തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തിയ ശക്തമായ മിന്നൽ പരിശോധനയിൽ വൻ വിജയം. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ലഹരിവസ്തുക്കളുടെ വിപണനത്തിലും കടത്തിലും ഏർപ്പെട്ട 179 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ലഹരി ഇടപാടുകൾ നടത്തുന്നതായി സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ കർശന പരിശോധനകൾക്കൊടുവിൽ 174 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് വിവിധ തരത്തിലുള്ള നിരോധിത ലഹരിവസ്തുക്കളും മാരക രാസലഹരി ശേഖരവും വൻതോതിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ സംസ്ഥാനത്താകെ 2,433 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,619 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കിലോഗ്രാം കണക്കിന് നിരോധിത പുകയില-ലഹരി ഉൽപ്പന്നങ്ങളും മാരകമായ രാസലഹരി വസ്തുക്കളുമാണ് ഇതുവരെ മൊത്തമായി പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
നിങ്ങളുടെ പ്രദേശത്തെ ലഹരി വിപണനത്തെക്കുറിച്ചോ കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ പോലീസിനെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പറുകൾ:ഫോൺ: 9497979794, 9497927797വാട്സ്ആപ്പ്: 9995966666






