തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ ആറാം പ്രവൃത്തിദിനം നടന്ന വിദ്യാർഥികളുടെ കണക്കെടുപ്പിൽ പിഴവുകളുള്ള ആധാർ (യുഐഡി) നൽകിയവർക്ക് അത് പരിഹരിച്ച് സമർപ്പിക്കാൻ 25 വരെ സർക്കാർ സാവകാശം അനുവദിച്ചു. ആധാറിന് അപേക്ഷിച്ചിട്ടും ആറാം പ്രവൃത്തി ദിവസത്തിനകം കിട്ടാത്തവർക്ക് അത് സമർപ്പിക്കാൻ ജൂലൈ 14 വരെ അവസരമുണ്ടാകും.
ആധാറിന് അപേക്ഷിച്ച ഇഐഡി നമ്പർ നൽകിയവർക്കാവും ഈ സാവകാശം ലഭിക്കുക.പിഴവുകളില്ലാത്ത യുഐഡി സമർപ്പിച്ച വിദ്യാർഥികളുടെ എണ്ണം മാത്രമാകും ഇത്തവണയും തസ്തിക നിർണയത്തിനു പരിഗണിക്കുക. വിദ്യാഭ്യാസചട്ട പ്രകാരം ജൂലൈ 15ന് ആണ് തസ്തിക നിർണയം പൂർത്തിയാക്കേണ്ടത്.അതേസമയം, ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും യൂണിഫോം, സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയ ഒരു ആനുകൂല്യങ്ങളും നിഷേധിക്കില്ലെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.






