spot_img
Wednesday, May 27, 2026

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്



തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ പരിശോധന. കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്‌ , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്‌, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്‌. 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.

ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം.മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടി ചോദ്യം ചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) കമ്പനിയും ഉദ്യോഗസ്ഥരും നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. പിണറായി വിജയന്‍റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി സമൻസ് അയക്കാൻ ഇ ഡിക്ക് അധികാരമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അയക്കുന്ന സമൻസിനെതിരെ ഹർജി നൽകുന്നത് അപക്വമായ നടപടിയാണെന്നടക്കം വ്യക്തമാക്കിയാണ് ജസ്റ്റിസ് ടി. ആർ രവി ഹർജി തള്ളിയത്.

സി.എം.ആർ.എൽ കമ്പനി എക്സാലോജിക് സൊലൂഷൻസിന് ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. കമ്പനിക്ക് ഈ ബോർഡിന്റെ ഇളവുകൾ ലഭിച്ചിട്ടുള്ളതിനാൽ ഇ.ഡിയുടെ അന്വേഷണം നിലനിൽക്കുന്നതല്ലെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ, ഈ ഇളവുകൾ കള്ളപ്പണക്കേസിലെ അന്വേഷണത്തിന് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കി. പി.എം.എൽ.എ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ പരിധിയിൽ വരുന്നതല്ല. അതിനാൽ, ആദായനികുതി വകുപ്പിൽനിന്ന് ആനുകൂല്യം ലഭിക്കുന്നുവെന്നത് ഇ.ഡി നടപടികളിൽനിന്ന് സംരക്ഷണം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇത്തരം കുറ്റകൃത്യത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ ഇ.ഡിക്ക് എഫ്.ഐ.ആറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ഇന്ന് പുലർച്ചെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും ഇഡി സംഘമെത്തിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles