spot_img
Friday, June 26, 2026

കാര്‍ഷിക മേഖലയ്ക്കും മനുഷ്യര്‍ക്കും ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകള്‍.



കാർഷിക മേഖലയെ മുച്ചൂടും മുടിപ്പിക്കുന്നതിനൊപ്പം മനുഷ്യരില്‍ ഏറെ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്ന ആഫ്രിക്കൻ ഒച്ചുകള്‍ പെരുകുന്നു.സംസ്ഥാന വ്യാപകമായ ആഫ്രിക്കൻ ഒച്ചു ശല്യം രൂക്ഷമാണ്. ഇവ ഒറ്റത്തവണ ഇരുന്നൂറ് മുതല്‍ അഞ്ഞൂറ് വരെ മുട്ടകളിടും. ആറുതവണ വരെ മുട്ടകളിടുന്ന ഒരു ആഫ്രിക്കൻ ഒച്ച്‌ ആകെ മൂവായിരത്തോളം മുട്ടകളിടും. ഏഴു ദിവസംകൊണ്ട് മുട്ടകള്‍ വിരിഞ്ഞു പുറത്തുവരും.

സസ്യങ്ങളുടെ ഇലകളും തണ്ടും തിന്ന് വളരുന്ന ഇവ ആറുമാസം കൊണ്ട് പൂർണ വളർച്ചയെത്തും. വാഴ, ചേമ്പ്, ചേന തുടങ്ങിയ വിളകള് ഒറ്റരാത്രികൊണ്ടു തന്നെ ഇവ തിന്നുതീർക്കും. വെയിലിന് ചൂടേറുമ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി രാത്രിയാണ് പുറത്തിറങ്ങുക. നനവുള്ള മണ്ണില്‍ കഴിയുന്ന ഇവ വേനല്‍ക്കാലമാകുമ്പോഴേക്കും മണ്ണിനടിയിലേക്ക് പോയി സുഷുപ്താവസ്ഥയില്‍ കഴിയും. പിന്നീട് മഴക്കാലമാകുന്നതോടെയാണ് പുറത്തുവരിക

ആഫ്രിക്കൻ ഒച്ചുകളുടെ പ്രജനന രീതി തന്നെയാണ് അതിവേഗ വ്യാപനത്തിനാധാരം. ഏഴുദിവസം കൊണ്ട് ഇവയുടെ മുട്ട വിരിയുകയും ആറുമാസം കൊണ്ട് പൂർണ വളർച്ചയെത്തുകയും ചെയ്യും. ഇതിന്റെ കട്ടിയുള്ള പുറന്തോട് നിർമാണത്തിനായി കാൽസ്യം ആവശ്യമായതിനാൽ വാഴ, ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകൾ ഒറ്റരാത്രികൊണ്ട് തിന്നുതീർക്കുന്നതിനാലാണ് ഇവ കാർഷിക മേഖലയുടെ അന്തകനായി മാറുന്നത്.

മാലിന്യമുള്ളിടങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്.ഏതോ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയ ആഫ്രിക്കൻ ഒച്ചുകള്‍ പെട്ടെന്ന് പെരുകയായിരുന്നു. ആഫ്രിക്കൻ ഒച്ചുകളെ കാട്ടുപന്നി, ഉപ്പന് (ചെമ്പോത്ത്), പന്നിയെലി എന്നിവയും ചെറിയ ഒച്ചുകളെ കോഴി, താറാവ് എന്നിവയും തിന്നാറുണ്ട്. എന്നാല്‍, ഒച്ചുകളുടെ ശരീരത്തിലെ സ്രവത്തില്‍ നിരവധി രോഗകാരികളായ വിരകളുടെ മുട്ടകള്‍, ബാക്ടീരിയകള്‍ എന്നിവ ഉള്ളതിനാല്‍ ഒച്ചുകളെ തിന്ന കോഴി, താറാവ് എന്നിവയുടെ മാംസം ഉപയോഗിക്കുന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള രോഗ സാധ്യത കൂടുതലാണെന്ന് പരിസ്ഥിതി പ്രവർത്തകനും ആഫ്രിക്കൻ ഒച്ചുകളെക്കുറിച്ച്‌ ഗവേഷണം നടത്തുകയും ചെയ്യുന്ന ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൂടാതെ, ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിലെ സ്രവം മനുഷ്യരില്‍ തലച്ചോർ സംബന്ധമായ ഗുരുതര രോഗങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.നിലവില്‍ ഇന്ത്യയില്‍ അരുണാചൽ പ്രദേശിലും ഡെറാഡൂണിലുമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആഫ്രിക്കൻ ഒച്ചുകളെത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. മാരക രാസ വസ്തുക്കൾ ഇവയുടെ നശീകരണത്തിന് ഉപയോഗിക്കാമെങ്കിലും അത് പരിസ്ഥിതിയെ ബാധിക്കും.തുരിശും പുകയിലക്കഷായവും ചേർന്ന മിശ്രിതം സ്പ്രേ ചെയ് ഇവയെ നശിപ്പിക്കാം. കൂടാതെ, ആഫ്രിക്കൻ ഒച്ചുകളെ ശേഖരിച്ച്‌ വലിയ കുഴികുത്തി അതില്‍ ഉപ്പ് വിതറിയും ഇവയെ ഉന്മൂലനം ചെയ്യാം.കാർഷിക മേഖലയ്ക്കും മനുഷ്യരാശിക്കും ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ചുകളുടെ നിയന്ത്രണത്തിന് ജനകീയ കൂട്ടായ്മ ഉറപ്പാക്കിയുള്ള സർക്കാർ ഇടപെടല്‍ അനിവാര്യമാണെന്നും ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles