spot_img
Friday, June 19, 2026

സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനങ്ങൾ; സംസ്ഥാന ബജറ്റിനെ സ്വാഗതംചെയ്ത് പൃഥ്വിരാജ്.



സംസ്ഥാന സർക്കാരിൻ്റെ ആദ്യ ബജറ്റിൽ മലയാളസിനിമയ്ക്ക് ഇടം നൽകിയതിൽ നന്ദി പറഞ്ഞും സർക്കാരിനെ പിന്തുണച്ചും നടൻ പൃഥ്വിരാജ് സുകുമാരൻ. ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ പ്രഖ്യാപനം സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനം സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാമെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.”മലയാളസിനിമയുടെ സ്രഷ്‌ടാവ് എന്നുതന്നെ വിളിക്കാവുന്ന ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു.

ആൻ്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.” പൃഥ്വിരാജിന്റെ വാക്കുകൾ.

മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സാംസ്കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കും. കൂടാതെ, സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആൻ്റി പൈറസി സെൽ തുടങ്ങിയവയും ബജറ്റിൽപ്രഖ്യാപിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles