spot_img
Monday, June 22, 2026

ആകാശയാത്രയിലും ഇന്റർനെറ്റ് ഉപയോഗിക്കാം; എല്ലാ വിമാനങ്ങളിലും വൈ-ഫൈ സേവനത്തിന് നിർദേശം.



ന്യൂഡൽഹി: എല്ലാ ആഭ്യന്തര വിമാനക്കമ്പനികളും തങ്ങളുടെ യാത്രക്കാർക്ക് വൈ-ഫൈ സേവനം നൽകുന്നത് പരിഗണിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിച്ചു. എയർലൈനുകളുടെ ഡെപ്യൂട്ടി മാനേജർമാർക്ക് അയച്ച കത്തിലാണ് ഡിജിസിഎ ഇക്കാര്യം ആവശ്യപ്പെട്ടത്. വിമാനയാത്രയിൽ സ്‌മാർട്ട്‌ഫോണുകൾ ഫ്ലൈറ്റ് മോഡിലായിരിക്കുന്ന സമയം യാത്രക്കാർക്ക് വൈ-ഫൈ വഴി ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ എയർക്രാഫ്റ്റ് റൂൾസ് 1937ലെ റൂൾ 29 ബി അനുവദിക്കുന്നതായി കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ത്യൻ വ്യോമയാന മേഖലയെ ആഗോളതലത്തിലേക്ക് മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിവിധ എയർലൈൻ എക്‌സിക്യൂട്ടീവുകൾ പ്രതികരിക്കുന്നത്.

ഇത് പ്രയാസമുള്ളതും ചെലവേറിയതുമായ പ്രക്രിയ ആണെന്നാണ് ചില എയർലൈൻ വൃത്തങ്ങൾ പറയുന്നത്. പഴയ വിമാനങ്ങളിൽ സേവനം സ്ഥാപിക്കണമെങ്കിൽ അവ താൽക്കാലികമായി പിൻവലിക്കേണ്ടി വരുമെന്നും അതിനാൽ പുതുതായി നിർമ്മിക്കുന്ന വിമാനങ്ങളിൽ സേവനം നൽകുന്ന കാര്യം പരിഗണിക്കാമെന്നുമാണ് ചിലർ പറയുന്നത്.വിഷയത്തിൽ മറുപടി നൽകാൻ എയർ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ ഇൻഡിഗോ റിപ്പോർട്ടിനോട് പ്രതികരിക്കാൻ തയ്യാറായില്ല.2020 ഓഗസ്റ്റ് മുതൽ എല്ലാ യാത്രക്കാർക്കും ‘സ്പൈസ് സ്‌ക്രീൻ’ വൈ-ഫൈ സേവനങ്ങൾ നൽകുന്നുണ്ടെന്ന് സ്‌പൈസ് ജെറ്റ് വൃത്തങ്ങൾ പറഞ്ഞു.വിമാനം 10,000 അടിക്ക് മുകളിൽ പറക്കുമ്പോൾ മാത്രമാണ് വൈ-ഫൈ സേവനം ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

യാത്രക്കാർ തങ്ങളുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപുകൾ തുടങ്ങിയവ ഫ്ലൈറ്റ് മോഡിലാക്കി മാത്രമെ ഉപയോഗിക്കാൻ പാടുള്ളു. വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് എപ്പോൾ വേണമെങ്കിലും വൈ-ഫൈ സേവനം നിർത്തിവയ്‌ക്കാൻ പൈലറ്റിന് പൂർണ അധികാരമുണ്ടാകും.നിലവിൽ എയർ ഇന്ത്യയുടെ 28 വിമാനങ്ങളിൽ വൈ-ഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 65 വൈഡ് ബോഡി വിമാനങ്ങളിൽക്കൂടി സേവനം വർദ്ധിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഡിസിജിഎയുടെ പുതിയ നിർദേശമനുസരിച്ച് എല്ലാ വിമാനങ്ങളിലും വൈ-ഫൈ സേവനം നൽകാൻ എയർലൈനുകൾ ബാദ്ധ്യസ്ഥരാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles