കൊല്ലം : കൊല്ലംകൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ടിപ്പർ ലോറി ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ഡ്രൈവറുടെ നിലവിലെ ലൈസൻസും റദ്ദാക്കും. വാഹനം ഓടിച്ച ഡ്രൈവർ ഒരുമാസം മുമ്പ് ഗൾഫിൽ നിന്ന് എത്തിയതാണ്.വാഹനത്തിന്റെ ജീപി എസ് ഓഫാക്കിയ നിലയിലാണ്. വാഹനത്തിന് 17 വർഷം പഴക്കമുണ്ടെന്നും നിയമ ലംഘനത്തിന് മുമ്പും പിടിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതിനുപിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. അമിത വേഗമാണ് അപകട കാരണമെന്നാണ് കണ്ടെത്തൽ.അതേസമയം, എംവിഡി സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങിയതായി ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
ടിപ്പറിന് 16 വർഷത്തെ കാലപ്പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഏപ്രിലിൽ വാഹനത്തിന്റെ ഫിറ്റ്നസ് ക്ലിയർ ചെയ്തെന്നും പക്ഷേ വണ്ടി കണ്ടിട്ട് ഫിറ്റ്നസ് പോരായെന്നാണ് തോന്നുന്നതെന്നും കൂടുതൽ പരിശോധന നടത്തണമെന്നും നാഗരാജു പറഞ്ഞു. ഫിറ്റ്നസ് അനുവദിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, ഡ്രൈവറുടെയും റോഡിൻ്റേയും അവസ്ഥ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമിത വേഗത ആവാൻ സാധ്യതയുണ്ടെന്നും ഒരു ബൈക്ക് എങ്ങനെ ഇവിടെ എത്തി എന്നും പരിശോധിക്കുമെന്ന് നാഗരാജു കൂട്ടിച്ചേർത്തു.ടിപ്പറുകൾക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ടെന്നും കർശന പരിശോധന തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുമായി ചേർന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.ഉദ്യോഗസ്ഥ ക്ഷാമമുണ്ടെന്നും പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും നാഗരാജു പറഞ്ഞു. ഡ്രൈവിങ് ടെസ്‌റ്റ് കൂടിയെന്നും റോഡ് സേഫ്റ്റി ഫണ്ട് കിട്ടാൻ താമസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടി കഴിഞ്ഞ് പഴയ ടയർ ഇട്ട് ഓടുന്നവരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.






