തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ 120 താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. നാളെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. മലബാർ മേഖലയിൽ കഴിഞ്ഞ വർഷം അനുവദിച്ച താത്കാലിക ബാച്ചുകൾ ഈ വർഷവും തുടരാൻ തീരുമാനിച്ചിരുന്നെങ്കിലും സീറ്റ് പ്രതിസന്ധി മറികടക്കാനാകുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. 120 താത്കാലിക ബാച്ചുകൾ അനുവദിച്ചാൽ അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം നൽകാനാകും. അപേക്ഷിച്ച എല്ലാവർക്കും പ്ലസ് വൺ പ്രവേശനം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണമാണ് താത്കാലിക ബാച്ചുകളിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഈ ആവശ്യം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചിരുന്നു.
മൂന്നാമത്തെ അലോട്ട്‌മെന്റും കഴിഞ്ഞശേഷം തീരുമാനമെടുക്കാമെന്ന് ധാരണയിലെത്തി. മലബാർ മേഖലയിൽ പട്ടികജാതി, പട്ടിക വർഗം, സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കടക്കം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അർഹതപ്പെട്ട വിദ്യാർത്ഥികളില്ലാത്തതിനാൽ മൂന്നാമത്തെ അലോട്ട്‌മെന്റിൽ അവ മെരിറ്റ് സീറ്റുകളാക്കി മാറ്റിയിരുന്നു.
മൂന്നാമത്തേയും അവസാനത്തേയും അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറത്ത് 71 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. മറ്റു ജില്ലകളിൽ നിന്നുള്ള 8213 അപേക്ഷകരുൾപ്പെടെ 82,753 അപേക്ഷകളുണ്ട്. മെരിറ്റ് സീറ്റുകൾ ആകെ 57,428. എല്ലാവർക്കും പ്രവേശനം ലഭ്യമാക്കാനാണ് താത്കാലിക ബാച്ചുകളിലൂടെ ലക്ഷ്യമിടുന്നത്






