കോഴിക്കോട് : വാഹൻ – സാരഥി പോർട്ടൽ പണിമുടക്കുന്നത് തുടർക്കഥയായതോടെ അപേക്ഷകർ നെട്ടോട്ടത്തിൽ. ലൈസൻസ് പുതുക്കൽ, ലേണേഴ്സ് ടെസ്റ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങിയതോടെ ആർ.ടി.ഒ ഓഫീസുകളിൽ മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങേണ്ട അവസ്ഥയാണ്. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘സാരഥി’ സോഫ്റ്റ്‌വെയർ വഴിയാണ് ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, വിലാസം മാറ്റൽ അപേക്ഷകൾ സമർപ്പിക്കേണ്ടത്.എന്നാൽ
കഴിഞ്ഞ ഒരു മാസമായി തുടർച്ചയായുള്ള തകരാറുകൾ മൂലം സേവനങ്ങൾ പൂർണ്ണമായി തടസപ്പെട്ടു. ഇതോടെ അപേക്ഷ സമർപ്പിക്കാനോ, പുതുക്കാനോ കഴിയാതെയായി. ലേണിംഗ് ലൈസൻസ് ടെസ്റ്റ് എഴുതാനെത്തിയവരാണ് ഏറെ കുഴയുന്നത്. അവധിയെടുത്തും പഠനസമയം മാറ്റിവെച്ചും ടെസ്റ്റിനെത്തുന്നവർ മണിക്കൂറുകളോളം കാത്തിരുന്നിട്ടും പരീക്ഷ പൂർത്തിയാക്കാനാകാതെ മടങ്ങുകയാണ്.കോഴിക്കോട് ആർ.ടി.ഒ ഓഫീസിന് കീഴിൽ മാത്രം പ്രതിദിനം 100 ലേണിംഗ് ടെസ്റ്റുകൾ നടക്കാറുണ്ട്. ജില്ലയിലെ വിവിധ സബ് ആർ.ടി.ഒ ഓഫീസുകൾ ഉൾപ്പെടെ പ്രതിദിനം ജില്ലയിൽ 500-ഓളം ഉദ്യോഗാർത്ഥികളാണ് ലേണിംഗ് ടെസ്റ്റ്എഴുതാനെത്തുന്നത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആർ.ടി.ഒ ഓഫീസുകളിലെത്തിയ ആർക്കും പരീക്ഷയെഴുതാൻ സാധിച്ചില്ല. ടെസ്റ്റ് ആരംഭിച്ച് നാലോ അഞ്ചോ ചോദ്യങ്ങൾ പൂർത്തിയാകുമ്പോഴേക്കും സിസ്റ്റം ഹാങ്ങാവും. തുടർന്ന് പരീക്ഷ തുടരാനാകാതെ ടെസ്റ്റ് റദ്ദാക്കേണ്ടി വരുന്നു. ചില ദിവസങ്ങളിൽ ഒരു ടെസ്റ്റ് പോലും നടത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു. പരീക്ഷ മുടങ്ങുന്നതോടെ വീണ്ടും സ്ലോട്ട് ലഭിക്കാൻ ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കേണ്ടി വരുന്നതും ഉദ്യോഗാർത്ഥികളെ കൂടുതൽപ്രതിസന്ധിയിലാക്കുകയാണ്.സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നമാണ് ടെസ്റ്റുകൾ മുടങ്ങാൻ കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും സമാന പ്രശ്നം തുടരുകയാണെന്നും പരിഹരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് എപ്പോൾ പരിഹരിക്കപ്പെടുമെന്നതിൽ നിശ്ചയമില്ല. അതേ സമയം ലേണിംഗ് ടെസ്റ്റിനായി പല ആർ.ടി.ഒ ഓഫീസുകളിലും ഇപ്പോഴും പത്തുവർഷത്തിലേറെ പഴക്കമുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതും സേവനങ്ങൾ വെെകാൻ ഇടയാക്കുന്നു.






