spot_img
Saturday, August 1, 2026

ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ; വിധി വ്യാഴാഴ്ച



കൊല്ലം: സംസ്ഥാനത്തെ നടുക്കിയ കൊട്ടാരക്കരയിലെ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. വ്യാഴാഴ്ച വിധി പ്രസ്താവിക്കും. കൊലപാതകം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുടവട്ടൂർ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. മകളുടെ കൊലയാളിക്കുള്ള വിധി എന്തെന്ന് അറിയാൻ വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെയും വന്ദനയുടെ മാതാപിതാക്കളുടെയും ആവശ്യം.

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതിയിൽ നിന്ന് മർദ്ദനം ഏറ്റിരുന്നു.

ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എം.ബി.ബി.എസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്.

കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഈ കൊലപാതകം വഴിവച്ചിരുന്നു. സംസ്ഥാനത്തുടനീളം ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കി തെരുവിലിറങ്ങി.ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സർക്കാരും ആരോഗ്യവകുപ്പും വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles