spot_img
Thursday, June 18, 2026

ആഫ്രിക്കൻ കരുത്തറിഞ്ഞ് പോർച്ചുഗൽ; കോംഗോയ്‌ക്കെതിരേ സമനില, നിറംമങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ.



ഹൂസ്റ്റൺ: ലോകകപ്പിലെ മികച്ച ടീമുകളിലൊന്നെന്ന പെരുമയുമായെത്തിയ പോർച്ചുഗലിനെ സമനിലയിൽ തളച്ച് (1-1) കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ. ഗ്രൂപ്പ് കെയിലെ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആറാം മിനിറ്റിൽ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും പലപ്പോഴും പോർച്ചുഗീസ് ഗോൾമുഖം വിറപ്പിക്കാനും മത്സരത്തിലുടനീളം തങ്ങളുടെ കരുത്തറിയിക്കാനും അവർക്കായി. പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തും നിറംമങ്ങി. ആദ്യ പകുതിയിൽ താരത്തിന് ഒരു തവണ മാത്രമാണ് എതിർ ടീം ബോക്‌സിൽ പന്ത് തൊടാനായത്.

രണ്ടാം പകുതിയിൽ ലഭിച്ച രണ്ട് അവസരങ്ങൾ താരം കളഞ്ഞുകുളിക്കുകയും ചെയ്തു.ആത്മവിശ്വാസത്തോടെയാണ് പോർച്ചുഗൽ മത്സരം തുടങ്ങിയത്. കിക്കോഫിനു പിന്നാലെ തന്നെ കോംഗോ ഗോൾമുഖത്തേക്ക് അവർ ആക്രമിച്ചു കയറി. ഇതോടെ ആറാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ഇടതുവിങ്ങിൽ നിന്ന് പെഡ്രോ നെറ്റോ നൽകിയ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ജാവോ നെവെസ് വലയിലാക്കുകയായിരുന്നു.

10 മിനിറ്റിനു ശേഷം കോംഗോ മത്സരത്തിൽ താളംകണ്ടെത്തി. അതോടെ പോർച്ചുഗീസ് മുന്നേറ്റങ്ങളുടെ മൂർച്ച കുറഞ്ഞു. കോംഗോ കടുത്ത പ്രതിരോധമുയർത്തിയതോടെ പോർച്ചുഗൽ പന്ത് കൈവശംവെച്ച് കളിക്കാനാരംഭിച്ചു. കളിയുടെ വേഗത കുറച്ചായിരുന്നു പിന്നീട് പോർച്ചുഗൽ മുന്നേറ്റങ്ങൾ. മധ്യനിരയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത് വിറ്റീന്യയായിരുന്നു.ഇടയ്ക്ക് കോംഗോ ഏതാനും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫൈനൽ തേർഡിൽ കാര്യമായ സമ്മർദം സൃഷ്ടിക്കാനായില്ല.

യൊവാൻ വിസ്സയും സെഡ്രിക്ക് ബക്കാംബുവും ഏതാനും ലോങ് റേഞ്ചറുകൾ പ്രയോഗിച്ചു നോക്കിയെങ്കിലും അതും തുടക്കത്തിൽ ഫലവത്തായില്ല.എന്നാൽ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കോംഗോയുടെ ചരിത്ര ഗോൾ പിറന്നു. ഒരു കോർണറിനൊടുവിൽ ആർതുർ മസ്വാക്കു നൽകിയ ക്രോസ് പോർച്ചുഗീസ് ഡിഫൻഡർമാർക്കിടയിലൂടെ ഉയർന്നുചാടി കിടിലനൊരു ഹെഡറിലൂടെ യൊവാൻ വിസ്സ വലയിലാക്കുകയായിരുന്നു (1-1).

ലോകകപ്പിൽ കോംഗോയുടെ ആദ്യ ഗോളായിരുന്നു ഇത്.ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് വാങ്ങിയ ബെർണാർഡോ സിൽവയ്ക്ക് പകരം ഫ്രാൻസിസ്‌കോ കോൺസെയ്‌സാവോയെ കളത്തിലിറക്കിയാണ് പോർച്ചുഗൽ രണ്ടാം പകുതിക്കിറങ്ങിയത്. ഇതോടെ പോർച്ചുഗീസ് വലതുവിങ് സജീവമായി.കോൺസെയ്‌സാവോയുടെമുന്നേറ്റങ്ങൾ കോംഗോ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.ഗോൾ നേടിയതോടെ രണ്ടാം പകുതിയിൽ വർധിച്ച ആത്മവിശ്വാസത്തോടെ കളിക്കുന്ന കോംഗോയെയാണ് കാണാനായത്.

എഡോ കയെംബെയും സാമുവൽ മുത്തുസ്വാമിയും നോവ സദിക്കിയും മുന്നേറ്റനിരയ്ക്ക് തുടർച്ചയായി പന്തെത്തിച്ചതോടെ പോർച്ചുഗലിന് പ്രതിരോധത്തിൽ പിടിപ്പത് പണിയായി.ഇതിനിടെ 54-ാം മിനിറ്റിൽ ഒരു ഓവർഹെഡ് കിക്കിലൂടെ ജാനോ കാൻസെലോ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി. പിന്നാലെ 57-ാം മിനിറ്റിൽ കോംഗോ ഗോളിനടുത്തെത്തി.പോർച്ചുഗീസ്

ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ച സെഡ്രിക്ക് ബക്കാംബുവിന്റെ ഷോട്ട് പക്ഷേ പോസ്റ്റിലിടിച്ച് മടങ്ങി.ഇരു ഭാഗത്തും ആക്രമണങ്ങൾ ശക്തമായതോടെ മത്സരം ചൂടുപിടിച്ചു. ഇതോടെ ഇടയ്ക്ക് കാര്യങ്ങൾ ചെറിയ കയ്യാങ്കളിയിലേക്കും നീണ്ടു. പിന്നാലെ ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തുന്നതും കണ്ടു. 68-ാം മിനിറ്റിൽ കോൺസെയ്‌സാവോ ഒരുക്കി നൽകിയ അവസരം റൊണാൾഡോ പുറത്തേക്കടിച്ചുകളഞ്ഞു.പിന്നാലെ

73-ാം മിനിറ്റിലും റൊണാൾഡോ അവസരം നഷ്ടപ്പെടുത്തി. ഈ സമയത്തെല്ലാം കോൺസെയ്‌സാവോ മികച്ച ഒറ്റയാൾ മുന്നേറ്റങ്ങൾ നടത്തി ശ്രദ്ധനേടി.മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പോർച്ചുഗീസ് മുന്നേറ്റങ്ങൾ ഫലപ്രദമായി പ്രതിരോധച്ചതോടെ കോംഗോയ്ക്ക് ജയത്തോളം പോന്ന സമനില. കോംഗോയുടെ പ്രകടനത്തിൽ പോർച്ചുഗീസ് താരങ്ങൾ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles