തിരുവനന്തപുരം: വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ്. ഡിസംബര്‍ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വോട്ടര്‍ക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിനെതിരേയാണ് ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
പോളിങ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും വീഡിയോഗ്രഫി ചെയ്യുന്നതും നിരോധിച്ച് നിയമപരമായ ഉത്തരവ് നിലനിൽക്കെ അതിന് വിപരീതമായി പ്രതി ഉത്തരവ് ലംഘിച്ച് വോട്ടർമാരുടെ ഇടയിൽ സ്വാധീനം ചെലുത്തണമെന്ന ഉദ്ദേശത്തോടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുന്നത് ഫോണിൽ പകർത്തി. ഇത് ഇയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും സ്ഥലത്ത് മനഃപൂർവ്വം സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്.






