തിരുവനന്തപുരം: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി ഡി സതീശന് കത്തു നൽകി. ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.ഞായറാഴ്ച രാത്രിയിലുണ്ടായ അത്യാഹിതത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. റാസ് ലഫാനിലെ ബാര്‍സാന്‍ ഗ്യാസ് വിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ് അര്‍ജുന്‍. അർജുന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
റാസ് ലഫാനിലെ ബാർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ അർജുൻ എട്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഒന്നരവർഷം മുമ്പായിരുന്നു വിവാഹം. വാണിമേൽ സ്വദേശി അതുല്യയാണ് ഭാര്യ. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ബാർസാൻ ഗ്യാസ് പ്രൊസസിങ് പ്ലാന്റിൽ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കി. ഫോൺ: +974 55647502, +975 55384683.






