spot_img
Sunday, June 21, 2026

കെഎസ്ആർടിസി ബസിൽ സംശയാസ്പദ യാത്രക്കാരൻ; പരിശോധനയിൽ ഒന്നും കിട്ടിയില്ല, സ്‌കാനിൽ തെളിഞ്ഞത് വയറ്റിനുള്ളിൽ ഉരുളയുടെ രൂപത്തിൽ ഒളിപ്പിച്ച എംഡിഎംഎ.



സുൽത്താൻബത്തേരി: മയക്കുമരുന്ന് കൈവശം വെച്ചതിന്റെ തെളിവുകൾ ഇല്ലാതാക്കാൻ എംഡിഎംഎ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഒടുവിൽ പോലീസിന്റെ വലയിലായി. വയറ്റിനുള്ളിൽ ഒളിപ്പിച്ച ലഹരിവസ്തു ആശുപത്രിയിലെ സ്‌കാനിംഗിലൂടെയാണ് കണ്ടെത്തിയത്.കോഴിക്കോട് പരപ്പൻപൊയിൽ തെക്കേപുരയിൽ വീട്ടിൽ സനീഷ് കുമാർ (40) ആണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.

കർണാടക ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസിൽ ബത്തേരി കോട്ടക്കുന്നിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ സംശയാസ്പദമായി പെരുമാറിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനാകാതിരുന്നതോടെ ഇയാളെ ആശുപത്രിയിലെത്തിച്ച് വിശദ പരിശോധന നടത്തി. സ്‌കാനിംഗിലാണ് വയറ്റിനുള്ളിൽ ഉരുളയുടെ രൂപത്തിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. കവറടക്കം ഏകദേശം 64 ഗ്രാം എംഡിഎംഎയാണ് ഇയാൾ വിഴുങ്ങിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കും കൂടുതൽ പരിശോധനകൾക്കുമായി സനീഷ് കുമാറിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മയക്കുമരുന്ന് വിഴുങ്ങി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ജാഗ്രതയും വൈദ്യപരിശോധനയും പ്രതിയുടെ നീക്കം പൊളിച്ചടുക്കുകയായിരുന്നു.ലഹരിക്കടത്തിനെതിരായ പരിശോധനകൾ സംസ്ഥാനത്ത് ശക്തമാക്കിയ സാഹചര്യത്തിൽ, ഇത്തരം കേസുകളിൽ കൂടുതൽ കർശന നടപടികൾ തുടരുമെന്ന് പോലീസ് വ്യക്തമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles