നാദാപുരം : കളിക്കുന്നതിനിടെ അലുമിനിയം പാത്രത്തിനുള്ളിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരിക്ക് രക്ഷകരായി നാദാപുരം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പാറക്കടവ് സ്വദേശിയുടെ മകൾ ഫാത്തിമ ആലിയയാണ് ഇന്ന് രാവിലെ വീട്ടിലെ അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ ആലിയ അലുമിനിയം പാത്രം തലയിൽ വെക്കുകയായിരുന്നു. തുടർന്ന് തല പൂർണ്ണമായും പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോയി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ പാത്രം ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ കുട്ടിയെ നാദാപുരം ഫയർ സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നുകുട്ടിയുടെ സുരക്ഷ മുൻനിർത്തി ഏറെ ശ്രദ്ധയോടെയാണ് സംഘം രക്ഷാപ്രവർത്തനം നടത്തിയത്.
കട്ടർ, സ്പ്രെഡർ എന്നീ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ പരിക്കേൽക്കാതെ പുറത്തെടുത്തത്. അതുവരെ കരഞ്ഞുവിളിച്ചിരുന്ന ആലിയ, പാത്രം മാറ്റി ഫയർഫോഴ്സ് മാമന്മാർ കൈകളിൽ എടുത്തതോടെ ചിരിതൂകിയാണ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.നാദാപുരം സ്റ്റേഷൻ ഓഫീസർ വരുൺ എസ്., ഗ്രേഡ് സ്റ്റേഷൻ ഓഫീസർ മധുപ്രസാദ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനീജ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.






