spot_img
Wednesday, June 17, 2026

അഗ്നിരക്ഷാസേനയിലേക്ക് 1000 ഹോംഗാർഡുമാർ; സേനയെ ആധുനികവൽക്കരിക്കാൻ കർമപദ്ധതിയുമായി സർക്കാർ.



തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനായി സൈനിക സേവനത്തിൽനിന്ന് വിരമിച്ച 1000 പേരെ ഹോംഗാർഡുമാരായി പുതുതായി നിയമിക്കാൻ സർക്കാർ തീരുമാനം. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്ത്, പുതുതായി നിയമിക്കപ്പെടുന്നവരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ട്രാഫിക് ഡ്യൂട്ടി ഉൾപ്പെടെയുള്ള സേവനങ്ങൾക്കുമായി വിന്യസിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനവും വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും മുൻനിർത്തി സേനയെ സമഗ്രമായി ആധുനികവൽക്കരിക്കുന്നതിന് സർക്കാർ പ്രത്യേക കർമപദ്ധതി തയ്യാറാക്കും.നിലവിൽ സംസ്ഥാനത്തുള്ള 133 ഫയർ സ്റ്റേഷനുകൾക്ക് പുറമെ കൂടുതൽ ഉദ്യോഗസ്ഥരെയും ഫയർമാൻമാരെയും നിയമിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.

ഉയർന്ന കെട്ടിടങ്ങളിലെ തീപ്പിടിത്തങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി സ്കൈ ലിഫ്റ്റുകളും സ്മോൾ ലിഫ്റ്റുകളും വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സേനയെ ഒരു പ്രൊഫഷണൽ രീതിയിൽ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റസിഡൻസ് അസോസിയേഷനുകൾ, സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് സിവിൽ ഡിഫൻസ് പരിശീലനവും ദുരന്തനിവാരണ ബോധവൽക്കരണവും ശക്തമാക്കും.

കുട്ടികൾക്കും ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്കുമായി നീന്തൽ പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. കൂടാതെ, സംസ്ഥാനത്തെ തീപ്പിടിത്ത സാധ്യതയുള്ള പ്രദേശങ്ങളിൽ സർവേ നടത്താനും കാട്ടിനുള്ളിലെ തീപ്പിടിത്തം പ്രതിരോധിക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles