spot_img
Friday, June 19, 2026

മലബാറില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം; ആഗോള വിപണി ലക്ഷ്യമിട്ട് ബ്രാൻഡ് കേരള സംരംഭം.



തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സംസ്ഥാന ബജറ്റില്‍ ല്‍ മലബാറിലെ കായിക മേഖലയ്ക്കും വ്യവസായ വികസനത്തിനും ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍.ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിനിടയില്‍ മലബാറില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിർമ്മിക്കാൻ 50 കോടി രൂപ വകയിരുത്തി. കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കാനും അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

കേരളീയ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ആഗോളതലത്തില്‍ ഉയർത്താൻ ബ്രാൻഡ് കേരള എന്ന സമഗ്ര വിപണി വികസന സംരംഭം ആരംഭിക്കും. സുഗന്ധ വ്യഞ്ജനങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, കൈത്തറി, ആയുർവേദ കൂട്ടുകള്‍, കശുവണ്ടി, കയർ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരുടെ ലേബലിലല്ലാതെ സ്വന്തം ബ്രാൻഡില്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഇതിനായി കേരള മാർക്ക് എന്ന സർട്ടിഫിക്കേഷൻ ചട്ടക്കൂട് നിലവില്‍ വരും. ഉല്‍പ്പന്നങ്ങളുടെ ആധികാരികതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിലൂടെ ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

മത്സ്യത്തൊഴിലാളി മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കാൻ ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കും. തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കാനും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം, വിദേശ പഠന സഹായം എന്നിവ നല്‍കാനും തീരുമാനിച്ചു. വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങള്‍ക്ക് റെസ്ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യവിപണനത്തിന് ഷീ സ്കൂട്ടറുകളും ലഭ്യമാക്കും.

അതിവേഗ നഗരവല്‍ക്കരണത്തിന്റെ ഭാഗമായി 100 കോടി രൂപ വകയിരുത്തി കേരള അർബൻ ഗ്രോത്ത് മിഷൻ പദ്ധതി നടപ്പിലാക്കും. നഗരങ്ങളിലെ പൊതുഗതാഗതം, മാലിന്യ സംസ്കരണം, മഴവെള്ള നിയന്ത്രണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സ്ഥാപിക്കുകയും കൊച്ചിയിലെ നിലവിലെ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles