ്യമായ ശുചിമുറികളുടെ സേവനം ഉപയോഗപ്പെടുത്താം. തത്സമയ അപ്ഡേറ്റ്, മാപ്പിൽ ലഭിക്കുന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവയോടൊപ്പം വൃത്തിയുടെയും മറ്റ് സൗകര്യങ്ങളുടെയും ഗുണനിലവാര റേറ്റിങ്ങും ഉപയോക്താക്കൾക്ക് രേഖപ്പെടുത്താം.
ആപ്പിൽ അംഗമാകുന്ന സ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ആപ്പിൽ നൽകുകവഴി ഇതുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്ക് ഉപയോക്താക്കൾക്കിടയിൽ പ്രചാരം വർധിപ്പിക്കാനാകും.ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന ക്ലൂ ആപ്പിലേക്ക് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ 28 മുതൽ ആരംഭിക്കുമെന്ന് ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് പറഞ്ഞു.






