spot_img
Sunday, June 21, 2026

ഇരട്ട ഗോളുകളുമായി ബ്രോബിയും ഗാക്‌പോയും; ഹൂസ്റ്റണിൽ ഡച്ച് തേരോട്ടം, സ്വീഡനെ തകർത്തത് 5-1ന്.



ഹൂസ്റ്റൺ : ബ്രയാൻ ബ്രോബി എത്തിയതോടെ കരുത്താർജിച്ച മുന്നേറ്റനിരയുടെ മികവിൽ സ്വീഡനെ തകർത്ത് നെതർലൻഡ്‌സ്. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കായിരുന്നു ഡച്ച് ടീമിന്റെ വിജയം.ബ്രയാൻ ബ്രോബിയും കോഡി ഗാക്‌പോയും നെതർലൻഡ്‌സിനായി ഇരട്ട ഗോളുകൾ നേടി. ഒരു ഗോൾ ക്രിസെൻസിയോ സമ്മർവില്ലെയുടെ വകയായിരുന്നു. ആന്തണി എലാംഗയുടെ വകയായിരുന്നു സ്വീഡന്റെ ആശ്വാസഗോൾ. ജയത്തോടെ രണ്ടു കളികളിൽ നിന്ന് നാല് പോയന്റുമായി ഓറഞ്ച് പട നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.

നേരത്തേ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെ ജപ്പാൻ സമനിലയിൽ (2-2) തളച്ചിരുന്നു.ഹൂസ്റ്റണിൽ കളിയാരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ നെതർലൻഡ്‌സ് മുന്നിലെത്തി. ഡച്ച് മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽ നിന്ന് കോഡി ഗാക്‌പോ നൽകിയ ക്രോസ് അനായാസം വലയിലെത്തിച്ച് ബ്രയാൻ ബ്രോബിയാണ് നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചത്.

സ്വീഡിഷ് ടീമിന്റെ പ്രതിരോധ നിരയ്ക്ക് ബ്രോബിയെ കൃത്യമായി മാർക്ക് ചെയ്യാൻ സാധിക്കാതിരുന്നതാണ് തിരിച്ചടിയായത്. സ്വീഡിഷ് ഡിഫൻഡർക്ക് ഒന്ന് സ്ലൈഡ് ചെയ്ത് ക്ലിയർ ചെയ്യാമായിരുന്ന ക്രോസിലാണ് ബ്രോബി സ്‌കോർ ചെയ്തത്.ഗോൾവഴങ്ങിയതിനു തൊട്ടുപിന്നാലെ ലഭിച്ച അവസരം മുതലാക്കാൻ സ്വീഡിഷ് താരം വിക്ടർ യോക്കെരെഷിന് സാധിച്ചില്ല. ഏഴാം മിനിറ്റിലെ യോക്കെരെഷിന്റെ ഗോൾ ശ്രമം ഡച്ച് ഗോളി ബാർട്ട് വെർബ്രൂഗെൻ ഫലപ്രദമായി പ്രതിരോധിച്ചു.പിന്നാലെ തുടർച്ചയായി ഡച്ച് ടീം അവസരങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു. 17-ാം മിനിറ്റിൽ ബ്രോബിയിലൂടെ തന്നെ അവർ രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യ ഗോളിന് സമാനമായിരുന്നു രണ്ടാം ഗോളും. എന്നാൽ ഇത്തവണ വലതു വിങ്ങിൽ നിന്ന് ഡെൻസെൽ ഡംഫ്രീസ് നൽകിയ ക്രോസ് ബ്രോബി വലയിലെത്തിക്കുകയായിരുന്നു.

ഇത്തവണയും സ്വീഡിഷ് പ്രതിരോധം കാഴ്ചക്കാരായി.ഇതിനിടെ 33-ാം മിനിറ്റിൽ ഗോൾ മടക്കാൻ ലഭിച്ച അവസരം യോക്കെരെഷ് നഷ്ടപ്പെടുത്തി. അലക്‌സാണ്ടർ ഈസാക് നൽകിയ പാസിൽ നിന്നുള്ള യോക്കെരെഷിന്റെ ഷോട്ട് വെർബ്രൂഗെൻ തടഞ്ഞിട്ടു. പിന്നാലെ 37-ാം മിനിറ്റിലും യോക്കെരെഷിനെ വെർബ്രൂഗെൻ തടഞ്ഞു. തുടർന്നും ആദ്യ പകുതിയിലെ യോക്കെരെഷിന്റെ ഒന്നിലേറെ ശ്രമങ്ങൾ വെർബ്രൂഗെൻ തടഞ്ഞു.ഇതിനിടെ 44-ാം മിനിറ്റിൽ ബെഞ്ചമിൻ നൈഗ്രെൻ എടുത്ത ഫ്രീകിക്കിൽ നിന്ന് ഗൂസ്താവ് ലാഗെർബിയെൽക്കെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി.

ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്നതാണ് സ്വീഡന് തിരിച്ചടിയായത്.രണ്ടാം പകുതിയിലും നെതർലൻഡ്‌സിന്റെ മുന്നേറ്റമായിരുന്നു. 47-ാം മിനിറ്റിൽ അവർ മൂന്നാം ഗോളും നേടി. ആദ്യ രണ്ട് ഗോളുകൾക്ക് സമാനമായിരുന്നു മൂന്നാം ഗോളും. വലതുവിങ്ങിൽ നിന്ന് ഡംഫ്രീസ് നൽകിയ ക്രോസ്, സ്വീഡിഷ് ഡിഫൻഡർമാർക്ക് ആർക്കും തന്നെ ക്ലിയർ ചെയ്യാൻ സാധിക്കാതെ എത്തിയത് കോഡി ഗാക്‌പോയുടെ കാലിൽ. ഫസ്റ്റ് ടച്ചിൽ തന്നെ താരം വലകുലുക്കി.പിന്നാലെ 54-ാം മിനിറ്റിൽ ഗാക്‌പോ വീണ്ടും വലകുലുക്കി. മികച്ചൊരു ഡച്ച് മുന്നേറ്റത്തിനൊടുവിൽ ക്രിസെൻസിയോ സമ്മർവില്ലെ നൽകിയ പന്ത് ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് ഗാക്‌പോ വലയിലാക്കുകയായിരുന്നു.

നാലു ഗോൾ നേടിയതിന്റെ ആത്മവിശ്വാസത്തിൽ നെതർലൻഡ്‌സ് ആക്രമണം കടുപ്പിക്കുന്നതിനിടെ ഒരു കൗണ്ടർ അറ്റാക്കിൽ സ്വീഡൻ തിരിച്ചടിച്ചു. 59-ാം മിനിറ്റിൽ മൈതാന മധ്യത്തു നിന്ന് ഈസാക് നൽകിയ പന്തുമായി മുന്നേറിയ ആന്തണി എലാംഗ, ഡച്ച് ഡിഫൻഡർമാർക്കിടയിലൂടെ അതിവിദഗ്ധമായി സ്‌കോർ ചെയ്തു.89-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെ നെതർലൻഡ്‌സിന്റെ ഗോൾ പട്ടിക തികച്ചു. മെംഫിസ് ഡീപേ നൽകിയ പാസ് സ്വീകരിച്ച സമ്മർവില്ലെ, ബോക്‌സിന് പുറത്തു നിന്ന് വലകുലുക്കുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles