കോഴിക്കോട് : ജില്ലയില്‍ ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജൂണ്‍ 22ന് ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലയിലെ 11,006 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണവും പ്രതിരോധ നടപടികളും ഉറപ്പാക്കി.ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി 3,479 കിണറുകള്‍ ക്ലോറിനേഷനും 939 കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷനും നടത്തി.
കൂടാതെ, 172 ജലസാമ്പിളുകള്‍ ക്ലോറോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും 55 സാമ്പിളുകള്‍ വിദഗ്ധ ലാബ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലെ 164 അങ്കണവാടികളിലും 100 സ്‌കൂളുകളിലും ആരോഗ്യവകുപ്പ് പ്രത്യേക സന്ദര്‍ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 13,033 സ്ഥലങ്ങളിൽ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകൾ 851 പേര്‍ക്ക് നല്‍കി. വയറിളക്ക രോഗപ്രതിരോധത്തിനായി 779 ഒ.ആര്‍.എസ് പാക്കറ്റുകളും വിതരണം ചെയ്തു.ജില്ലയിലെ 86 വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇതിൽ നിയമലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബോധവത്കരണവും നിരീക്ഷണവുംരോഗവ്യാപനം തടയുന്നതിനായി ഒമ്പത് പഞ്ചായത്ത് തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം (RRT) യോഗങ്ങളും 204 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകളും സംഘടിപ്പിച്ചു. ഇതിനുപുറമേ 2,166 ബോധവത്കരണ നോട്ടീസുകളും വിതരണം ചെയ്തു. അതിഥി തൊഴിലാളികളുടെ 33 വാസസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ആരോഗ്യപ്രവർത്തകർ, 287 അതിഥി തൊഴിലാളികളെ പകര്‍ച്ചവ്യാധി പരിശോധനകള്‍ക്ക് വിധേയമാക്കിയതായും അധികൃതർ അറിയിച്ചു.






