spot_img
Thursday, June 18, 2026

ഗതാഗതരംഗത്ത് വൻ മാറ്റത്തിന് സർക്കാർ നീക്കം; സ്വകാര്യ ബസുകളെ ഏറ്റെടുക്കാൻ കെ.എസ്.ആർ.ടി.സി നീക്കം.



തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയുമായി സർക്കാർ. സ്വകാര്യ ബസുകളെ കെ.എസ്.ആർ.ടി.സി സംവിധാനത്തിന്റെ ഭാഗമാക്കി പ്രവർത്തിപ്പിക്കുന്ന മാതൃക നടപ്പാക്കാനാണ് ആലോചന.

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനും സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

ഉത്തർപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ മാതൃകയാണ് കേരളവും പഠിക്കുന്നത്.

പദ്ധതിപ്രകാരം സ്വകാര്യ ബസുകൾക്ക് കെ.എസ്.ആർ.ടി.സി നിശ്ചിത വാടക നൽകും. ഡ്രൈവർമാരുടെ ശമ്പളച്ചുമതല ബസുടമകൾക്കായിരിക്കുമ്പോൾ, കണ്ടക്ടർമാരെ നിയമിക്കുക കെ.എസ്.ആർ.ടി.സിയായിരിക്കും. ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കും.പദ്ധതി യാഥാർഥ്യമായാൽ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ കൂടുതൽ സർവീസുകൾ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.കൂടാതെ യാത്രാനിരക്കുകളിൽ അനിയന്ത്രിത വർധനവ് ഒഴിവാക്കി പൊതുജനങ്ങൾക്ക് കൂടുതൽ സ്ഥിരതയുള്ള സേവനം ലഭ്യമാക്കാനും സാധിക്കും.

വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും കുറഞ്ഞുവരുന്ന വരുമാനവുമാണ് സ്വകാര്യ ബസുടമകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇതിന്റെ പശ്ചാത്തലത്തിൽ നിരക്ക് വർധനയും നികുതി ഇളവുകളും അവർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പുതിയ മാതൃകയിൽ ദിവസവരുമാനത്തേക്കാൾ സ്ഥിരമായ വാടക ലഭിക്കുന്നതിനാൽ സ്വകാര്യ ബസ് ഉടമകൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി കാരണം വരുമാനം കുറഞ്ഞുവെന്ന ബസുടമകളുടെ പരാതികൾക്കും ഇതിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ

• സർക്കാരിന് പുതിയ ബസുകൾ വാങ്ങാൻ വലിയ നിക്ഷേപം വേണ്ടിവരില്ല.

• യാത്രാനിരക്കുകളും കൺസെഷൻ നിരക്കുകളും കൂടുതൽ ക്രമബദ്ധമായി നിശ്ചയിക്കാം.

• പൊതുഗതാഗത സേവനങ്ങളുടെ ഏകോപനം ശക്തമാകും.

• കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ കണ്ടക്ടർ തസ്തികകൾ സൃഷ്ടിക്കപ്പെടും.

• ഗ്രാമീണ മേഖലകളിലേക്കും സേവന വ്യാപനം എളുപ്പമാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles