spot_img
Saturday, June 13, 2026

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ.



*സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂർണ്ണമായും താളം തെറ്റിച്ചുകൊണ്ട് മലപ്പുറം ജില്ലയിൽ അവശ്യ പച്ചക്കറികളുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയായി തുടരുന്ന ഈ വിലക്കയറ്റം ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്ക് പുറമെ നിത്യോപയോഗ പച്ചക്കറികളായ ബീൻസ്, കാബേജ് തുടങ്ങിയവയുടെ വിലയും റെക്കോർഡ് നിരക്കിലെത്തിച്ചു.ഒരാഴ്ച മുൻപ് വരെ ജില്ലയിലെ വിപണികളിൽ കിലോയ്ക്ക് 50 രൂപയിൽ താഴെ ലഭ്യമായിരുന്ന പല പച്ചക്കറികൾക്കും ഇപ്പോൾ 80 മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 100 രൂപയിൽ താഴെയായിരുന്ന ഇഞ്ചിയുടെ ചില്ലറ വില ഇപ്പോൾ 170 മുതൽ 200 രൂപ വരെയായി വർദ്ധിച്ചു. വെളുത്തുള്ളി വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണ്. ബീൻസിന്റെ വില കുതിച്ചുയർന്ന് 150 രൂപയിലെത്തിയപ്പോൾ, വെറും 25 രൂപയ്ക്ക് ലഭിച്ചിരുന്ന കാബേജിന് ഇപ്പോൾ വിപണിയിൽ 50 രൂപ നൽകണം.

ഇന്ധനവില വർദ്ധനവിന് പിന്നാലെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികളുടെ വരവ് കുറഞ്ഞതാണ് വിപണിയിലെ പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്ന തമിഴ്‌നാട്ടിലെ ദിണ്ടിഗൽ, മേട്ടുപ്പാളയം, സഞ്ചിരിമല, കർണാടകയിലെ ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ കടുത്ത ചൂട് കാരണം പച്ചക്കറിത്തോട്ടങ്ങളിലേക്കുള്ള ജലസേചനം തടസ്സപ്പെട്ടിരുന്നു. ഇത് ഉത്പാദനം പകുതിയായി കുറയുന്നതിനും വിളവെടുപ്പിനെ സാരമായി ബാധിക്കുന്നതിനും കാരണമായി. ഇതോടെ അതിർത്തി കടന്നെത്തുന്ന പച്ചക്കറികളുടെ അളവ് കുത്തനെ കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു.

ഇതര സംസ്ഥാന പച്ചക്കറികൾക്ക് വില കൂടിയതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾക്കും വില വർദ്ധിച്ചിട്ടുണ്ട്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മത്തൻ, വെള്ളരി, എളവൻ, ചേമ്പ്, പയർ, വഴുതന, വെണ്ട തുടങ്ങിയവയ്ക്ക് ‘നാടൻ പച്ചക്കറി’ എന്ന പേരിൽ പൊതുവിപണിയേക്കാൾ 10 രൂപയിലധികം കൂട്ടിയാണ് വ്യാപാരികൾ ഇപ്പോൾ വിൽക്കുന്നത്.വിലക്കയറ്റം ഇതേ രീതിയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ ഹോട്ടൽ ഭക്ഷണ വിലയെയും ഇത് ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.

*



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles