അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും.
കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് ശേഷമാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്നെയും കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനേയും ഉള്‍പ്പെടെ ചിലര്‍ മനപൂര്‍വം കുടുക്കിയെന്ന് ആരോപിച്ച് കൊണ്ടായിരുന്നു വിഡിയോ. കുറ്റകൃത്യത്തെ ലഘൂകരിക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും പ്രതികളെ ന്യായീകരിക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. അതിജീവിതയുടെ പേര് ഇയാള്‍ വിഡിയോയില്‍ പലവട്ടം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
മാര്‍ട്ടിനെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.






